അന്ന് പറഞ്ഞ മറുപടിയാണ് പുള്ളിക്കാരന് ഇഷ്ടപ്പെടാൻ കാരണം; ഭർത്താവിനെ ആദ്യമായി കണ്ട ഓർമ്മ പുതുക്കി ഷംന
തെന്നിന്ത്യൻ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് സജീവമായ നടിയാണ് ഷംന കാസിം. മലയാളിയായ ഷംനയ്ക്ക് മലയാള സിനിമകളിൽ നിന്ന് ശ്രദ്ധേയ വേഷങ്ങൾ അധികം ലഭിച്ചില്ല. ചട്ടക്കാരി എന്ന സിനിമയിലാണ് വർഷങ്ങൾ നീണ്ട കരിയറിൽ ഷംനയ്ക്ക് മലയാളത്തിൽ ശ്രദ്ധേയ വേഷം ലഭിച്ചത്. കൂടുതലും ഡാൻസ് വേദികളിലാണ് ഷംനയെ പ്രേക്ഷകർ കണ്ടത്. കഴിവും സ്ക്രീൻ പ്രസൻസുമുണ്ടായിട്ടും എന്ത് കൊണ്ടാണ് ഷംനയ്ക്ക് മലയാളത്തിൽ നിന്ന് വേണ്ടത്ര അവസരങ്ങൾ ലഭിക്കാഞ്ഞതെന്ന് പലപ്പോഴും ചോദ്യം വന്നിട്ടുണ്ട്.
എന്നാൽ തമിഴ്, തെലുങ്ക് സിനിമകളിൽ നിന്ന് ഷംനയെ തേടി അവസരങ്ങൾ വന്നു. പ്രത്യേകിച്ചും തെലുങ്കിൽ നിന്നും. പൂർണ എന്ന പേരിലാണ് മറു ഭാഷകളിൽ ഷംന അറിയപ്പെടുന്നത്. നായികാ വേഷം, സഹ നായികാ വേഷം എന്നിവയെല്ലാം ഷംനയ്ക്ക് തെലുങ്കിൽ നിന്ന് ലഭിച്ചു. അടുത്തിടെ പുറത്തിറങ്ങിയ ദസറ എന്ന സിനിമയിലും ശ്രദ്ധേയ വേഷത്തിൽ ഷംനയെത്തി.

കീർത്തി സുരേഷ്, നാനി എന്നിവരായിരുന്നു ദസറയിലെ പ്രധാന കഥാപാത്രങ്ങൾ ചെയ്തത്. കരിയറിനപ്പുറത്ത് ഷംനയുടെ ജീവിതത്തിലിത് സന്തോഷങ്ങളുടെ കാലമാണ്. വിവാഹം, കുഞ്ഞ് തുടങ്ങി ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് ഷംന കടന്നു. ദുബായിൽ സ്ഥാപനം നടത്തുന്ന ഷാനിദ് ആസിഫലിയാണ് ഷംനയുടെ ഭർത്താവ്. 2022 ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം.
സോഷ്യൽ മീഡിയയിൽ ഷംന പങ്കുവെച്ച വീഡിയയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആദ്യമായി ഭർത്താവിനെ കണ്ട ദിവസത്തിന്റെ ഓർമ്മ പുതുക്കിയിരിക്കുകയാണ് ഷംന. ഭർത്താവിന് റോസാപ്പൂക്കൾ നൽകി കെട്ടിപ്പിടിച്ചാണ് ഷംന ഈ സന്തോഷം പങ്കുവെച്ചത്. ഒപ്പം ആദ്യമായി ഷാനിദിനൊപ്പം വേദിയിൽ നിന്ന ഒരു ഫോട്ടോയും വീഡിയോയ്ക്ക് അവസാനം കാണിക്കുന്നുണ്ട്. നിരവധി പേരാണ് ഷാനിദിനും ഷംനയ്ക്കും ആശംസകളുമായെത്തിയത്. കഴിഞ്ഞ വർഷം ജൂൺ മാസത്തിലാണ് ഷംനയുടെയും ഷാനിദിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്.
ദുബായിലെ ഒരു പരിപാടിക്കിടെയാണ് ഷംന കാസിം ഷാനിദിനെ ആദ്യമായി നേരിട്ട് പരിചയപ്പെടുന്നത്. അതിന് മുമ്പ് ഗോൾഡൻ വിസയുമായി ബന്ധപ്പെട്ട് ഫോണിൽ സംസാരിച്ചിരുന്നു. ഷാനിദ് സംഘടിപ്പിച്ച പരിപാടിയിൽ അതിഥിയായെത്തിയതായിരുന്നു ഷംന. ഈ കൂടിക്കാഴ്ചയിലാണ് രണ്ട് പേർക്കുമിടയിൽ പ്രണയം ഉടലെടുക്കുന്നത്.

തങ്ങളുടെ അന്നത്തെ സംഭാഷണത്തെക്കുറിച്ച് ഷംന സംസാരിച്ചിരുന്നു. കസിൻസൊക്കെ ദുബായിലില്ലേ വേണമെങ്കിൽ അവിടെ താമസമാെരുക്കാമെന്ന് ഇക്ക പറഞ്ഞു. എന്നാൽ ആരുണ്ടായാലും മമ്മിയില്ലാതെ വരില്ലെന്നാണ് അന്ന് നൽകിയ മറുപടി. അതാണ് പുള്ളിക്കാരന് ഇഷ്ടമായത്.
അക്കാര്യം തന്നോട് എപ്പോഴും പറയുമെന്നും ഷംന മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. തനിക്കാണ് ഷാനിദിനോട് ആദ്യം ഇഷ്ടം തോന്നിയതെന്നും ഷംന പറഞ്ഞു. ഇങ്ങനെ ഒരു ഇഷ്ടമുണ്ടെന്ന് പറഞ്ഞപ്പോൾ എന്നോട് ചോദിച്ചത് ഷംനയ്ക്ക് എന്നെക്കുറിച്ച് എല്ലാം അറിയുമോ, കമ്പനി കണ്ടിട്ടുണ്ടോ എന്നൊക്കെയാണ്.
കമ്പനിയല്ല ഇഷ്ടപ്പെട്ടത് ഇയാളെയാണെന്നാണ് അന്ന് നൽകിയ മറുപടി. തന്റെ സിനിമാ കരിയറിൽ കുഴപ്പമില്ലാത്ത ആളായിരിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ എന്നും ഷംന അന്ന് വ്യക്തമാക്കി. ഷാനിദിന്റെ കുടുംബത്തിൽ നിന്നും വലിയ പിന്തുണയാണ് തനിക്ക് ലഭിക്കുന്നതെന്നും നടി പറഞ്ഞിരുന്നു.
വിവാഹത്തിന് തൊട്ടുപിന്നാലെ ഷംന ഗർഭിണിയാണെന്ന വാർത്തയാണ് പുറത്ത് വന്നത്. ഷംന വിവാഹത്തിന് മുമ്പേ ഗർഭിണിയാണെന്ന് ഗോസിപ്പുകളും ഇതിനിടെ പരന്നു. ഇതോടെ നടി ഇക്കാര്യത്തിൽ വ്യക്തത വരുത്തി. നിക്കാഹ് കഴിഞ്ഞ ശേഷം ലിവിംഗ് ടുഗെദറിലായിരുന്നെന്ന് ഷംന പറഞ്ഞു. ഹംദാൻ ആസിഫ് അലിയെന്നാണ് മകന് ഷംനയും ഭർത്താവും നൽകിയിരിക്കുന്ന പേര്. കുഞ്ഞിനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ കഴിഞ്ഞ ദിവസം ഷംന പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications