മമ്മൂട്ടിയെ നോക്കി അത് പറയാന്‍ ശരിക്കും കഷ്ടപ്പെട്ടു! ആ ഭയം ഇപ്പോഴും മാറിയിട്ടില്ലെന്ന് ഷംന കാസിം!
മെഗാസ്റ്റാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. തിരക്കഥാകൃത്ത് കൂടിയായ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം കൂടിയാണിത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം നാടന്‍ കഥാപാത്രമായി എത്തുന്നത്. കൃഷ്ണപുരം ഗ്രാമത്തിലെ ഹരി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
ജാക്കറ്റും കൂളിങ് ഗ്ലാസുമില്ലാതെയും മാസ്സാവാമെന്ന് മമ്മൂട്ടി തെളിയിച്ചിരിക്കുകയാണ്. മൂന്ന് നായികമാരാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. അനു സിത്താര സഹോദരിയുടെ വേഷത്തില്‍ എത്തുമ്പോള്‍ നായികയായി എത്തുന്നത് റായ് ലക്ഷ്മിയാണ്. മറ്റൊരു സുപ്രധാന കഥാപാത്രമായി എത്തുന്നത് ഷംന കാസിമാണ്. നീനയെന്ന പോലീസ് ഓഫീസറായാണ് താരമെത്തുന്നത്. ഈ കഥാപാത്രത്തിലേക്ക് തന്നെ നിര്‍ദേശിച്ചത് മമ്മൂക്കയാണെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് സിനിമയുടെ ചിത്രീകരണത്തിനിടയിലെ കൂടുതല്‍ അനുഭവങ്ങള്‍ തുറന്നുപറഞ്ഞത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്.

പോലീസ് ഓഫീസറായി അഭിനയിച്ചു
സിനിമാജീവിതത്തില്‍ ഏറെ വ്യത്യസ്തമായ കഥാപാത്രവുമായാണ് ഷംന കാസിം എത്തുന്നത്. പോലീസ് വേഷത്തില്‍ അഭിനയിച്ചാല്‍ ശരിയാവുമോയെന്ന ആശങ്കയുണ്ടായിരുന്നു. സംവിധായകനും താരങ്ങളുമടക്കം എല്ലാവരും ശക്തമായ പിന്തുണയാണ് നല്‍കിയതെന്നും താരം പറയുന്നു. ഡയലോഗ് മാത്രമേ തനിക്കുള്ളൂവെന്നും ഫൈറ്റ് സ്വീക്വന്‍സൊന്നുമില്ലെന്നും ഷംന പറയുന്നു.

ഡയലോഗ് പറയാന്‍ പാടുപെട്ടു
മമ്മൂട്ടിയെ നോക്കി ഒരു ഡയലോഗ് പറയാന്‍ താന്‍ വല്ലാതെ ബുദ്ധിമുട്ടിയിരുന്നുവെവന്ന് ഷംന പറയുന്നു. എഴുന്നേല്‍ക്കെടോ എന്നായിരുന്നു ആ ഡയലോഗ്. ഇത് പറയാനാവില്ലെന്ന് തുടക്കത്തില്‍ പറഞ്ഞപ്പോള്‍ തന്റെ കഥാപാത്രമാണ് അങ്ങനെ പറയുന്നതെന്നും അതില്‍ പ്രത്യേകിച്ച് ഭയപ്പെടേണ്ടതില്ലെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് മമ്മൂട്ടിയും അതില്‍ കുഴപ്പമൊന്നുമില്ലെന്നും പറഞ്ഞ് ധൈര്യം നല്‍കിയതോടെയാണ് ആ രംഗം പൂര്‍ത്തിയാക്കിയതെന്നും താരം വ്യക്തമാക്കുന്നു.

ആ വേഷത്തിലേക്ക് നിര്‍ദേശിച്ചത്
സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ക്കിടയില്‍ മമ്മൂട്ടിയായിരുന്നു ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തന്റെ പേര് നിര്‍ദേശിച്ചത്. ഇത് അറിഞ്ഞപ്പോള്‍ തനിക്ക് സന്തോഷം തോന്നിയിരുന്നു. തന്റെ കഥാപാത്രം വിജകരമായതിന്റെ സകലമാന ക്രഡിറ്റും അദ്ദേഹത്തിനാണ് നല്‍കുന്നതെന്നും താരം പറയുന്നു. നേരത്തെ പേരന്‍പിലേക്ക് നായികയായി അ#്ജലി അമീറിനെ നിര്‍ദേശിച്ചതും മെഗാസ്റ്റാറായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ സംവിധായകര്‍ സ്വീകരിക്കാറുമുണ്ട്.

ഡ്രൈവിങ്ങിനെക്കുറിച്ച് അറിഞ്ഞപ്പോള്‍
വാഹനപ്രേമത്തിന്റെ കാര്യത്തില്‍ മമ്മൂട്ടിയും ദുല്‍ഖറും ഏറെ മുന്നിലാണ്. ഇവരുടെ ഈ ക്രേസിനെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. വാഹനത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഡ്രൈവിങ്ങിലും അദ്ദേഹം പുലിയാണെന്ന് കേട്ടിട്ടുണ്ടെങ്കിലും അത് അനുഭവിച്ചത് സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നുവെന്നും താരം പറയുന്നു. അദ്ദേഹത്തിനൊപ്പം കാറില്‍ സഞ്ചരിക്കുന്ന രംഗത്തില്‍ കാറോടിച്ചത് അദ്ദേഹം തന്നെയായിരുന്നു.

വേഷത്തിന് പറ്റിയ ഹെയര്‍കട്ട്
തണിവ് ചിത്രത്തിന് വേണ്ടിയായിരുന്നു ഷംന കാസിം മുടി മുറിച്ചത്. ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചാണ് താരം പുതിയ ചിത്രം പുറത്തുവിട്ടത്. നേരത്തെ തന്നെ മുടി മുറിച്ചതിനാല്‍ പോലീസ് വേഷം അവതരിപ്പിക്കാന്‍ എളുപ്പമായിരുന്നു. ഉയരക്കുറവ് പണിയാവുമോയെന്നായിരുന്നു പിന്നീട് ചിന്തിച്ചത്. അങ്ങനയെങ്കില്‍ ഇടയ്ക്ക് ജീന്‍സും ഷര്‍ട്ടും മതിയെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. എന്നാല്‍ ആ വേഷം അണിഞ്ഞെത്തിയപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടമാവുകയും അത് തുടരാന്‍ തീരുമാനിക്കുകയുമായിരുന്നു.

പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷ
തന്റെ പുതിയ കഥാപാത്രത്തെയും ചിത്രത്തെയും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും താരം പറയുന്നു. ഈ ഓണത്തിന് തിയേറ്ററുകളിലേക്കെത്താനിരുന്ന സിനിമയായിരുന്നു ഇത്. അപ്രതീക്ഷിതമായെത്തിയ പ്രളയത്തെത്തുടര്‍ന്നാണ് റിലീസുകളെല്ലാം മാറ്റിയത്. ഇതോടെ ഈ സിനിമയുടെ റിലീസും സെപ്റ്റംബറിലേക്ക് മാറ്റുകയായിരുന്നു.


Click it and Unblock the Notifications