നിങ്ങളുടെ വിജയത്തെ കണ്ട് അസൂയപ്പെടുന്നവർ, മറുപടി പറയാൻ തിടുക്കപ്പെടരുത്; കുറിപ്പുമായി ഷംന കാസിമിന്റെ ഭർത്താവ്
സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് നടിയും നർത്തകിയുമായ ഷംന കാസിം. ഭർത്താവ് ഷാനിദ് ആസിഫ് അലിക്കും രണ്ട് മക്കൾക്കുമൊപ്പം ദുബായിലാണ് ഷംന ഇന്ന് കഴിയുന്നത്. ഷൂട്ടിനായി ഇടയ്ക്ക് നാട്ടിലെത്താറുണ്ട്. ഷംനയുടെ ഭർത്താവ് ഷാനിദ് സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
നമ്മളെ കുറിച്ച് ആരെങ്കിലും സംസാരിക്കുമ്പോൾ. മറുപടി പറയാൻ തിടുക്കപ്പെടരുത്. കാരണം ചിലപ്പോൾ നിങ്ങളെ കുറ്റപ്പെടുത്തുന്നവൻ തന്നെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റുകൾ മറച്ചുവെച്ച് ജീവിക്കുന്നവനായിരിക്കും. സ്വന്തം കാലിലെ മന്ത് പോലും കാണാതെ, മറ്റുള്ളവന്റെ കാലിലെ മാന്ത് എണ്ണി നടക്കുന്നവർ ഈ ലോകത്ത് കുറവല്ല.

നിങ്ങളെ കുറിച്ച് കള്ളങ്ങൾ പറയുന്നവരുണ്ടാകും. നിങ്ങളുടെ വിജയത്തെ കണ്ട് അസൂയപ്പെടുന്നവരുണ്ടാകും. നിങ്ങളുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്നവരുണ്ടാകും. പക്ഷേ ഓർക്കുക,എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയേണ്ട ബാധ്യത നിങ്ങൾക്കില്ല. ചിലർക്ക് മറുപടി കൊടുക്കുന്നതിലും നല്ലത്, അവരെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ച് മുന്നോട്ട് നടക്കുന്നതാണ്. കാരണം, നിങ്ങളുടെ വിജയം അവർക്ക് കേൾക്കാൻ ഇഷ്ടമില്ലാത്ത ഏറ്റവും വലിയ മറുപടിയാണ്. മൗനം ദൗർബല്യമല്ല. മൗനം ആത്മവിശ്വാസമാണ്. സംസാരിക്കുന്നവരെ സംസാരിക്കാൻ വിടൂ. നിങ്ങൾ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് നടക്കൂ. അവസാനം ജയിക്കുന്നത് വാക്കുകളല്ല, പ്രവർത്തികളാണ്-ഷാനിദ് ആസിഫലിയുടെ കുറിപ്പിങ്ങനെ.
തന്നെക്കുറിച്ച് പല കഥകളുമുണ്ടെന്ന് വിവാഹത്തിന് മുമ്പേ ഷാനിദ് ഷംന കാസിമിനോട് പറഞ്ഞതാണ്.
എന്റെ പശ്ചാത്തലം എല്ലാം ഞാൻ പറഞ്ഞതാണ്. എന്റെ വാശിപ്പുറത്താണ് ഇവിടെ എത്തിയത്. ഇപ്പോൾ ഈ കാണുന്ന കന്തൂറയിട്ട ഷാനിദായിരുന്നില്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഇവിടെ (ദുബായിൽ) ജോലിക്ക് വന്നയാളാണ്. അവിടെ നിന്നും ഇവിടെ വരെ എത്തണമെങ്കിൽ അത്യാവശ്യം ചീത്തപ്പേര് നേടിയെടുത്തിട്ടുണ്ടാകും. ഈ ഫീൽഡിൽ അങ്ങോട്ടും ഇങ്ങോട്ടും പാരകളുണ്ട്. ഷാനിദ് എന്ന വ്യക്തിക്ക് നല്ല പേരില്ല ഞാൻ ആദ്യമേ പറഞ്ഞതാണ്. ആളുകൾ പറഞ്ഞുണ്ടാക്കുന്നതാണെന്ന് ഷാനിദ് ആസിഫ് അലി ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
വിവാഹക്കാര്യം അനൗൺസ് ചെയ്തപ്പോൾ നല്ല ന്യൂസുകളുണ്ടായിരുന്നു. അതേസമയം എന്നെക്കുറിച്ച് നെഗറ്റീവ് പറയാൻ കുറേ ആളുകളുണ്ടായിരുന്നു. എന്റെ ഫോണിൽ ഇക്കയെക്കുറിച്ച് നെഗറ്റീവ് വരുന്നു. രണ്ട് ഫാമിലിക്കും അത് സ്ട്രസ്ഫുളായിരുന്നെന്ന് ഷംന കാസിമും അന്ന് പറഞ്ഞു.
കല്യാണമെന്ന് പറയുമ്പോൾ ഉള്ളിൽ ഭയമുണ്ടായിരുന്നു. കാരണം സിനിമാ രംഗത്ത് എന്റെ സുഹൃത്തുക്കളിൽ പലരും ഡിവോഴ്സായി. അവർക്കിടയിൽ പ്രശ്നമായത് വർക്കാണ്. സിനിമ വിടാൻ പറ്റില്ലെന്ന് എനിക്കുറപ്പായിരുന്നു. എന്റെ ഉമ്മയെ പോലെ എന്നെ സപ്പോർട്ട് ചെയ്യുന്ന ആളാണ്. ഒരു മുസ്ലിമിനെ വിവാഹം ചെയ്ത് ദുബായിലേക്ക് പോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. താൻ ജീവിതത്തിൽ കണ്ട ഏറ്റവും നല്ല വ്യക്തിയാണ് ഭർത്താവ്. ഡെലിവറി കഴിഞ്ഞ് 15 ദിവസത്തിനുള്ളിൽ ഞാൻ വർക്കിന് പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ പിന്തുണ കൊണ്ടാണത് സാധിച്ചതെന്നും ഷംന കാസിം അന്ന് പറഞ്ഞു.


Click it and Unblock the Notifications

