'ഒരു ദിവസം ഉറങ്ങിയതാണ്, പിറ്റേന്ന് എഴുന്നേറ്റില്ല; ആറ് മാസം വീട്ടിലിരുന്ന ഉമ്മച്ചി പുറത്തിറങ്ങിയപ്പോൾ'
മലയാള സിനിമയിലെ യുവ നിരയിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷകളുള്ള നടനാണ് ഷെയ്ൻ നിഗം. അഭിനയിച്ച സിനിമകളിലെല്ലാം ശ്രദ്ധേയ പ്രകടനം നടൻ കാഴ്ച വെച്ചു. ആർഡിഎക്സ് എന്ന സിനിമ വൻ ഹിറ്റായതോടെ ഷെയ്നിന്റെ ജനപ്രീതി കൂടി. എന്നാൽ കരിയറിൽ ഒന്നിലേറെ തവണ ഷെയ്ൻ നിഗം വിവാദത്തിൽ അകപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും ആർഡിഎക്സിന്റെ ചിത്രീകരണ സമയത്ത് നടനെതിരെ ആരോപണങ്ങൾ വന്നു. വിഷമ ഘട്ടങ്ങളിലെല്ലാം ഷെയ്നിന് ആശ്വാസമുണ്ടായിരുന്നത് നടന്റെ അമ്മ സുനിലയാണ്.
അച്ഛൻ നടൻ അബിയുടെ മരണ ശേഷം അമ്മയ്ക്ക് വന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഷെയ്ൻ നിഗമിപ്പോൾ. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്. ഉമ്മച്ചിയുടെ ജീനിൽ അതുണ്ട്. ഉമ്മച്ചിയെ സ്നേഹിച്ചാലാണ് വീക്ക് ആവുക. എതിരെ പോയാൽ ഉമ്മച്ചി വളരെ ശക്തയാണ്. ചെറിയ ശക്തിയല്ല അത്. ഇന്നേ വരെ അങ്ങനെയൊരു ശക്തി എവിടെയും കണ്ടിട്ടില്ല.

ഞങ്ങൾ ഒരു മനുഷ്യരാണെന്ന് തോന്നുന്നു. ജീവിതത്തിലെ എല്ലാ കാര്യത്തിലും ഉമ്മച്ചിയുണ്ട്. ഉമ്മച്ചിയോട് പറയണമല്ലോ എന്ന കടമയൊന്നുമല്ല. അങ്ങനെയാണ്. ജീവിച്ചിരിക്കുന്ന ലോകത്ത് ഞാൻ കാണുന്ന ദൈവം എനിക്ക് ഉമ്മ തന്നെയാണ്. അങ്ങനെ ആയിപ്പോയി. ലോകത്ത് വേറെ ആരും അത്ര മാത്രം ഞാൻ നന്നാകണമെന്ന് ആഗ്രഹിക്കുന്നില്ല. അതുറപ്പാണെന്നും ഷെയ്ൻ നിഗം വ്യക്തമാക്കി. ഉമ്മച്ചി വാപ്പിച്ചിയുടെ മരണം വരെ കുറച്ചൊന്ന് ഒതുങ്ങി വീട്ടിലെ കാര്യങ്ങൾ മാത്രം ചെയ്ത് കൊണ്ടിരുന്ന വീട്ടമ്മയായിരുന്നു.
2014 ൽ ഒരു ബ്യൂട്ടീക് തുടങ്ങി. അത് സ്വന്തമായി നടത്താൻ ശ്രമിച്ച് കൊണ്ടിരുന്ന സമയം. ഞാൻ പടത്തിലും അഭിനയിച്ച് തുടങ്ങി. പിന്നെയുള്ള രണ്ട് കൊല്ലം എന്താണെന്നുള്ളത് എനിക്കിപ്പോഴും ഓർത്തെടുക്കാൻ പറ്റുന്നില്ല. കാരണം ഭയങ്കര ട്രോമാറ്റിക്കായിരുന്നു. പുറത്ത് ഞാൻ സന്തോഷത്തോടെ പെരുമാറിയെങ്കിലും ഇൻസെക്യൂർഡ് ആയിരുന്നു. ഉമ്മയും വീണ് പോയി.

കാരണം പ്രതീക്ഷിക്കുന്നില്ലല്ലോ. ഒരു ദിവസം രാത്രി ഉറങ്ങിയതാണ്. ഉറങ്ങി രാവിലെ എഴുന്നേറ്റില്ല. ഇപ്പോൾ ഉറങ്ങാൻ കിടക്കുമ്പോൾ രാവിലെ എഴുന്നേൽക്കുമോ എന്നറിയില്ല. അങ്ങനെയൊരു കാഴ്ചപ്പാട് കൂടി തന്നു. ആറ് മാസത്തോളം വീട്ടിലിരുന്ന് ഉമ്മച്ചി പുറത്തേക്ക് ഇറങ്ങിയത് ഫുൾ പവറിലാണ്. ആ വീട്ടിൽ ഇപ്പോഴും ഉമ്മയെ നിർത്തിയിട്ടില്ല. ഇപ്പോഴും കടയും എന്റെ ഫോൺ കോളുകളുമെല്ലാം നോക്കുന്നു. എല്ലാം ചെയ്യും.
ചിലപ്പോൾ സ്ക്രിപ്റ്റ് ഒരുമിച്ചിരുന്ന് വായിക്കും. പല കാര്യങ്ങളിലും തന്റെ ഉമ്മ ഇടപെടാറുണ്ടെന്നും ഷെയ്ൻ നിഗം വ്യക്തമാക്കി. കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി തോന്നുന്നില്ല. എന്റെ നീതിക്ക് ഞാൻ ജീവിക്കുന്നുണ്ട്. എന്റെ നീതിക്ക് അവരെ നോക്കാൻ പറ്റുന്ന എല്ലാ കാര്യങ്ങളും നോക്കുന്നുണ്ട്. ഇത്രയും കാലം ജീവിച്ചതിന്റെ എത്തിക്സിലാണ് താൻ മുന്നോട്ട് പോകുന്നതെന്നും ഷെയ്ൻ നിഗം വ്യക്തമാക്കി.


Click it and Unblock the Notifications