ആദ്യത്തെ നാല് ദിവസം ഞാൻ കൃത്യമായി സെറ്റുകളിലെത്തും, പിന്നീട് വെെകുന്നതിന് കാരണം: ഷെയിൻ നിഗം
കരിയറിൽ വലിയ തിരിച്ചടി നേരിടേണ്ടി വന്ന നടനാണ് ഷെയിൻ നിഗം. ഒന്നിലേറെ തവണയുണ്ടായ വിവാദങ്ങളാണ് ഇതിന് പ്രധാന കാരണം. സെറ്റിൽ അച്ചടക്കം പാലിക്കാത്ത നടൻ, ഷൂട്ടിംഗിന് തടസമുണ്ടാക്കുന്നു, സിനിമയിൽ വീട്ടുകാരുടെ ഇടപെടൽ തുടങ്ങിയ ആരോപണങ്ങൾ ഷെയിൻ നിഗത്തിനെതിരെ വന്നിട്ടുണ്ട്. വെയിൽ, ആർഡിഎക്സ് എന്നീ സിനിമകളുടെ നിർമാതാക്കൾ ഷെയിനിനെതിരെ പരാതി നൽകി. പിന്നീട് ഈ പ്രശ്നങ്ങൾ സിനിമാ സംഘടനകൾ ഇടപെട്ട് പരിഹരിക്കുകയാണുണ്ടായത്.
അച്ചടക്കമില്ലാത്ത നടനെന്ന വിമർശനത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ഷെയിൻ നിഗം. ഇന്ത്യൻ എക്സ്പ്രസുമായുള്ള അഭിമുഖത്തിൽ സംസാരിക്കവെയാണ് പരാമർശം. ആദ്യത്തെ നാല് ദിവസം നമ്മൾ അവർ പറയുന്ന സമയത്ത് കൃത്യമായി എത്തും. ഈ നാല് ദിവസം കൃത്യമായി വന്നാൽ എപ്പോഴാണ് അവരുടെ ഒരു ഷോട്ട് ഏകദേശം ആകുകയെന്ന് നമുക്ക് മനസിലാകും. ചില പടങ്ങളിൽ നമ്മൾ വന്ന് ഒരു മണിക്കൂറിനുള്ളിൽ ഷോട്ടിന് വിളിക്കും. കോസ്റ്റ്യൂമിട്ടതിന് ശേഷം ഒരു വെയ്റ്റിംഗ് ഉണ്ടാകും.

എനിക്ക് അവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല. പക്ഷെ മേക്കപ്പും കോസ്റ്റ്യൂമും ഇട്ട് സീൻ എന്റെ തലയിൽ കൂടെ പോയിക്കൊണ്ടിരിക്കും. അത് പെർഫോം ചെയ്യണം. കുറേ നേരം അവിടെ ഇരുത്തിക്കഴിയുമ്പോൾ അത് ആറിപ്പോകും. അതാണ് ഞാൻ പറയുന്ന കൺസേൺ. യൂറിൻ പാസ് ചെയ്യാൻ തോന്നുന്നത് പോലെ.
ഇമോട്ട് ചെയ്തേ പറ്റൂ എന്ന് തോന്നും. ഇവിടെ 10-15 മിനുട്ട് വെെകിയാലും പ്രശ്നമില്ലെന്ന് പിന്നെ നമുക്ക് മനസിലാകും.പ്രശ്നങ്ങൾ വന്നിരിക്കുന്നത് രണ്ടോ മൂന്നോ സിനിമകളിലാണ്. ബാക്കി സിനിമകളിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. സെറ്റുകളിൽ പോയിട്ടുണ്ട്. അച്ചക്കമില്ലെന്ന ആരോപണം ഉന്നയിക്കും മുമ്പ് അവിടെ എന്താണ് നടന്നതെന്ന് അന്വേഷിക്കണമെന്നും ഷെയിൻ നിഗം പറയുന്നു.

ആർഡിഎക്സ് ആണ് ഷെയിൻ നിഗത്തിന് മലയാളത്തിൽ ലഭിച്ച ഒടുവിലത്തെ ഹിറ്റ് സിനിമ. ഇന്ന് തമിഴകത്തും നടൻ സജീവമാണ്. അന്തരിച്ച നടൻ അബിയുടെ മകനാണ് ഷെയ്ൻ നിഗം. ഷെയിൻ അച്ഛന്റെ പാത പിന്തുടർന്ന് സിനിമാ ലോകത്തേക്ക് കടന്ന് വന്നപ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകളേറെയായിരുന്നു. സ്റ്റേജ് ഷോകളിൽ തിളങ്ങിയ അബിക്ക് പക്ഷെ സിനിമകളിൽ വലിയ അവസരങ്ങൾ ലഭിച്ചിരുന്നില്ല. അബിത്ത് കരിയറിൽ ലഭിക്കാതെ പോയ അംഗീകാരങ്ങൾ ഷെയ്നിന് ലഭിക്കുമെന്ന് പലരും പ്രതീക്ഷിച്ചു. എന്നാൽ തുടക്ക കാലം മുതൽ ഷെയിൻ വിവാദങ്ങളിലാണ്.
ഷെയ്നിനോട് തനിക്ക് ഇപ്പോൾ ദേഷ്യമില്ലെന്നും വെയിൽ സിനിമയുടെ നിർമാതാവ് ജോബി ജോർജ് പറഞ്ഞിരുന്നു. നാലേ മുക്കാൽ കോടിയിലേറെ മുടക്കി എടുക്കുന്ന ചിത്രമാണ് വെയിൽ. ചിത്രീകരണത്തിൽ നിന്നും ഷെയിൻ ഒഴിഞ്ഞ് മാറുന്നു. 30 ലക്ഷം രൂപയോളം പ്രതിഫലമായി കൊടുത്തതാണ്. ഇപ്പോൾ 40 ലക്ഷം ചോദിക്കുന്നെന്നാണ് അന്ന് ജോബി ജോർജ് ഷെയിനിനെതിരെ ആരോപിച്ചത്. ചിത്രീകരണത്തെ ബാധിക്കുന്ന രീതിയിൽ ഹെയർ സ്റ്റെെൽ മാറ്റിയതും പ്രശ്നത്തിന് കാരണമായി.


Click it and Unblock the Notifications











