ആൻഡ്രിയയ്ക്ക് അന്ന് ഞാൻ നല്ലൊരു അടി കൊടുത്തു, പിന്നീട് സോറി പറഞ്ഞു, അഭിനയം അറിയില്ലായിരുന്നു; ഷെയ്ൻ നിഗം
കേവലമൊരു പ്രണയകഥയ്ക്ക് അപ്പുറം ജീവിതയാഥാർഥ്യങ്ങൾ വർണ്ണ ചേരുവകളില്ലാതെ വരച്ച് കാട്ടിയ സിനിമയായിരുന്നു അന്നയും റസൂലും. ആത്മാവിൽ തൊട്ട സിനിമകളുടെ ഗണത്തിലാണ് അന്നയും റസൂലിനെ മലയാളികൾ ഉൾപ്പെടുത്തിയിരിക്കുന്നത്. പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത സിനിമ സംവിധാനം ചെയ്തത് രാജീവ് രവിയായിരുന്നു. ഫഹദ് ഫാസിൽ നായകനായ സിനിമയിൽ നായിക തെന്നിന്ത്യൻ സുന്ദരി ആൻഡ്രിയ ജെറമിയ ആയിരുന്നു.
ഫഹദ് ഫാസിലിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെയാണ് ഇപ്പോഴും റസൂൽ. സിനിമയിൽ മറ്റൊരു പ്രധാന വേഷം ചെയ്തത് നടൻ ഷെയ്ൻ നിഗമായിരുന്നു. ഷെയ്നിന്റെ തുടക്കകാലത്ത് സംഭവിച്ച ചിത്രം കൂടിയായിരുന്നു ഇത്. അന്ന് പതിനഞ്ച് വയസ് മാത്രമെ നടന് പ്രായമുണ്ടായിരുന്നുള്ളു. ആൻഡ്രിയയുടെ സഹോദരന്റെ കഥാപാത്രമാണ് ഷെയ്ൻ അവതരിപ്പിച്ചത്.

ഇപ്പോഴിതാ സിനിമയുടെ ഭാഗമായപ്പോൾ തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഷെയ്ൻ. നടൻ ആദ്യ തമിഴ് സിനിമയായ മദ്രാസ്‍കാരന്റെ പ്രമോഷന്റെ ഭാഗമായി റെഡ് എഫ് എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയായിരുന്നു വെളിപ്പെടുത്തൽ. ജീവിതത്തിലുണ്ടായിട്ടുള്ളതിൽ ഏറ്റവും ലജ്ജിച്ച നിമിഷം ഏതായിരുന്നുവെന്ന് അവതാരകൻ ചോദിച്ചപ്പോഴാണ് അനുഭവം ഷെയ്ൻ തുറന്ന് പറഞ്ഞത്.
അന്നയും റസൂലിന്റെയും സമയത്ത് അഭിനയിക്കാൻ അറിയില്ലായിരുന്നുവെന്നും അതിനാൽ താൻ ആൻഡ്രിയയെ യഥാർത്ഥത്തിൽ അടിച്ചുവെന്നാണ് ഷെയ്ൻ നിഗം പറഞ്ഞത്. അന്നയും റസൂലും സിനിമയിൽ ആൻഡ്രിയയെ കയ്യിൽ പിടിച്ചിറക്കി കൊണ്ടുവന്ന് മറ്റൊരു വീട്ടിലെത്തിക്കുന്ന സീനുണ്ട്.
അതിന് മുമ്പ് പിടിച്ചടിക്കുന്ന സീനിൽ ഞാൻ ആൻഡ്രിയയ്ക്ക് കവിളിൽ നല്ലൊരു അടി കൊടുത്തിരുന്നു. അഭിനയം എങ്ങനെയാണുന്നുള്ള കാര്യങ്ങളൊന്നും എനിക്ക് ആ സിനിമയുടെ സമയത്ത് അറിയില്ല. അടിക്കാൻ പറഞ്ഞപ്പോൾ ഞാൻ നല്ലൊരു അടി കൊടുത്തു. അപ്പോഴെ എന്റെ കയ്യിൽ നിന്നും എല്ലാം പോയി. പിന്നീടാണ് പിടിച്ച് വലിക്കുന്ന സീൻ. അത് ചെയ്യുന്നതിനിടയിൽ ആൻഡ്രിയയുടെ ശരീരമൊക്കെ ഉരച്ചൊക്കെയാണ് ഞാൻ കൊണ്ടുവന്നത്.
ഇതിനെല്ലാം ശേഷം ആൻഡ്രിയ മാറിയിരുന്ന് കരയുന്നതായിട്ടൊക്കെ എനിക്ക് തോന്നി. വൈകാരികമായി ഞാൻ അഭിനയിച്ച് പോയതാണ്. ശേഷം ഞാൻ ആൻഡ്രിയയോട് സോറി പറഞ്ഞു. അവർ എന്നോട് അതിന്റെ പേരിൽ ഒന്നും കാണിച്ചിട്ടില്ല. നോർമലായി തന്നെയാണ് പെരുമാറിയത്.

പക്ഷെ എനിക്ക് മനസിലായിരുന്നു. അപ്പോൾ നമുക്ക് ഒരു വിഷമം വരും അതാണ് എനിക്ക് ജീവിതത്തിൽ ലജ്ജകരമായി തോന്നിയ ഒരു സംഭവം എന്നാണ് ഷെയ്ൻ പറഞ്ഞത്. അതേസമയം മദ്രാസ്‍കാരൻ തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. ചിത്രത്തിൽ തെലുങ്ക് നടി നിഹാരികയാണ് ഷെയ്‍ൻ നിഗത്തിന്റെ നായികയായി എത്തിയത്. സംവിധാനം വാലി മോഹൻ ദാസാണ് നിർവഹിച്ചത്.
തമിഴിലെ അരങ്ങേറ്റം പ്രകടനത്തില്‍ മലയാളി താരം ഗംഭീരമാക്കിയെന്നാണ് അഭിപ്രായങ്ങള്‍. മലയാളത്തില്‍ ഷെയ്‍ൻ നിഗത്തിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം ലിറ്റില്‍ ഹാര്‍ട്‍സ് ഹിറ്റായില്ലെങ്കിലും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.


Click it and Unblock the Notifications











