മുടി വെട്ടിയതോടെ ഞാൻ പാനിക്കായി, കണ്ണാടിയിൽ നോക്കിയിട്ട് എന്നെ കിട്ടുന്നില്ല; അന്ന് അറിയില്ലായിരുന്നു: ഷെയിൻ
വിവാദങ്ങൾ കരിയറിനെ സാരമായി ബാധിച്ച നടനാണ് ഷെയിൻ നിഗം. കരിയറിൽ ഉയർച്ചയിൽ നിന്ന സമയത്താണ് ഷെയിൻ ഒന്നിലേറെ തവണ വിവാദത്തിലായത്. ഒരു ഘട്ടത്തിൽ സിനിമാ സംഘടനകൾ ഷെയിനിനെ വിലക്കുക പോലും ചെയ്തു. സെറ്റിലെ മോശം പെരുമാറ്റം, നിർമാതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തുടങ്ങിയവയാണ് ഷെയ്നിനെതിരെ വന്ന ആരോപണങ്ങൾ. മികച്ച നടനായിട്ടും ഷെയിൻ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നു എന്ന വിലയിരുത്തൽ സിനിമാ ലോകത്തുണ്ടായി. ഇന്ന് മാറ്റത്തിന്റെ പാതയിലാണ് ഷെയിൻ. വിവാദങ്ങളുണ്ടാകാതിരിക്കാൻ നടൻ പരമാവധി ശ്രമിക്കുന്നു.
ദൃഡം ആണ് ഷെയിന്റെ പുതിയ സിനിമ. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ഷെയിൻ. ബെർക് ഷിർ ഡ്രീംഹൗസിന് നൽകിയ അഭിമുഖത്തിൽ ഷെയിൻ നിഗം തന്റെ കരിയറിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മാനസികമായി വല്ലാതെ ബാധിച്ച പടം ഭൂതകാലമാണ്. ഫിസിക്കൽ എഫെർട്ട് വേണ്ടി വന്ന സിനിമ ആർഡിഎക്സും ബാൾട്ടിയുമാണ്. ഇഷ്ക് എന്ന സിനിമയൊക്കെ ചെയ്ത സമയത്ത് ക്യാരക്ടറിൽ നിന്നും പുറത്ത് വരാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു.

കുമ്പളങ്ങി നെെറ്റ്സ് ചെയ്ത സമയത്ത് തന്നെയാണ് ഇഷ്ക് ചെയ്യുന്നത്. ആ ക്യാരക്ടറിൽ ഒരുപാട് ഒബ്സസ്ഡ് ആയി നിന്ന സമയത്ത് എന്റെ മുടി വെട്ടി ഇഷ്ക്കിലെ കഥാപാത്രമാക്കി. ഞാൻ വല്ലാതെ പാനിക്കായി. കണ്ണാടിയിൽ നോക്കിയിട്ട് എന്നെ കിട്ടുന്നില്ല. ഇഷ്ക് നെറ്റ് ഷൂട്ടായിരുന്നു. ഉറങ്ങാൻ പറ്റാതെ കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നു. കുറച്ചധികം സെെക്കോളജിക്കലി ഞാൻ ഡ്രെയിൻ ആയി. നെെറ്റ് ഷൂട്ടാണ് മുഴുവനും. ഷെെൻ ചേട്ടനും ജാഫറിക്കയും ടോർച്ചർ ചെയ്യുന്ന സീനാണ്.
എനിക്ക് പറ്റാതായി. ന്യൂ ഇയർ ദിവസം ഞാൻ ബോധം കെട്ടുവീണു. അന്നെനിക്ക് കഥാപാത്രത്തിൽ നിന്ന് പുറത്ത് വരാൻ അറിയില്ലായിരുന്നു. അതിന് ശേഷം ക്യാരക്ടറുകൾ ചെയ്യുമ്പോൾ ഒരു ബാലൻസ് വന്നു. എല്ലാ തരത്തിലുള്ള സിനിമകളും ചെയ്യണമെന്നുണ്ട്. കഥ ഫീൽ ചെയ്യണം. തനിക്ക് പറ്റാത്ത വേഷങ്ങൾ ചെയ്യാറില്ലെന്നും ഷെയിൻ നിഗം പറയുന്നു. മെയ് എട്ടിനാണ് ഷെയിൻ നിഗത്തിന്റെ പുതിയ സിനിമ ദൃഡം റിലീസ് ചെയ്യുന്നത്. പൊലീസ് ഓഫീസറായാണ് ചിത്രത്തിൽ ഷെയിൻ നിഗം എത്തുന്നത്. മാർട്ടിൻ ജോസഫ് ആണ് സംവിധാനം.
ഇതിന് മുമ്പിറങ്ങിയ ഷെയിൻ നിഗം ചിത്രം ബാൾട്ടി പരാജയമായിരുന്നു. വിവാദങ്ങളിൽ നിന്നെല്ലാം മാറി ഇന്ന് കരിയറിൽ ശ്രദ്ധ കൊടുക്കുകയാണ് ഷെയിൻ നിഗമിന്ന്. ഷെയിനിന്റെ കരിയറിൽ വലിയ വിവാദമായ സിനിമയാണ് 2022 ൽ പുറത്തിറങ്ങിയ വെയിൽ. സിനിമയുടെ നിർമാതാവ് ജോബി ജോർജ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി ഷെയിൻ രംഗത്ത് വന്നു. എന്നാൽ ആരോപണം ജോബി ജോർജ് നിഷേധിച്ചു. ഈ പ്രശ്നം സംഘടനകൾ ഇടപെട്ട് പരിഹരിച്ചു. പിന്നീട് ആർഡിഎക്സിന്റെ നിർമാതാവും ഷെയിനിനെതിരെ പരാതി നൽകി. ഈ പ്രശ്നവും പിന്നീട് പരിഹരിക്കപ്പെട്ടു.


Click it and Unblock the Notifications

