അന്ന് 17 വയസേയുള്ളു, സ്വയംഭോഗ രംഗത്തില്‍ അഭിനയിക്കാന്‍ പേടിയായിരുന്നു! മനസ് തുറന്ന് ഷെയിന്‍ നിഗം
മലയാളത്തിലെ ശ്രദ്ധേരായ താരപുത്രന്മാരില്‍ ഒരാളാണ് ഷെയിന്‍ നിഗം. വളരെ കുറഞ്ഞ സമയം കൊണ്ട് തന്റേതായി ഒരു സ്ഥാനം കണ്ടെത്താന്‍ ഷെയിന് കഴിഞ്ഞിരുന്നു. ഓരോ സിനിമകള്‍ കഴിയുംതോറും അഭിനയത്തിലുള്ള തന്റെ കഴിവ് ഷെയിന്‍ തെളിയിച്ച് കൊണ്ടിരിക്കുകയാണ്. ഇതോടെ കൈനിറയെ അവസരങ്ങളാണ് താരത്തെ തേടി എത്തി കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ ഏറ്റവുമധികം പൊങ്കാല ഏറ്റുവാങ്ങേണ്ടി വന്ന ആളാണ് നടന്‍ ഷെയിന്‍ നിഗം. ഓണത്തിന് മുന്നോടിയായി നടത്തിയ അഭിമുഖത്തില്‍ താരപുത്രന്റെ മറുപടികളായിരുന്നു സോഷ്യല്‍ മീഡിയ തരംഗമാക്കിയത്. ഇതിനിടെ രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തില്‍ താന്‍ അഭിനയിക്കാത്തതിന്റെ കാരണം താരം വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് താരപുത്രന്‍ മനസ് തുറന്നത്.

ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കവേയായിരുന്നു നടന്‍ ഷെയിന്‍ നിഗം പിന്മാറിയത്. ഈ സിനിമ ചെയ്യാതിരിക്കാന്‍ ഒരു കാരണമുണ്ടെന്നാണ് ഷെയിന്‍ പറയുന്നത്. എനിക്കന്ന് 17 വയസ് മാത്രമേ പ്രായമുള്ളു. കോളേജില്‍ ഫസ്റ്റ് ഇയറാണ്. അങ്ങനെ ഷൂട്ടിങ് തുടങ്ങാന്‍ ഒരാഴ്ച മുന്‍പ് രാജീവ് സാര്‍ എന്നോട് പറഞ്ഞു. ഇതില്‍ ഒരു സ്വയംഭോഗം ചെയ്യുന്ന രംഗമുണ്ടെന്ന്. ഞാന്‍ ആകെ ഞെട്ടിപ്പോയി. ഇത് വീട്ടില്‍ പറയാന്‍ പേടി.

സൗബിനാണ് ഒടുവില്‍ ഈ കാര്യം എന്റെ വീട്ടില്‍ അവതരിപ്പിക്കുന്നത്. വാപ്പിച്ചിയ്ക്കും ഉമ്മച്ചിയ്ക്കും അത് കേട്ടപ്പോള്‍ താല്‍പര്യം തോന്നിയില്ല. കാരണം ഞാന്‍ ആദ്യമായി നായകനായി അഭിനയിക്കുന്ന സിനിമയില്‍ ഇങ്ങനെ ഒരു രംഗമുണ്ടെന്ന് അറിഞ്ഞപ്പോള്‍ അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. അത് കൊണ്ടാണ് ഞാന്‍ അന്ന് ആ സിനിമയില്‍ നിന്നും പിന്മാറിയത്. ഇത്രയും കാലം ഞാന്‍ പറഞ്ഞിരുന്നത് കോളേജില്‍ പഠിക്കുകയായിരുന്നു. പഠിക്കാനുണ്ടായിരുന്നു എന്നൊക്കെയാണ്. എന്നാല്‍ അതൊന്നുമല്ല യഥാര്‍ഥ കാരണമെന്നും ഷെയിന്‍ പറയുന്നു.

2014 ഓഗസ്റ്റിലായിരുന്നു രാജീവ് രവിയുടെ സംവിധാനത്തില്‍ ഞാന്‍ സ്റ്റീവ് ലോപ്പസ് തിയറ്ററുകളിലേക്ക് എത്തുന്നത്. ആദ്യം ഷെയിന് വേണ്ടി തീരുമാനിച്ചിരുന്ന നായക വേഷത്തില്‍ ഫഹദ് ഫാസിലിന്റെ അനിയന്‍ ഫര്‍ഹാന്‍ ഫാസിലായിരുന്നു അഭിനയിച്ചത്. താരപുത്രി അഹാന കൃഷ്ണയായിരുന്നു നായിക. അഹാനയുടെ അരങ്ങേറ്റ സിനിമ കൂടിയായിരുന്നിത്. രാജീവ് രവിയുടെ കഥയ്ക്ക് സന്തോഷ് ഏച്ചിക്കാനം, ഗീതു മോഹന്‍ദാസ്, രാജേഷ് രവി എന്നിവര്‍ ചേര്‍ന്നായിരുന്നു തിരക്കഥ ഒരുക്കിയത്. അക്കൊല്ലത്തെ ഏറ്റവും പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ ചിത്രമായിരുന്നിത്.

പൃഥ്വിരാജിന്റെ ചെറുപ്പക്കാലം അവതരിപ്പിച്ച് താന്തോന്നി എന്ന സിനിമയിലൂടെയാണ് ഷെയിന്‍ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ബാലതാരമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഷെയിന്‍ നിഗം 2016 ല്‍ റിലീസിനെത്തിയ കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം നടത്തുന്നത്. കിസ്മത്ത് വലിയ ജനപ്രീതി നേടിയതോടെ ഷെയിനെ തേടി നിരവധി അവസരങ്ങളെത്തി. ശേഷം കെയര്‍ ഓഫ് സൈറ ബാനു, പറവ, ഈട, കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക്, ഓള് എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ ഷെയിന്‍ നായകനായിട്ടെത്തി. എല്ലാ ചിത്രങ്ങളിലും താരപുത്രന്റെ അഭിനയത്തിന് തന്നെയാണ് കൈയടി ലഭിച്ചിരുന്നു.

മിമിക്രി താരമായിരുന്ന അന്തരിച്ച നടന്‍ അബിയുടെ മകനായ ഷെയിന്‍ ഇന്ന് മലയാളത്തിലെ യൂത്തന്മാരില്‍ പ്രധാനിയാണ്. മറ്റ് താരപുത്രന്മാര്‍ക്കൊപ്പം വെള്ളിത്തിരയില്‍ മത്സരിച്ച് കൊണ്ടിരിക്കുകയാണ് താരം. ഈ വര്‍ഷം റിലീസിനെത്തിയ കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക്, എന്നീ സിനിമകള്‍ വലിയ നിരൂപക ശ്രദ്ധേ സ്വന്തമാക്കിയിരുന്നു. ഇനി വലിയ പെരുന്നാള്‍, ഉല്ലാസം എന്നീ സിനിമകളാണ് ഷെയിന്‍ നായകനായി അഭിനയിച്ച് ഇനി വരാനിരിക്കുന്നത്. ഇതിനൊപ്പം തമിഴിലേക്ക് കൂടി അരങ്ങേറ്റം നടത്താനുള്ള തയ്യാറെടുപ്പിലാണ് താരം.


Click it and Unblock the Notifications