മകൻ മരിച്ച് കിടക്കുകയായിരുന്നു, യാത്ര പറഞ്ഞ് ഞാൻ ഷൂട്ടിംഗിന് പോയി; അന്ന് നടന്നത്; ശാന്തി വില്യംസ്
സിനിമാ, സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ശാന്തി വില്യംസ്. അമ്മ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ശാന്തി തമിഴ് സീരിയൽ രംഗത്താണ് കൂടുതൽ സജീവമായത്. അന്തരിച്ച ക്യാമറമാൻ വില്യംസായിരുന്നു ശാന്തിയുടെ ഭർത്താവ്. വില്യംസിനെ വിവാഹം കഴിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും വിവാഹ ജീവിതത്തിൽ അനുഭവിച്ച പ്രശ്നങ്ങളെക്കുറിച്ചും അഭിമുഖങ്ങളിൽ ശാന്തി സംസാരിച്ചിട്ടുണ്ട്. അച്ഛന്റെ തീരുമാന പ്രകാരം നിർബന്ധിച്ച് തന്നെ വിവാഹം ചെയ്യിച്ചതാണെന്നും തനിക്ക് ഈ വിവാഹത്തോട് താൽപര്യമില്ലായിരുന്നെന്നും ശാന്തി പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ മകന്റെ മരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ശാന്തി വില്യംസ്. മകന്റെ മരണം അപ്രതീക്ഷിതമായിരുന്നെന്ന് ശാന്തി വില്യംസ് പറയുന്നു. 2020 ഒക്ടോബർ 5 ന് എന്റെ മകൻ മരിച്ചു. സെപ്റ്റംബർ മാസത്തിൽ എനിക്ക് അസുഖം വന്നു. വെള്ളം കുടിച്ചാൽ പോലും ഛർദ്ദിക്കും. ഞാൻ മരിച്ച് പോകുമെന്ന് തോന്നുന്നു, നീ ചേച്ചിമാരെയൊക്കെ നോക്കണം എന്ന് മകനോട് പറഞ്ഞിരുന്നു.

നീ പോകില്ല, ഞാനാണ് പോകുകയെന്ന് അന്നവൻ പറഞ്ഞു, തളികയ്ക്ക് മുമ്പിൽ കുമ്പിടാൻ തയ്യാറായില്ല. ഞാൻ ദൈവത്തിന് മുന്നിൽ കുമ്പിടില്ല, ഞാനാണ് ദൈവം എനിക്ക് മുമ്പിൽ കുമ്പിടണം എന്ന് പറഞ്ഞു. എന്താണ് ഭ്രാന്തനെ പോലെ സംസാരിക്കുന്നതെന്ന് തോന്നി. പിറ്റേ ദിവസം അവൻ മരിച്ചു. ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഞാൻ രാവിലെ എണീറ്റ് കാലിൽ പിടിച്ച് മോനെ, ഞാൻ ഷൂട്ടിംഗിന് പോകുകയാണെന്ന് പറഞ്ഞു. മൃതദേഹമാണത്.
കാൽ തണുത്ത് മരവിച്ചിരുന്നു. എസി ഇട്ടിട്ടുണ്ട്. അതായിരിക്കുമെന്ന് കരുതി. ഞാൻ ഷൂട്ടിന് പോയി. തിരിച്ച് 11 മണിക്ക് വന്നപ്പോൾ അവൻ എഴുന്നേറ്റില്ലേ എന്ന് ചോദിച്ചു. ഇല്ല അമ്മേ, അവൻ ഉറങ്ങുകയാണെന്ന് വീട്ടിലുള്ളവർ പറഞ്ഞു. നെെറ്റ് ഷിഫ്റ്റ് ചെയ്യുന്നതിനാൽ രാത്രി അവൻ ഉറങ്ങും. അങ്ങനെ ഉറങ്ങുകയാണെന്ന് കരുതി. മൂന്ന് മണിക്ക് പാണ്ഡ്യൻ സ്റ്റോർസ് സീരിയലിന്റെ ഷൂട്ടിംഗിനിടെ എനിക്ക് കോൾ വന്നു. അമ്മേ, സന്തോഷ് മരിച്ചെന്ന് പറഞ്ഞു.

എനിക്കൊന്നും മനസിലായില്ല. താൻ ഉടനെ വീട്ടിലെത്തിയെന്നും ശാന്തി വില്യംസ് പറഞ്ഞു. മകൻ മരിച്ചത് തനിക്ക് വലിയ ആഘാതമായെന്നും ശാന്തി പറയുന്നു. ഭർത്താവ് വില്യംസിന്റെ ചികിത്സയ്ക്ക് വേണ്ടി തന്റെ എല്ലാ സമ്പാദ്യവും വിൽക്കേണ്ടി വന്നെന്നും ശാന്തി വില്യംസ് തുറന്ന് പറഞ്ഞു. സ്വത്തുക്കളെല്ലാം പോയി. നാല് മക്കൾ മാത്രമായിരുന്നു എന്റെ സ്വത്ത്.
ഭർത്താവ് സിനിമകളെടുത്ത് നഷ്ടം വന്നു. പന്ത്രണ്ട് സിനിമകളെടുത്തതിൽ രണ്ട് മൂന്ന് സിനിമകളാണ് വിജയിച്ചത്. ബാക്കിയെല്ലാം പരാജയപ്പെട്ടു. നഷ്ടം വന്നു. കൂടെയുണ്ടായിരുന്ന ആരും വലുതായി സപ്പോർട്ട് ചെയ്തില്ല. ചികിത്സയ്ക്ക് വേണ്ടി വില്യംസിന്റെ സുഹൃത്തുക്കൾ പോലും സഹായിച്ചില്ലെന്നും ശാന്തി വില്യംസ് വ്യക്തമാക്കി. ഇന്ത്യാ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.


Click it and Unblock the Notifications