അയാള്‍ അവളുടെ ജീവിതത്തില്‍ കയറി കളിച്ചു, ശോഭയുടെ മരണത്തിന് കാരണം ബാലു മഹേന്ദ്ര: ശാന്തി വില്യംസ്
മലയാളി പ്രേക്ഷകരുടെ മനസില്‍ ഇന്നും നോവായി നില്‍ക്കുന്ന ഒരു നായികയാണ് ശോഭ. ബാലതാരമായി സിനിമയില്‍ എത്തുകയും 17-ാം വയസില്‍ സ്വയം ജീവിതം അവസാനിപ്പിക്കുകയും ചെയ്ത ശോഭയുടെ ജീവിതവും മരണവും ഇന്നും ഒരു നിഗൂഢതയാണ്.
വളരെ ചുരുങ്ങിയ കാലത്തെ അഭിനയം കൊണ്ടു തന്നെ തമിഴ് ചിത്രം പസിയിലെ അഭിനയത്തിന് നാഷണല്‍ അവാര്‍ഡും കേരളത്തില്‍ നിന്ന് മൂന്ന് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയി നടിയാണ് ശോഭ. 15-ാം വയസില്‍ ഛായാഗ്രാഹകനും സംവിധായകനുമായ ബാലു മഹേന്ദ്രയെ വിവാഹം കഴിച്ച ശോഭയെ രണ്ട് വര്‍ഷത്തിനിപ്പുറം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

മലയാളത്തില്‍ നിരവധി സപ്പോര്‍ട്ടിംഗ് റോളുകളില്‍ അഭിനയിച്ച പ്രേമ മേനോന്‍ ആണ് ശോഭയുടെ അമ്മ. നിരവധി സിനിമകളില്‍ ബാലതാരമായും സഹനടിയുമായെല്ലാം അഭിനയിച്ച ശോഭ ആദ്യമായി നായികയായി അരങ്ങേറിയത് ഉത്രാട രാത്രി എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു.
പിന്നീട് ശാലിനി എന്റെ കൂട്ടുകാരി, ഇഷ്ട പ്രാണേശ്വരി, ഡാലിയ പൂക്കള്‍ തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ നായികയായി എത്തി. എന്നാല്‍ ശോഭയുടെ പെട്ടെന്നുള്ള മരണം തമിഴ് മലയാളം സിനിമാ ഇന്‍ഡസ്ട്രികളെ ഒരുപോലെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ശോഭയെക്കുറിച്ച് സിനിമാ സീരിയല്‍ നടി ശോഭ വില്യംസ് പറയുന്ന വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
ശോഭയുടെ മരണത്തിന് കാരണം ബാലു മഹേന്ദ്രയാണെന്നും അങ്ങനെ ആത്മഹത്യ ചെയ്യുമായിരുന്ന ഒരു പെണ്‍കുട്ടിയല്ല ശോഭയെന്നും തന്റെ ജീവന്‍ തന്നെയാണ് അന്ന് ശോഭ മരിച്ചപ്പോള്‍ ഇല്ലാതായതെന്നും ശാന്തി പറയുന്നു. മിന്നാമ്പലം പ്ലസ് എന്ന യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് ശാന്തി ഇക്കാര്യങ്ങള്‍ പറയുന്നത്.
നടി ശോഭയുടെ ചിത്രം കണ്ട് ഇതെന്റെ ജീവനാണ് എന്നാണ് ശാന്തി വില്യംസ് പറഞ്ഞത്. അക്കല്‍ദാമ എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ തന്റെ അനിയത്തിയായി ശോഭയായിരുന്നു അഭിനയിച്ചതെന്ന് ശാന്തി വില്യംസ് ഓര്‍ക്കുന്നു. ആ സമയത്ത് തങ്ങള്‍ സെറ്റില്‍ ഓടിക്കളിച്ച് നടക്കും. തനിക്ക് തന്നെ 13 വയസോ മറ്റോ ഉള്ളു. ഇവള്‍ അതിലും ചെറിയ കുട്ടിയാണെന്നും ശാന്തി പറഞ്ഞു.
'ഞാന്‍ എന്റെ മടിയില്‍ ഇരുത്തും. മിഠായി കൊടുത്താല്‍ അത് വാങ്ങി കഴിക്കും അങ്ങനെ ഒക്കെ ഉണ്ടായിരുന്ന കുട്ടിയാണ്. ശോഭ ആത്മഹത്യചെയ്യുന്ന സമയത്ത് ഉടുത്ത സാരിയില്ലേ, ആ സാരിയിലാണ് ഞാന്‍ അവസാനമായി ശോഭയെ കണ്ടത്. അവളെ കണ്ടപ്പോള്‍ തന്നെ ഞാന്‍ ചോദിച്ചു. നീ എന്താ വല്ലാതെ ഇരിക്കുന്നതെന്ന്. ഒന്നുമില്ലെന്ന് ആഗ്യം കാണിക്കുക മാത്രമാണ് ചെയ്തത്,' ശാന്തി പറഞ്ഞു.
'മരിച്ചു പോയെന്ന് കേട്ടപ്പോള്‍ എന്റെ ജീവന്‍ തന്നെ പോയി. എന്റെ ഭര്‍ത്താവാണ് വീട്ടില്‍ പോയി കതക് പൊട്ടിച്ച് ആള്‍ക്കാരെ വിളിച്ച് ബോഡി പുറത്തെടുത്തത്. ശോഭയെന്ന് വെച്ചാല്‍ അദ്ദേഹത്തിന് അത്രയും ഇഷ്ടമായിരുന്നു. ശോഭയുടെ കുടുംബവുമായും അത്ര അടുപ്പമായിരുന്നു. അവരുടെ വീട്ടില്‍ ഞാനും ഒരു മകളാണ്. ഇങ്ങനെ പോകേണ്ട ഒരു കുട്ടിയായിരുന്നില്ല ശോഭ,' എന്നും ശാന്തി വില്യംസ് പറയുന്നു.
ഒരാള്‍ ജീവിതം കൊടുക്കുകയാണെങ്കില്‍ അത് നല്ലതിനായിരിക്കണം. ജീവിതം തകര്‍ക്കാനാകരുത്. ബാലു മഹേന്ദ്ര തകര്‍ത്തുകളഞ്ഞു. എനിക്ക് അയാളെ കാണുന്നത് പോലും ഇഷ്ടമല്ല. അയാള്‍ അവിടെ വരുന്നുണ്ടെന്നറിഞ്ഞാല്‍ ഞാന്‍ ഇപ്പുറത്തുകൂടി പോവും. എന്റെ ആദ്യ സിനിമയില്‍ ക്യാമറാമാന്‍ ബാലു മഹേന്ദ്രയാണ്. ഞങ്ങള്‍ സെറ്റില്‍ കളിക്കുമ്പോള്‍ നമ്മളെ നോക്കി കളിയാക്കുകയും തമാശ പറയുകയും ഒക്കെ ചെയ്യും. പക്ഷെ അവസാനം ഈ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ കയറി കളിച്ച് അവളും പോയി എന്നും ശാന്തി വില്യംസ് പറയുന്നു.

ശോഭയുടെ പെട്ടെന്നുള്ള മരണം പല ഊഹാപോഹങ്ങള്‍ക്കും അക്കാലത്ത് വഴവെച്ചിരുന്നു. നേരത്തെ ഭാര്യയും മകനുമുണ്ടായിരുന്ന ബാലു മഹേന്ദ്ര ശോഭയെ വിവാഹം കഴിച്ചത് തന്നെ സംശയത്തിനുള്ള കാരണമായിരുന്നു. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യ തന്നെയാണെന്നാണ് കണ്ടത്. തുടര്‍ന്നും അന്വേഷണങ്ങള്‍ നടന്നെങ്കിലും കേസ് ആത്മഹത്യ തന്നെയാണെന്ന് പൊലീസും ഉറപ്പിച്ചു.
എന്നാല്‍ ബാലു മഹേന്ദ്ര പണം ഉപയോഗിച്ച് കേസ് ഒതുക്കി തീര്‍ത്തതാണെന്ന് ശോഭയുടെ കുടുംബം ആരോപിച്ചിരുന്നു. 1983ല്‍ കെ ജി ജോര്‍ജ് സംവിധാനം ചെയ്ത മലയാള ചിത്രം ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക് ശോഭയുടെ ജീവിതത്തെയും മരണത്തെയും ആസ്പദമാക്കിയായിരുന്നു ചെയ്തത്.


Click it and Unblock the Notifications











