എന്നെ അന്വേഷിച്ച് സെറ്റിൽ എൻടിആറിന്റെ ഭാര്യ, ഞാൻ ഭയന്ന് പോയി, അവർ പറഞ്ഞത്: ശാരദ
മലയാള സിനിമാ ലോകം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ശാരദ. മലയാളി അല്ലെങ്കിലും മലയാളി സ്ത്രീ കഥാപാത്രങ്ങൾ തന്മയത്വത്തോടെ ശാരദ അവതരിപ്പിച്ചു. വെെകാരികമായി പ്രേക്ഷകരെ തൊട്ട കഥാപാത്രങ്ങൾ ചെയ്ത ശാരദയെ കണ്ണൂർപുത്രിയെന്നാണ് വിളിച്ചിരുന്നത്. ഷീല, ശാരദ എന്നിവർ മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടിമാരായിരുന്ന ആ നാളുകൾ നായികമാരുടെ സുവർണകാലഘട്ടമായി അറിയപ്പെടുന്നു. അത്രമാത്രം ശ്രദ്ധേയമായ വേഷങ്ങൾ ഷീല, ശാരദ, ജയഭാരതി തുടങ്ങിയ നടിമാർക്ക് ലഭിച്ചിരുന്നു.
ആന്ധ്രാക്കാരിയാണ് ഷീല. മലയാളത്തിലേത് പോലെ തെലുങ്കിലും നിരവധി സിനിമകൾ ശാരദ ചെയ്തിട്ടുണ്ട്. അന്തരിച്ച എൻടിആറിനൊപ്പം ഒന്നിലേറെ സിനിമകൾ ശാരദ ചെയ്തിട്ടുണ്ട്. ശാരദ ഏറെ ബഹുമാനിച്ചിരുന്ന വ്യക്തിയാണ് എൻടിആർ. ഇദ്ദേഹത്തിന്റെ ഭാര്യയെക്കുറിച്ച് ശാരദ ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

എൻടിആറിന് വീട്ടിൽ നിന്നും ഭക്ഷണം വരുമായിരുന്നു. രാമകൃഷ്ണ സ്റ്റുഡിയോയിലാണ് ഷൂട്ടിംഗെങ്കിൽ ഭക്ഷണം വീട്ടിൽ നിന്നെത്തും. ഭാര്യ ബസവ രാമ തരകം ആണ് ഭക്ഷണം കൊണ്ട് വരിക. ഒരിക്കൽ ഉച്ച ഭക്ഷണവുമായി അവർ സ്റ്റുഡിയോയിലേക്ക് എത്തി. ശാരദ സെറ്റിലുണ്ട് എന്ന് കേട്ടപ്പോൾ അവർ എന്നെ അന്വേഷിച്ചു. എനിക്ക് പേടിയായി. എന്തിനാണ് മാം വന്നത്, ഞാനങ്ങോട്ട് വന്ന് കാണുമായിരുന്നല്ലോ എന്ന് പറഞ്ഞു. ഇങ്ങോട്ട് വന്ന് കൂടേയെന്ന് അവർ ചോദിച്ചത് ഇപ്പോഴും ഓർക്കുന്നു. അവർ രണ്ട് പേരും ശരിക്കും പുണ്യാത്മാക്കളാണ്. ഇത്രയും നല്ലവരെ ഞാൻ എവിടെയും കണ്ടിട്ടില്ല. എൻടിആറിനെ പോലെ വലിയ മനസായിരുന്നു അദ്ദേഹത്തിന്റെ ഭാര്യക്കെന്നും ശാരദ പറഞ്ഞു.

ശാരദയെക്കുറിച്ച് നടിക്കൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ച മധു ഈയടുത്ത് സംസാരിച്ചിരുന്നു. ശാരദയ്ക്ക് വാർധക്യസഹജമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് മധു അന്ന് പറഞ്ഞു. ശാരദയ്ക്ക് വയ്യ. ഏതാണ്ട് എന്റെ സ്ഥിതിയാണ്. കൂളായി നടന്ന് പോകാനാകില്ല. അവർക്ക് നല്ല സുഖമില്ല. തലകറക്കവും മറ്റുമുണ്ട്. ആരുടെയെങ്കിലും സഹായമില്ലാതെ പുറത്ത് പോകാനാകില്ലെന്ന് മധു പറഞ്ഞു.
വല്ലപ്പോഴും കാറിൽ ഒന്ന് കറങ്ങുന്നതല്ലാതെ ഒന്നിനും ശാരദ പോകുന്നില്ല. പക്ഷെ തന്നെ വിളിച്ച് സംസാരിക്കാറുണ്ടെന്നും അന്ന് മധു പറഞ്ഞു. ആഴ്ചയിൽ ഒരിക്കൽ മിക്കവാറും എന്നെ വിളിക്കാതിരിക്കില്ല. അത്ര അടുപ്പമുണ്ടെന്നും നടൻ അന്ന് വ്യക്തമാക്കി. സ്വന്തം സഹോദരനെ പോലെയാണ് ശാരദ, ജയഭാരതി, ഷീല, ശ്രീവിദ്യ എന്നീ നടിമാർ തന്നെ കണ്ടിരുന്നതെന്നും മധു പറഞ്ഞു.
മലയാള സിനിമാ രംഗത്ത് സജീവമായിരുന്ന ശാരദ ഒരുഘട്ടത്തിൽ മലയാളത്തിൽ നിന്നും മാറി തെലുങ്ക് സിനിമകളിലേക്ക് തന്നെ ശ്രദ്ധ കൊടുത്തു. നായികയായും അല്ലാതെയും ശ്രദ്ധേയ വേഷങ്ങൾ തെലുങ്കിൽ നടി അക്കാലത്ത് ചെയ്തു. പിന്നീട് വർഷങ്ങൾക്കിപ്പുറം രാപ്പകൽ ഉൾപ്പെടെയുള്ള മലയാള സിനിമകൾ ചെയ്തു. ഇന്ന് അഭിനയത്തിൽ നിന്നും പൂർണമായും വിട്ട് നിൽക്കുകയാണ് ശാരദ. സഹപ്രവർത്തകരായിരുന്ന ഷീലയും ജയഭാരതിയും ഇന്ന് കരിയറിൽ സജീവമല്ല.
ജയഭാരതിയെ ലെെം ലെെറ്റിൽ കാണാറേയില്ല. ഷീല അവാർഡ് ഷോകളിലും മറ്റും സാന്നിധ്യം അറിയിക്കാറുണ്ട്. ഷീലയും ഒരുഘട്ടത്തിൽ അഭിനയ രംഗത്ത് നിന്നും മാറി നിന്നിരുന്നു. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം മനസിനക്കരെ, അകലെ എന്നീ സിനിമകളിലൂടെയാണ് നടി തിരിച്ചെത്തുന്നത്. അഭിനയ രംഗത്ത് നിന്നും മാറി നിന്ന ശേഷം ജയഭാരതി നൃത്ത രംഗത്ത് സജീവമായിരുന്നു. ഒരു ഘട്ടത്തിൽ ലെെം ലെെറ്റിൽ നിന്നും നടി പൂർണമായും അകന്നു.


Click it and Unblock the Notifications











