ആദ്യ ബന്ധത്തിൽ മകളുണ്ട്, സ്വന്തം മകളായി കാണുന്നു; ഞാൻ വിട്ട് കൊടുക്കില്ല; റിയാസ് ഖാന്റെ മകൻ ഷാരിഖ്
അടുത്തിടെയാണ് നടൻ റിയാസ് ഖാന്റെ മകൻ ഷാരിഖ് ഹസൻ വിവാഹിതനായത്. മരിയ ജെന്നിഫർ എന്നാണ് ഭാര്യയുടെ പേര്. ആഘോഷ പൂർവം നടന്ന വിവാഹത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി. ഇപ്പോഴിതാ വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഷാരിഖും മരിയയും. ജിമ്മിൽ വെച്ച് കണ്ടുള്ള പരിചയമാണ് വിവാഹത്തിലെത്തിയതെന്ന് ഷാരിഖ് പറയുന്നു. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ മരിയക്ക് ഒരു മകളുമുണ്ട്. ഇതേക്കുറിച്ചും ദമ്പതികൾ സംസാരിച്ചു.
കുറച്ച് നാൾ അമ്മയ്ക്കൊപ്പം നിൽക്കാമെന്ന് കരുതി വന്നതായിരുന്നു ഞാൻ. ജിമ്മിൽ പോകാൻ തുടങ്ങി. ജിമ്മിൽ വെച്ചാണ് മരിയയെ ആദ്യമായി കാണുന്നത്. ആരാണിതെന്ന് ചിന്തിച്ചു. ഞാൻ നന്നായി വർക്ക് ഔട്ട് ചെയ്ത് പമ്പ് ചെയ്ത് മുന്നിലൂടെ പോയി. എന്നാൽ മരിയ എന്നെ ശ്രദ്ധിച്ചതേയില്ല. ഞാൻ ചിരിച്ചപ്പോൾ ഗൗനിച്ചതേയില്ല. ഇവളാണ് എന്റെ ഭാര്യയെന്ന് അന്ന് തീരുമാനിച്ചതാണ്. പിറ്റേന്ന് മുതൽ എല്ലാ ദിവസവും ജിമ്മിൽ പോയി. പിന്നീട് സൗഹൃദത്തിലായെന്നും ഷാരിഖ് ഓർത്തു. ഭാര്യക്ക് ആദ്യ വിവാഹ ബന്ധത്തിൽ ഒരു മകളുണ്ടെന്നും സ്വന്തം മകളായാണ് കാണുന്നതെന്നും ഷാരിഖ് പറയുന്നുണ്ട്.

രണ്ടാമത് വിവാഹം ചെയ്യാനുള്ള തീരുമാനത്തെക്കുറിച്ച് മരിയയും സംസാരിച്ചു. അമ്മയെന്നത് എനിക്ക് ബുദ്ധിമുട്ടായിരുന്നില്ല. എനിക്ക് വളരെ നല്ല മകളാണുള്ളത്. എന്നാൽ രണ്ടാമത് വിവാഹിതയാകുമ്പോൾ ഞാൻ ഏറെ ആലോചിച്ചു. ഇനിയൊരു വിവാഹം ചെയ്യരുത്, ഇനി ചെയ്യേണ്ടി വന്നാൽ അത് മകളുടെ നല്ലതിന് വേണ്ടിയായിരിക്കണം എന്നാണ് തീരുമാനിച്ചത്. മകൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ മാത്രമേ ഞാൻ അതേക്കുറിച്ച് ചിന്തിക്കുക പോലുമുള്ളൂ എന്ന് ഉറപ്പിച്ചതാണ്.
ഷാരിഖുമായി അടുത്തപ്പോൾ ഇത് വർക്കാകില്ല, നീ ചെറുപ്പമാണ്, എനിക്കൊരു മകളുണ്ട് എന്ന് പറഞ്ഞതാണ്. പക്ഷെ ഷാരിഖ് എനിക്ക് ആത്മവിശ്വാസവും ഉറപ്പും തന്നു. മകൾ സേറയെ ഷാരിഖ് കണ്ടു. അവർ പെട്ടെന്ന് അടുത്തു. ഇനി ഇതാണ് നമ്മുടെ ജീവിതമെന്ന് മകൾ എന്നോട് പറഞ്ഞു. ഒരു പെൺകുട്ടിയുടെ അമ്മയാകുമ്പോൾ ഒരുപാട് കാര്യം ചിന്തിക്കേണ്ടതുണ്ട്. ഷാരിഖ് അല്ലായിരുന്നെങ്കിൽ മറ്റാരെയും ഞാൻ വിവാഹം ചെയ്യില്ലായിരുന്നു.

ആരെങ്കിലും എന്നോട് സംസാരിക്കാൻ ശ്രമിച്ചാൽ ഞാൻ മകളുടെ കാര്യം പറയും. ഞാനൊരു അമ്മയാണെന്ന് അവരെ അറിയിക്കും.
ഷാരിഖും ഞാനും സുഹൃത്തുക്കളായ ശേഷം ഒരിക്കൽ മകളെക്കുറിച്ച് പറഞ്ഞു. എന്തോ സംസാരിച്ച് കൊണ്ടിരിക്കവെ സമയമായി, എന്റെ മകളെ സ്കൂളിൽ നിന്ന് പിക്ക് ചെയ്യാനുണ്ടെന്ന് പറഞ്ഞു. കല്യാണമായോ, കുട്ടിയുണ്ടോ എന്ന അത്ഭുതമൊന്നുമില്ലാതെ ആണോ എത്ര മണിക്കാണ് എന്നാണ് ചോദിച്ചത്. തനിക്ക് ഒരു മകളുണ്ടെന്ന് ചിന്ത ഷാരിഖിനെ ആശങ്കപ്പെടുത്തിയിട്ടില്ലെന്നും മരിയ വ്യക്തമാക്കി.
ഷാരിഖുമായി അടുക്കുന്നത് വരെ എന്താണ് ഞാൻ മിസ് ചെയ്യുന്നതെന്ന് എനിക്കറിയില്ലായിരുന്നു. ഷാരിഖിനെ ഒരു പബ്ലിക് ഫിഗറായി ഞാൻ കണ്ടിട്ടില്ല. എനിക്കൊരു മകളുണ്ടെന്ന് അറിഞ്ഞപ്പോൾ പുറത്ത് നിന്ന് ഒരുപാട് നെഗറ്റിവിറ്റി വന്നു. എന്നാൽ ഷാരിഖും ഷാരിഖിന്റെ പിതാവും എന്നെ പ്രൊട്ടക്റ്റ് ചെയ്തെന്നും മരിയ ജെന്നിഫർ വ്യക്തമാക്കി. മരിയ വളരെ മനക്കരുത്തുള്ളയാളാണെന്ന് ഷാരിഖ് പറയുന്നു.
സേറ എന്റെയും മകളാണ്. ഇവൾ എന്റെ ഭാര്യയും. ഞാൻ വിട്ടുകൊടുക്കില്ല. പുറത്ത് നിന്ന് ആരെയും അവരെ വേദനിപ്പിക്കുന്ന വാക്കുകൾ പറയാൻ അനുവദിക്കില്ലെന്നും ഷാരിഖ് വ്യക്തമാക്കി.
നല്ല ഭർത്താവും നല്ല അച്ഛനുമായിരിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. എപ്പോഴും ഇതിൽ ശ്രദ്ധ കൊടുക്കുന്നുണ്ടെന്നും ഷാരിഖ് വ്യക്തമാക്കി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.


Click it and Unblock the Notifications