അമ്മ എന്റെ മടിയിൽ കിടന്നു, മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു, ഒരു സന്തോഷം അന്ന് അനുഭവപ്പെട്ടു; ഷീല
സിനിമയിലേക്കുള്ള തന്റെ തിരിച്ച് വരവിന് കാരണം മാതാ അമൃതാനന്ദമയി അമ്മയാണെന്ന് നടി ഷീല. മരണം വരെ അഭിനയിക്കണമെന്ന് ഉപദേശിച്ച് തന്റെ മനസ് മാറ്റിയതിൽ അമ്മയ്ക്ക് വലിയ പങ്കുണ്ടെന്നും ഷീല ഒരിക്കൽ അമൃത ടിവി റെഡ് കാർപ്പറ്റിൽ അതിഥിയായി എത്തിയപ്പോൾ വെളിപ്പെടുത്തി. കുറേക്കാലം അഭിനയിക്കാതിരുന്നപ്പോൾ ഇനി അഭിനയിക്കണോ വേണ്ടയോ എന്നൊക്കെ കൺഫ്യൂഷനായിരുന്നു.
അങ്ങനെ ഇരിക്കുമ്പോഴാണ് ഗായകൻ കൃഷ്ണചന്ദ്രന്റെ ഭാര്യ വനിതയുമായി സംസാരിക്കുന്നത്. അവർ മാതാ അമൃതാനന്ദമയി അമ്മയെ കാണാൻ പോവുകയാണെന്ന് പറഞ്ഞു. വനിതയുമായി എനിക്ക് നല്ല അടുപ്പമുണ്ട്. വലിയ വലിയ ആൾക്കാരെ കാണാൻ ആഗ്രഹമുള്ള ആളാണ് ഞാൻ. അതുകൊണ്ട് തന്നെ വനിത ക്ഷണിച്ചപ്പോൾ അവർക്കൊപ്പം അമ്മയെ കാണാൻ പോയി.

ചെന്നൈ കോടംമ്പക്കത്ത് പോയാണ് കണ്ടത്. ചെന്നയുടൻ തന്നെ ഞാൻ വന്നതറിഞ്ഞ് അമ്മ എന്നെ അകത്തേക്ക് ക്ഷണിച്ചു. ഒരുപാട് സമയം അമ്മയുമായി സംസാരിച്ചു. അമ്മ എന്റെ മടിയിൽ കിടന്നു. അമ്മയപ്പോലെയാണെന്ന് പറഞ്ഞു. ഞാൻ ഉടനെ അവരെ കെട്ടിപിടിച്ചു. എന്തോ ഒരു സന്തോഷം ആ സമയത്ത് അനുഭവപ്പെട്ടു. എന്നെ അഭിനയിക്കാൻ വിളിക്കുന്നുണ്ട്. ഞാൻ അഭിനയിക്കണോ വേണ്ടയോ എന്ന് അമ്മയോട് ഞാൻ ചോദിച്ചു. തീർച്ചയായും അഭിനയിക്കണം.
ഷീല എന്ന ജന്മം ഒരു അഭിനേത്രിയാണ്. അതുകൊണ്ട് മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു. ആ ഒരു വാക്ക് എന്നെ പ്രചോദിപ്പിച്ചു. ശേഷം ഞാൻ വീട്ടിലേക്ക് വന്നു. പിന്നീട് സത്യൻ അന്തിക്കാട് വിളിച്ചു. റോൾ എന്താണെന്നും സിനിമയുടെ ഔട്ട്ലൈനും എന്നോട് പറഞ്ഞു. കഥ കേട്ടപ്പോൾ ഇഷ്ടപ്പെട്ടു.
അങ്ങനെ മനസിനക്കരയിൽ അഭിനയിച്ചു. വീണ്ടും അഭിനയിക്കുമ്പോൾ ജനങ്ങൾ സ്വീകരിക്കുമോ വീട്ടിൽ തന്നെ ഇരുന്നാൽ പോരായിരുന്നോ എന്നൊക്കെ ചോദിക്കുമോ എന്ന് ഞാൻ ഭയന്നിരുന്നു. അങ്ങനെ സിനിമയുടെ റിലീസിനുശേഷം ഞാൻ എന്റെ സുഹൃത്തുക്കൾക്കൊപ്പം ആരും അറിയാതെ മനസിനക്കരെ കാണാൻ തിയേറ്ററിൽ പോയി. എന്റെ പേര് സ്ക്രീനിൽ തെളിഞ്ഞതോടെ കരഘോഷമായിരുന്നു. അത് കണ്ട് എന്റെ കണ്ണൊക്കെ നിറഞ്ഞു.
അമ്മയാണ് തിരിച്ച് എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത്. അമ്മ പറഞ്ഞതുകൊണ്ട് മാത്രമാണ് കൺഫ്യൂഷനിലായിരുന്ന ഞാൻ തീരുമാനം മാറ്റിയതെന്നും ഷീല പറഞ്ഞു. 1982ൽ ആശ എന്ന സിനിമ ചെയ്തശേഷം ഷീല അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ദാമ്പത്യത്തിനും മക്കളുടെ ഭാവിക്കുമായിരുന്നു പ്രാധാന്യം കൊടുത്തിരുന്നത്.

22 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഷീല മലയാളത്തിലേക്കും അഭിനയത്തിലേക്കും തിരിച്ച് വന്നത്. ജയറാം, നയൻതാര, ഇന്നസെന്റ്, സുകുമാരി, ഒടുവിൽ ഉണ്ണികൃഷ്ണൻ, കെപിഎസി ലളിത തുടങ്ങി വലിയൊരു താരനിര തന്നെ മനസിനക്കരെയിൽ ഷീലയ്ക്കൊപ്പം അഭിനയിച്ചു. രഞ്ജൻ പ്രമോദിന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ സിനിമയിൽ കൊച്ചുത്രേസ്യ എന്ന കഥാപാത്രത്തെയാണ് ഷീല അവതരിപ്പിച്ചത്.
കരിയറിന്റെ തുടക്കകാലത്ത് നയൻതാര ചെയ്ത സിനിമ കൂടിയായിരുന്നു മനസിനക്കരെ. സിനിമയുടെ ഷൂട്ട് കഴിഞ്ഞശേഷം നയൻതാര എപ്പോഴും ഞങ്ങളുടെ വീട്ടിലേക്ക് വരുമായിരുന്നു. വളരെ നല്ല സ്ത്രീയാണ്. അവർക്ക് മൂവ്മെന്റ്സ് ഒന്നും അധികം വരില്ല. പക്ഷെ ഹെവി സ്റ്റെപ്സ് മാസ്റ്റേഴ്സ് കൊടുക്കും. സ്റ്റെപ്പ് അൽപ്പം പിഴച്ചാലും ആരും ശ്രദ്ധിക്കാതിരിക്കാനുള്ള പൊടിക്കൈ അവർക്ക് പറഞ്ഞ് കൊടുത്തത് ഞാനാണ്.
നന്നായി ചിരിച്ചുകൊണ്ട് മൂവ്മെന്റ്സ് ചെയ്താൽ മതി അപ്പോൾ ആളുകൾ നമ്മുടെ മുഖമെ ശ്രദ്ധിക്കൂവെന്ന് ഞാൻ പറഞ്ഞു. ഇന്ന് വരെയും ഞാൻ പറഞ്ഞ് കൊടുത്ത ആ ടിപ്സ് നയൻതാര ഉപയോഗിക്കുന്നുണ്ട്. അവരുടെ സിനിമകൾ ശ്രദ്ധിച്ചാൽ മനസിലാകും എന്നും ഷീല പറയുന്നു.


Click it and Unblock the Notifications

















