പ്രസവം കഴിഞ്ഞ് 20 ദിവസത്തിനുള്ളിൽ ഞാൻ പോയി; മകനും ഭാര്യയും വഴക്കിടുന്നത് എനിക്കിഷ്ടമല്ല: ഷീല
പഴയ കാല നടി ഷീല ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. പ്രായം 77 ആയിട്ടും ഇന്നും ചുറുചുറുക്കോടെയാണ് ഷീലയെ ആരാധകർ കാണാറ്. ഷീലയുടെ ലോകം സ്വന്തം മകൻ ജോർജ് വിഷ്ണുവാണ്. നായിക നടിയായി അഭിനയിക്കുന്ന കാലത്ത് ഷീല അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തത് മകന് വേണ്ടിയാണ്. മകനൊപ്പമുള്ള സമയത്തിന് ഷീല പ്രാധാന്യം നൽകി. അതേസമയം മകൻ ജനിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് പോലും ഷീല അഭിനയിച്ചിരുന്നു. ഇതേക്കുറിച്ച് പുതിയ അഭിമുഖത്തിൽ ഷീല സംസാരിക്കുന്നുണ്ട്.
ഞാൻ മകനെ 9 മാസം ഗർഭം ധരിച്ചിരിക്കുന്ന സമയം. ഞാനും മധു സാറും ഒരു സിനിമയിൽ സോങ് സീനിൽ അഭിനയിക്കുന്നു. എന്റെ വയർ വലുതാണ്. സാരി കൊണ്ട് ഞാൻ മറച്ചു. മധു സാറിനും വലിയ വയറുണ്ട്. അതിനാൽ കെട്ടിപ്പിടിക്കാൻ പറ്റില്ല. അതിനാൽ പരസ്പരം ചാരി നിന്നുള്ള സീനുകളാക്കിയെന്നും ഷീല ഓർത്തു.

അത് കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ മകൻ പിറന്നു. പ്രസവം കഴിഞ്ഞ് 20 ദിവസത്തിന് ശേഷം ഞാൻ വീണ്ടും അഭിനയിക്കാൻ പോയി. തീർത്ത് കൊടുക്കേണ്ട സിനിമകളുണ്ടായിരുന്നു. അമ്മ എന്നെ വഴക്ക് പറയുമായിരുന്നു. കട്ടിലിൽ നിന്ന് നീ എഴുന്നേൽക്കാൻ പാടില്ല. അവസാന നാളുകളിൽ നീ കഷ്ടപ്പെടുമെന്ന് അമ്മ പറഞ്ഞു. പക്ഷെ ഞാൻ പോയില്ലെങ്കിൽ പ്രൊഡ്യൂസർ കഷ്ടപ്പെടും. അത് കൊണ്ട് താൻ പോയെന്ന് ഷീല വ്യക്തമാക്കി.
ഭാര്യയോടും അമ്മയോടും മകനുള്ള സ്നേഹം ഒരുപോലെയല്ലെന്നും ഷീല പറയുന്നുണ്ട്. ഭാര്യയോടുള്ള സ്നേഹം വേറെയാണ്. ഭാര്യയോടുള്ള സ്നേഹത്തിൽ എനിക്ക് പ്രശ്നമില്ല. അവനോട് അവൾ സംസാരിക്കാതിരുന്നാൽ എനിക്ക് ദേഷ്യം വരും. എപ്പോഴും സ്നേഹിക്കണം. എനിക്ക് ശേഷം അവനെ നോക്കേണ്ടത് അവളല്ലേ. സെക്കന്റ് മദർ എന്നത് ഭാര്യയാണ്. ചെറിയ കാര്യത്തിന് അവർ വഴക്കിടുന്നത് എനിക്കിഷ്ടമല്ല. അവർ എപ്പോഴും സ്നേഹിക്കണമെന്നും ഷീല പറഞ്ഞു.

പ്രായത്തെ അംഗീകരിക്കാൻ തനിക്ക് മടിയില്ലെന്ന് ഷീല നേരത്തെ പറഞ്ഞിട്ടുണ്ട്. ഗ്രേസ്ഫുളായി എനിക്ക് പ്രായമാകുന്നു. ജീവിതത്തിലെല്ലാവരും ഈ ഘട്ടങ്ങളിലൂടെ കടന്ന് പോകും. ഞാനിപ്പോൾ അമ്മൂമ്മയാണ്. എനിക്കതിൽ ഭയങ്കര സന്തോഷവും അഭിമാനവുമാണ്. പെണ്ണുങ്ങൾക്ക് അതൊക്കെ വേണ്ടേ. കൊച്ചുമക്കളെ കാണാവുന്നിടത്തോളം ജീവിച്ചു എന്നത് വലിയ കാര്യമാണെന്നും ഷീല പറഞ്ഞു. മകന് വേണ്ടി സിനിമാ രംഗത്ത് നിന്നും മാറിയ ഷീലയെ ഏറെനാൾ ആരാധകരാരും കണ്ടിരുന്നില്ല. പിന്നീട് വൻ തിരിച്ചു വരവ് നടത്തി.
മനസ്സിനക്കരെ, അകലെ തുടങ്ങിയ സിനിമകളിലാണ് രണ്ടാം വരവിൽ ഷീല കയ്യടി നേടിയത്. അനുരാഗം എന്ന സിനിമയിലാണ് ഷീലയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. പ്രാധാന്യമില്ലാത്ത അമ്മ വേഷങ്ങൾ ചെയ്യാൻ ഷീല തയ്യാറല്ല. നായകൻമാരേക്കാൾ പ്രധാന്യമുള്ള നായികാ വേഷങ്ങൾ ഷീല ഒരു കാലത്ത് ചെയ്തിട്ടുണ്ട്. മലയാളത്തിലെ പ്രശസ്തമായ നോവലുകളിൽ പലതും സിനിമയായപ്പോൾ ഷീല നായികയായെത്തി. ഇന്നും സിനിമാ ലോകത്ത് ബഹുമാന്യ സ്ഥാനം ഷീലയ്ക്കുണ്ട്. 13 വയസിൽ ജീവിത സാഹചര്യങ്ങൾ കൊണ്ട് അഭിനയ രംഗത്തേക്ക് വന്നയാളാണ് ഷീല. നാടകത്തിലൂടെയായിരുന്നു തുടക്കം. പിന്നീട് സിനിമാ താരമായി മാറി.


Click it and Unblock the Notifications











