മഞ്ജു വാര്യർ ആയിരുന്നെങ്കിൽ ഇതിനേക്കാൾ റീച്ചുണ്ടായേനെ; എന്ത് ഇരിപ്പാണ് അമ്മേയെന്ന് മകൻ ചോദിക്കും: ഷീല
സിനിമാ ഓർമകളെക്കുറിച്ചും ഹോബികളെക്കുറിച്ചും സംസാരിച്ച് നടി ഷീല. ബ്ലാക്ക് ആന്റ് വെെറ്റ് കാലഘട്ടം മുതൽ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്ന ഷീല ചെന്നെെയിലാണ് ഇപ്പോഴും താമസിക്കുന്നത്. അന്ന് മലയാള സിനിമാ ലോകം ചെന്നെെയിലായിരുന്നു. ഇതേക്കുറിച്ചാണ് ഷീല സംസാരിച്ചത്. വിഷു ഉൾപ്പെടെയുള്ള ആഘോഷങ്ങളെല്ലാം അക്കാലത്ത് ചെന്നെെയിൽ വെച്ചായിരുന്നെന്നും ഷീല പറയുന്നു. ഷൂട്ടിംഗെല്ലാം ചെന്നെെയിൽ വെച്ചായിരുന്നു. വല്ലപ്പോഴും ഔട്ട്ഡോർ ഷൂട്ടിനാണ് ഞങ്ങൾ കേരളത്തിലേക്ക് വന്നിരുന്നത്. സത്യൻ സർ, മധു സർ, നസീർ സർ എന്നിവരുടെയൊക്കെ കുടുംബം ഇവിടെയാണ്.
അവർ ഏതെങ്കിലും ഹോട്ടലിൽ റൂമെടുത്താണ് ചെന്നെെയിൽ താമസിച്ചിരുന്നത്. നടിമാരെല്ലാം അവിടെ വീടുള്ളവരാണ്. എനിക്കും ശാരദയ്ക്കും ജയഭാരതിക്കുമെല്ലാം അങ്ങനെയായിരുന്നു. വിഷുവിനും ഓണത്തിനും ഷൂട്ടില്ലാതിരിക്കില്ല. തമിഴ്നാടല്ലേ. അവധിയൊന്നും ഉണ്ടാകില്ല. ഞങ്ങൾ വീട്ടിൽ നിന്ന് സദ്യയുണ്ടാക്കി സെറ്റിൽ വെച്ച് കഴിക്കാറുണ്ടായിരുന്നെന്നും ഷീല ഓർത്തു.

തന്റെ പെയിന്റിംഗുകളെക്കുറിച്ചും ഷീല സംസാരിച്ചു. പെയിന്റിംഗ് എനിക്ക് യോഗ ചെയ്യുന്നത് പോലെയാണ്. രണ്ട് മൂന്ന് മണിക്കൂർ ലയിച്ചിരിക്കും. അമ്മാ എന്തിരിപ്പാണ്, വന്ന് വല്ലതും കഴിക്ക് എന്ന് മോനൊക്കെ പറയുമ്പോഴാണ് ഞാൻ പെട്ടെന്ന് എഴുന്നേൽക്കുന്നത്. പെയിന്റിംഗ് എനിക്ക് അത്രത്തോളം ഇഷ്ടമുള്ള കാര്യമാണ്. അതേസമയം ഞാൻ വലിയ പെയിന്ററാണെന്നൊന്നും അവകാശപ്പെടുന്നില്ല. എന്നേക്കാൾ എത്രയോ വലിയ പെയിന്റേർസുണ്ട്. പക്ഷെ ഇതൊക്കെ ഒരു ഫേസ് വാല്യുവാണ്. മോഹൻലാൽ ഇത് ചെയ്താൽ ഇതിനേക്കാൾ റീച്ച് ആയിരിക്കും. മഞ്ജു വാര്യർ ചെയ്താൽ ഇതിനേക്കാൾ വലിയ റീച്ച് ആയിരിക്കുമെന്നും ഷീല അഭിപ്രായപ്പെട്ടു. കെസിഎൽ ടെെംന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
അഭിനയ രംഗത്ത് ഷീല ഇന്ന് സജീവമല്ല. അനുരാഗം എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. തനിക്ക് പ്രാധാന്യമില്ലാത്ത സിനിമകളിൽ അഭിനയിക്കാൻ ഷീല ഇന്ന് തയ്യാറല്ല. നായികയായി സജീവമായിരുന്ന കാലത്ത് മകനൊപ്പമുള്ള സമയത്തിന് വേണ്ടിയാണ് കരിയറിൽ നിന്നും ഷീല മാറി നിന്നത്. പിന്നീട് വർഷങ്ങൾക്കിപ്പുറമാണ് നടി തിരിച്ചെത്തുന്നത്. മനസിനക്കരെ, അകലെ എന്നീ സിനിമകളിലൂടെയായിരുന്നു തിരിച്ച് വരവ്. രണ്ട് സിനിമകളും ശ്രദ്ധിക്കപ്പെട്ടു.
എന്നാൽ തുടർന്ന് തുടരെ സിനിമകൾ ഷീല ചെയ്തില്ല. സിനിമാ ലോകത്ത് വന്ന മാറ്റങ്ങളെ അംഗീകരിക്കുന്ന നടിയാണ് ഷീല. എന്നാൽ തിരക്കഥയ്ക്കാണ് എല്ലാക്കാലത്തും പ്രാധാന്യം നൽകേണ്ടതെന്ന് ഷീല പറയുന്നു. നായികയായിരുന്ന കാലത്ത് നിരവധി ശ്രദ്ധേയ നോവലുകളിലെ കഥാപാത്രങ്ങളെ ഷീല ബിഗ് സ്ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട്. ഷീല, ശാരദ, ജയഭാരതി എന്നീ നടിമാർ തിളങ്ങി നിന്ന കാലഘട്ടമായിരുന്നു അത്. നായിക നടിമാരുടെ സുവർണ കാലഘട്ടമായാണ് ആ നാളുകൾ അറിയപ്പെട്ടിരുന്നത്.
ഷീലയെ വീണ്ടും സിനിമകളിൽ കാണണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. ചെമ്മീൻ, കള്ളിച്ചെല്ലമ്മ തുടങ്ങി ഷീലയുടെ കരിയറിൽ എടുത്ത് പറയാൻ സിനിമകൾ ഏറെയാണ്. തമിഴ് സിനിമാ ലോകത്ത് നിന്നുമാണ് മലയാളത്തിലേക്ക് ഷീല എത്തുന്നത്. തമിഴിലെ രീതികൾ തനിക്കിഷ്ടമായിരുന്നില്ലെന്നും മലയാള സിനിമാ ലോകം തന്നെ അമ്മയെ പോലെ സംരക്ഷിച്ചു എന്നുമാണ് ഷീല പറയുന്നത്. തമിഴകം ഗ്ലാമറസ് നടിയാക്കാൻ നോക്കി. തനിക്കതിൽ താൽപര്യമില്ലായിരുന്നു. അമ്മ വളരെ കർക്കശക്കാരിയായിരുന്നു. മലയാള സിനിമാ ലോകം തന്നെ രണ്ട് കെെയും നീട്ടി സ്വീകരിച്ചെന്നും ഷീല വ്യക്തമാക്കി.


Click it and Unblock the Notifications