ആ നടി അറിയാതെ അവരുടെ വീട്ടിൽ നിന്നും എനിക്ക് കോൾ; ഒടുവിൽ ആളെ കണ്ടുപിടിച്ചു; ഷീല
അന്നും ഇന്നും മലയാള സിനിമാ ലോകത്ത് ബഹുമാന്യ സ്ഥാനമാണ് നടി ഷീലയ്ക്കുള്ളത്. ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടം മുതൽ പ്രേക്ഷകർ ഷീലയെ കാണുന്നുണ്ട്. എന്നും താരപ്പകിട്ടുകളോടെയാണ് ഷീലയെ പ്രേക്ഷകർ കണ്ടിട്ടുള്ളത്. ഷീലയെ കേന്ദ്ര കഥാപാത്രമാക്കി സിനിമകൾ ചെയ്യാൻ നിർമാതാക്കളും സംവിധായകരും ഒരു കാലത്ത് തയ്യാറായിരുന്നു. പ്രശസ്ത നോവലുകൾ സിനിമയായപ്പോൾ ഷീല അതിലെ നായികയായി. ഒരു ഘട്ടത്തിൽ സിനിമാ രംഗത്ത് നിന്നും പൂർണമായി മാറി നിൽക്കാൻ ഷീല തീരുമാനിച്ചു.
ചെറുപ്രായം മുതൽ തിരക്ക് പിടിച്ച് സിനിമകൾ ചെയ്യുന്ന ഷീല ഇടവേളയെടുത്ത സമയം തന്റെ വ്യക്തി ജീവിതത്തിലെ സന്തോഷങ്ങൾക്കായി മാറ്റി വെച്ചു. വർഷങ്ങൾക്കിപ്പുറം സിനിമാ രംഗത്തേക്ക് തിരിച്ച് വന്നപ്പോൾ വൻ സ്വീകാര്യതയാണ് ഷീലയ്ക്ക് ലഭിച്ചത്. മനസിനക്കരെ എന്ന സിനിമ വൻ വിജയമായി. ഇന്ന് സിനിമാ രംഗത്ത് ഷീല സജീവമല്ല.

ഇപ്പോഴിതാ തന്റെ കടുത്ത ആരാധകനെക്കുറിച്ച് സംസാരിക്കുകയാണ് ഷീല. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഒരാൾ സ്ഥിരം എന്നെ വിളിക്കുമായിരുന്നു. ഒരു ഓണത്തിന് വിളിച്ച്, എടീ ഷീലേ, ഞാൻ നിനക്കൊരു സമ്മാനം അയക്കുന്നുണ്ടെന്ന് പറഞ്ഞു. ഗേറ്റിന്റെ പുറത്ത് വലിയൊരു അത്തിമരമുണ്ട്. ആ മരത്തിന്റെ അടിയിൽ വെക്കും. നീ വന്ന് എടുക്കണം എന്ന് പറഞ്ഞു.
ഞാനത് കളിയായേ എടുത്തുള്ളൂ. പിറ്റേ ദിവസം നോക്കിയപ്പോൾ അവിടെ ചെറിയൊരു പാക്കറ്റ്. വാച്ച് മാൻ തുറന്ന് നോക്കിയപ്പോൾ ബ്ലൗസിന്റെ തുണി. ഒരു കത്തുണ്ട്. പുടവ കൊടുക്കുന്നതിന്റെ അർത്ഥമാണ് ഇതെന്ന് പറഞ്ഞു, രാത്രി പത്ത് മണിക്കൊക്കെ വിളിക്കും. എന്റെ അമ്മാവനും സഹോദരൻമാരും അവനെ പിടിക്കാൻ തീരുമാനിച്ചു.

നീ അവനെ വിളിച്ച് സംസാരിക്കെന്ന് പറഞ്ഞു. നിങ്ങൾ ആരാണെന്ന് ഞാൻ ചോദിച്ചു. നിന്റെ കാമുകൻ മറന്ന് പോയോ എന്ന് അയാൾ. നല്ല ശബ്ദമാണ്. കേൾക്കാൻ രസമുണ്ട്. നിങ്ങളെയൊന്ന് കാണണമല്ലോ എന്ന് ഞാൻ. എനിക്കും കാണണമെന്ന് അയാൾ. അതേ മരത്തിന് ചുവട്ടിൽ നിൽക്കണമെന്ന് ഞാൻ പറഞ്ഞു. പറഞ്ഞ ദിവസം ഒരു പൊലീസുകാരനെ വിളിപ്പിച്ചും. പൊലീസും അമ്മാവനും എന്റെ സഹോദരനുമെല്ലാം ഒളിച്ച് നിന്നു.
അവൻ വന്നു. പച്ച കളർ പാന്റ്, നീല കളർ ഷർട്ട്. മഞ്ഞ കളറിലുള്ള കൂളിംഗ് ഗ്ലാസ്. കുള്ളൻ. കറുത്ത് ചെറിയൊരു മനുഷ്യൻ. മുഖത്തേല്ലാം പാട്. അവൻ വന്ന് എന്നെ നോക്കി. ഇവരെല്ലാം കൂടി അവനെ പിടിച്ചു. ഞാൻ ഷീലയെ കാണാൻ വന്നതാണ് അവളെന്റെ കാമുകിയാണെന്ന് അയാൾ പറഞ്ഞു. എല്ലാവരും അവനെ അടിച്ചു. ഞാൻ ഓടി വന്നു. അടിക്കരുത്, എന്നോടുള്ള സ്നേഹം കൊണ്ടല്ലേയെന്ന് ഞാൻ പറഞ്ഞു. വലിയൊരു നടിയുടെ വീട്ടിലെ കുക്ക് ആണിയാൾ. ആ നടി അറിയാതെയാണ് ഇയാൾ ഫോൺ ചെയ്തിരുന്നത്. അവരെ വിളിച്ച് ഞാൻ പറഞ്ഞു. അവർ അവരെ വീട്ടിൽ നിന്നും പുറത്താക്കിയെന്നും ഷീല ഓർത്തു.


Click it and Unblock the Notifications