അല്ലെങ്കിൽ ഞാൻ പ്രസവിക്കരുതായിരുന്നു, മകനെയും കൊണ്ട് ഞാൻ ഊട്ടിയിലേക്ക് പോയി; മനസ് തുറന്ന് ഷീല
പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി ഷീല. ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകളുടെ കാലഘട്ടം മുതൽ ഷീലയെ പ്രേക്ഷകർ കാണുന്നതാണ്. എന്നും ശ്രദ്ധേയമായ കഥാപാത്രങ്ങൾ ഷീലയ്ക്ക് ലഭിച്ചു. ചെമ്മിൻ, കള്ളിച്ചെല്ലമ്മ തുടങ്ങിയ സിനിമകൾ ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. കരിയറിൽ തിളങ്ങി നിന്ന ഷീല ഒരു ഘട്ടത്തിൽ സിനിമാ രംഗത്ത് നിന്നും മാറി. തന്റെ സ്വകാര്യ ജീവിതത്തിലേക്ക് ശ്രദ്ധ കൊടുത്തു. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് ഷീല. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
മകനെ വളർത്താൻ വേണ്ടിയാണ് സിനിമാ രംഗത്ത് നിന്നും മാറി നിന്നത്. മകനന്ന് നാല് വയസുണ്ട്. വീട്ടിൽ ബന്ധുക്കൾ എല്ലാവരുമുണ്ട്. സഹോദരങ്ങളും അമ്മാവനും അമ്മായിയുമെല്ലാം. പക്ഷെ കൊച്ചിനെ പ്രസവിച്ചാൽ മാത്രം അമ്മയാകില്ല. വളർത്തണം. വളർത്തുന്നവരാണ് അമ്മ. ആർക്കും പ്രസവിക്കാം. മകന്റെ പല്ല് പൊട്ടി താഴെ വീഴുന്നത് കാണണം, സ്കൂളിൽ പോകുന്നത് കാണണം, അവന് ചോറ് കെണ്ട് കൊടുക്കണം. ഇതൊക്കെ എന്റെ മനസിലുണ്ട്. സിനിമ മതിയെന്ന് തീരുമാനിച്ചു.

കുറേയൊക്കെ ഉണ്ടാക്കി. ഒരു കാലത്തും അത്യാഗ്രഹം എനിക്കില്ല. മകനെ വളർത്തണം. അല്ലെങ്കിൽ ഞാൻ പ്രസവിക്കാൻ പാടില്ലായിരുന്നു. അവന് വേണ്ടി ഞാൻ എല്ലാം നിർത്തി. മൂന്ന് മാസം മാത്രമേ ഇനി അഭിനയിക്കൂ, അതിന് ശേഷം അഭിനയിക്കാൻ വരില്ലെന്ന് എല്ലാവരോടും പറഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ പടങ്ങളെല്ലാം തീർത്തു. ഞാനവനെയും കൊണ്ട് ഊട്ടിയിലേക്ക് പോയി. അവിടെ ഒരു സ്കൂളിൽ ചേർത്തു. ഞാൻ അവിടെ തന്നെ താമസിച്ചു.
പതിനാറ് വയസൊക്കെയാകുമ്പോൾ ആൺ പിള്ളേരുടെ കൂടെ നമ്മൾ നിൽക്കണം. എത്ര മണിക്ക് വരുന്നു എന്ന് നോക്കണം. വന്നയുടനെ ഊതാൻ പറയും. ഈ പ്രായത്തിലും അവൻ നഖം വെട്ടിയോ എന്ന് ഞാൻ നോക്കും. നിനക്ക് നൂറ് വയസായാലും ഞാൻ ജീവനോടെയുണ്ടെങ്കിൽ നീ എന്റെ കൊച്ചാണെന്ന് ഞാൻ പറയും. കുറച്ചൊക്കെ സ്ട്രിക്റ്റ് ആയ അമ്മയായിരുന്നു താനെന്നും ഷീല പറയുന്നു. പെണ്ണിനെ അണച്ച് വളർത്തണം. ആണിനെ അടിച്ച് വളർത്തണം.

ചെറുപ്പത്തിലെ കുസൃതുകൾ അവനുമുണ്ടായിരുന്നു. എപ്പോഴും സുഹൃത്തുക്കളുണ്ടാകും. കൈയിൽ കാശുണ്ടാകും. ഓരോ പ്രായത്തിൽ ആസ്വദിക്കേണ്ടത് ആ പ്രായത്തിൽ തന്നെ ആസ്വദിക്കണമെന്നും ഷീല പറഞ്ഞു. മകൻ പറഞ്ഞിട്ടാണ് താൻ സിനിമാ രംഗത്തേക്ക് തിരിച്ച് വരുന്നതെന്നും ഷീല പറയുന്നു. അവന്റെ കല്യാണം കഴിഞ്ഞു.
ഞാൻ വീട്ടിൽ വെറുതെയിരിക്കും. ആൾക്കാർ സിനിമയിലേക്ക് എന്നെ വിളിക്കുന്നുണ്ട്. അപ്പോഴാണ് മകൻ ഇത്രയും നല്ല ആർട്ടിസ്റ്റ് എന്തിന് വീട്ടിൽ ഇരിക്കണം, അഭിനയിച്ചൂടെ എന്ന് ചോദിച്ചെന്നും ഷീല പറഞ്ഞു. ജോർജ് വിഷ്ണു എന്നാണ് ഷീലയുടെ മകന്റെ പേര്. ചില സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പക്ഷെ സിനിമ കരിയറാക്കിയില്ല. അനുരാഗം എന്ന സിനിമയിലാണ് ഷീലയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്.


Click it and Unblock the Notifications