ഇഞ്ചക്ഷനെടുത്തുള്ള വണ്ണമാണത്; രണ്ട് ഇഞ്ചക്ഷനേ എടുത്തുള്ളൂ, പിന്നെ നിർത്തേണ്ടി വന്നു: ഷീല
മലയാള സിനിമാ ലോകം ബഹുമാന്യ സ്ഥാനം നടി ഷീലയ്ക്ക് നൽകുന്നുണ്ട്. ബ്ലാക്ക് ആന്റ് വെെറ്റ് സിനിമകളുടെ കാലം മുതൽ സിനിമാ ലോകത്തെ അടുത്ത് നിന്ന് കാണുന്നയാളാണ് ഷീല. നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത നടി. പ്രശസ്ത നോവലുകൾ സിനിമയായപ്പോൾ അതിലെ നായികയായെത്തിയത് ഷീലയാണ്. അഭിനയ സരസ്വതി എന്നാണ് അക്കാലത്ത് ഷീലയെ പത്ര മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നത്. 77 കാരിയായ ഷീല ഇന്നും മനസിൽ ചെറുപ്പമാണ്. മാറ്റങ്ങളെ സ്വീകരിക്കാൻ നടി തയ്യാറാകുന്നു. അഭിമുഖങ്ങളിൽ നായികയായിരുന്ന കാലത്തെ ഓർമകൾ ഷീല പങ്കുവെക്കാറുണ്ട്.
പുതിയ അഭിമുഖത്തിൽ നായികയാകാൻ വണ്ണം കൂട്ടിയതിനെക്കുറിച്ച് ഷീല സംസാരിക്കുന്നുണ്ട്. എന്റെ കാലത്തൊക്കെ വണ്ണമായിരുന്നു ഭംഗി. ശരീരമൊക്കെ നല്ല കൊഴുത്തിരിക്കണം. ഇപ്പോൾ സ്ലിം ബ്യൂട്ടിയൊക്കെ വന്നു. തോളിലെ എല്ല് കാണണം. കാലൊക്കെ മെലിഞ്ഞ് തവളയുടെ കാല് പോലെയിരിക്കണം. പക്ഷെ അന്ന് നല്ല വണ്ണം വേണം. ഒരു പെണ്ണിനെ കെട്ടിപ്പിടിച്ചാൽ ഇപ്പോൾ എല്ലേ കൊള്ളൂ. ഞാൻ വരുന്ന കാലത്ത് അംബിക, സാവിത്രി, ഭാനുമതി തുടങ്ങിയ നടിമാരുണ്ടായിരുന്നു. അവരൊക്കെ തടിയുള്ളവരാണ്. ഞാൻ നന്നായി മെലിഞ്ഞിരുന്ന ആളാണ്. ഇങ്ങനെ മെലിഞ്ഞിരുന്നാൽ നായികയാകാനാകില്ലെന്ന് പറഞ്ഞ് ഇഞ്ചക്ഷൻ എടുത്തു.

അങ്ങനെ ഞാൻ പട പടായെന്ന് വണ്ണം വെച്ചു. രണ്ട് ഇഞ്ചക്ഷനേ ചെയ്തുള്ളൂ. അപ്പോഴേക്കും നല്ല വണ്ണം വെച്ചു. ചെമ്മീനിലെല്ലാം നല്ല വണ്ണമാണെനിക്ക്. ഇഞ്ചക്ഷൻ ചെയ്തിട്ടാണ് വണ്ണം വന്നത്. പിന്നെ നിർത്തി. അല്ലെങ്കിൽ മെലിയാൻ പറ്റില്ലായിരുന്നെന്നും ഷീല വ്യക്തമാക്കി. അക്കാലത്ത് ഞങ്ങൾക്ക് ഒന്നും അറിയില്ല. വരുന്നു, മേക്കപ്പിടുന്നു, അഭിനയിക്കുന്നു. ഇപ്പോഴുള്ള പിള്ളേർ എന്താണ് മേക്കപ്പ്, എങ്ങനെയൊക്കെ മേക്കപ്പ് ചെയ്യാം എന്നെല്ലാം യൂട്യൂബ് കണ്ട് പഠിച്ചെന്നും ഷീല അഭിപ്രായപ്പെട്ടു.
തന്റെ മകനെക്കുറിച്ചും ഷീല സംസാരിച്ചു. എന്റെ മകന്റെ ബർത്ത്ഡേ മാത്രം എനിക്ക് ഭയങ്കര സ്പെഷ്യലാണ്. മാർച്ച് നാലിനാണ് പിറന്നാൾ. എന്റെ ജീവിതത്തിൽ അത് മാത്രമേ വലിയ സ്പെഷ്യലായി ഉള്ളൂ. ഞാൻ സെലിബ്രേറ്റ് ചെയ്യുന്ന ഒരേയൊരു ദിവസം മകന്റെ ബർത്ത് ഡേയാണെന്നും ഷീല വ്യക്തമാക്കി. യഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച് വളർന്ന ഷീലയ്ക്ക് അഭിനയ രംഗത്തോട് താൽപര്യമില്ലായിരുന്നു. വീട്ടിലെ സാഹചര്യം കൊണ്ടാണ് ഷീല അഭിനയ രംഗത്തേക്ക് വരുന്നത്.

അച്ഛൻ മരിച്ചതോടെ നടിയുടെ കുടുംബത്തിന്റെ ജീവിതം വഴിമുട്ടി. പത്ത് മക്കളായിരുന്നു ഷീലയുടെ മാതാപിതാക്കൾക്ക്. സിനിമയിലേക്ക് വന്നതോടെ ഷീലയായി കുടുംബത്തിന്റെ ആശ്രയം. സഹോദരങ്ങളെയെല്ലാം നല്ല നിലയിലെത്തിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നാണ് ഷീല പറയുന്നത്. സിനിമയിലേക്ക് വന്നതിൽ അച്ഛന്റെ കുടുംബത്തിന് എതിർപ്പുണ്ടായിരുന്നു. ഇന്ന് വരെയും തന്നോട് സംസാരിച്ചിട്ടില്ല.
ആ ദേഷ്യം ഇപ്പോഴും അവർക്കുണ്ട്. സിനിമ പാപമാണെന്ന് അവർ വിശ്വസിച്ചു. അച്ഛനും അങ്ങനെയായിരുന്നു. കുട്ടിക്കാലത്ത് സിനിമ കണ്ടതിന്റെ പേരിൽ അച്ഛൻ തന്നെയും സഹോദരങ്ങളെയും തല്ലിയിട്ടുണ്ടെന്നും ഷീല ഒരിക്കൽ പറയുകയുണ്ടായി. സിനിമയിലേക്ക് വന്ന ശേഷം തുടരെ അവസരങ്ങൾ ഷീലയ്ക്ക് ലഭിച്ചു. മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായി മാറി. ഒരു ഘട്ടത്തിൽ ഇടവേളയെടുക്കാൻ തീരുമാനിച്ചു. പിന്നീട് വർഷങ്ങൾക്കിപ്പുറമാണ് തിരിച്ചെത്തിയത്.


Click it and Unblock the Notifications