നയൻതാരയ്ക്ക് പേരിട്ടത് ഷീല!! വർഷങ്ങൾക്ക് മുമ്പുളള ആ കഥ വെളിപ്പെടുത്തി ഷീല...
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുളള താരമാണ് നയൻതാര. മലയാളത്തിലൂടെയാമ് നയൻസ് സിനിമയിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും തമിഴിലാണ് താരം സജീവമായിരിക്കുന്നത്. വളരെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് നടി മലയാളത്തിൽ ചെയ്തത്. എന്നാൽ ചെയ്ത ചിത്രങ്ങൾ എല്ലാം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളായിരുന്നു. താരത്തിന്റെ അന്യഭാഷ ചിത്രങ്ങൾക്കും കേരളത്തിൽ മികച്ച പ്രേക്ഷകരാണുള്ളത്.
2003 ൽ പുറത്തു വന്ന സത്യൻ അന്തിക്കാട് ചിത്രമായ മനസ്സിനക്കരെ എന്ന സിനിമയിലൂടെയാണ് നയൻതാര സിനിമയിൽ എത്തുന്നത്. ചിത്രത്തിൽ ജയറാമിന്റെ നായികയായിട്ടായിരുന്നു എത്തിയിരുന്നത്. ചിത്രത്തിലെ ഗൗരി എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക ശ്രദ്ധയായിരുന്നു ലഭിച്ചിരുന്നത്. ഷീല, ജയറാം, കെപിഎസി ലളിത എന്നിങ്ങനെ മുതിർന്ന താരങ്ങളോടൊപ്പമായിരുന്നു നയൻസിന്റെ അരങ്ങേറ്റം. ഈ ചിത്രത്തിലൂടെയായിരുന്നു നയൻ താര എന്ന പേരും നടിയ്ക്ക് ലഭിച്ചത്. നയൻതാരയുടെ പേര് കഥയെ കുറിച്ച് തുറന്നു പറയുകയാണ് നടി ഷീല. മനോരമ ഒൺലൈന്റെ ഐ മൈ സെൽഫിലായിരുന്നു ഇത് വെളിപ്പെടുത്തിയത്.

നയൻതാരയെ ആദ്യമായി കാണുന്നത്
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഷീല സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരയിലൂടെ മലയാള സിനിമയിൽ എത്തുന്നത്. ഈ ചിത്രത്തിലൂടെയായിരുന്നു നയൻതാരയുടെ അരങ്ങേറ്റം. നന്നായി അഭിനയിക്കാൻ കഴിവുളള കുട്ടിയാണെന്ന് ആദ്യം തന്നെ മനസ്സിലായി. കൂടാതെ കാണാനും നല്ല ഭംഗിയുണ്ടല്ലോ എന്നും ഓർമിച്ചിരുന്നു.

നയൻതാര എന്ന് പേര് കിട്ടിയത്
വിക്ടോറിയ എന്നോ മറ്റൊ ആയിരുന്നു അന്ന് അവരുടെ പേര്. ആ പേര് മാറ്റാൻ പോകുന്നു എന്ന് സംവിധായകൻ സത്യൻ അന്തിക്കാട് തങ്ങളോട് പറഞ്ഞു. അങ്ങനെ കുറെ പേരുകളുമായി എന്റേയും ജയറാമിന്റേയും അടുത്തു വന്നിരുന്നു. അങ്ങനെ ഞങ്ങളാണ് അവർക്ക് നയൻതാര എന്നുളള പേര് തിരഞ്ഞെടുത്തത്.

പേരിന്റെ പ്രത്യേകത
നയൻതാര എന്നുള്ള പേരിന്റെ പ്രത്യേകതയും ഷീല പറഞ്ഞു. നയൻതാര എന്നാൽ നക്ഷത്രം എന്നല്ലേ? അതുപോലെ തന്നെ ഏതുഭാഷയ്ക്കും ചേരുന്ന പേരാണിത്. ബോളുവുഡിലൊക്കെ പോകുമ്പോൾ ഈ പേര് ഗുണം ചെയ്യുമെന്നും പേര് തിരഞ്ഞെടുത്തപ്പോൾ തങ്ങൾ പറഞ്ഞിരുന്നു. ഡയാന മറിയം കുര്യൻ എന്നാണ് നയൻതാരയുടെ യഥാർഥ പേര്. മനസിനക്കരയ്ക്ക് തൊട്ട് പിന്നാലെ ലാലേട്ടൻ ചിത്രമാ.യ വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. പിന്നീടാണ് തമിഴിലേയ്ക്ക് പോകുന്നത്.

താരരാജക്കന്മാർക്കൊപ്പം
മലയാളത്തിൽ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് നയൻസ് അഭിനയിച്ചിട്ടുള്ളത്. എന്നാൽ താരം ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർ താരങ്ങളോടൊപ്പമായിരുന്നു. മനസ്സിനക്കരയ്ക്ക് ശേഷം അടുപ്പിച്ച് രണ്ട് ലാലേട്ടൻ ചിത്രത്തിൽ എത്തിയിരുന്നു. വിസ്മയത്തുമ്പത്തിൽ മോഹൻലാലിന്റെ നായികയായിട്ടും നാട്ടു രാജാവിൽ താരത്തിന്റെ സഹോദരിയായിട്ടുമായിരുന്നു. പിന്നീട് തമിഴിൽ സജീവമായ താരം മമ്മൂട്ടി ചിത്രമായ തസ്ക്കര വീരൻ, രാപ്പകൽ, പുതിയ നിയമം, ഭാസ്കർ ദി റാസ്ക്കൽ എന്നീ ചിത്രങ്ങളിൽ മമ്മൂക്കയ്ക്കൊപ്പം എത്തിയിരുന്നു. ബോർഡി ഗാഡിലൂടെ ദിലീപിന്റെ നായികയായും നയൻസ് എത്തിയിരുന്നു. ഇപ്പോൾ ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രമായ ലൗ ആക്ഷൻ ഡ്രാമയാണ് അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം


Click it and Unblock the Notifications











