മകനെ വളർന്ന ശേഷം കണ്ടില്ല, ഫോട്ടോ കാണാനാകുമോയെന്ന് ചോദിച്ചെത്തിയ ഷീലയുടെ മുൻ ഭർത്താവ്...: ബാലാജി പ്രഭു
സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികം തുറന്ന് സംസാരിക്കുന്ന ആളല്ല നടി ഷീല. തന്റെ മുൻ ഭർത്താവ് അന്തരിച്ച നടൻ രവിചന്ദ്രനെക്കുറിച്ച് ഷീല അധികം അഭിമുഖങ്ങളിലൊന്നും സംസാരിച്ചിട്ടില്ല. രവിചന്ദ്രനിൽ ഷീലയ്ക്ക് പിറന്ന മകനാണ് ജോർജ് വിഷ്ണു. രവിചന്ദ്രന് മറ്റൊരു ഭാര്യയും കുടുംബവുമുണ്ടായിരുന്നു. ഇതറിഞ്ഞതോടെയാണ് ഷീല ഈ ബന്ധം ഉപേക്ഷിച്ചത്. രവിചന്ദ്രനെക്കുറിച്ചും ജോർജ് വിഷ്ണുവിനെക്കുറിച്ചും ബാലാജി പ്രഭു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ബാലാജി പ്രഭുവിന്റെ പിതാവ് നിർമ്മിച്ച സിനിമയിൽ ജോർജ് വിഷ്ണു അഭിനയിച്ചിട്ടുണ്ട്.
ഒരു ദിവസം രാവിലെ രവിചന്ദ്രൻ എന്റെ അച്ഛന്റെ ഓഫീസിലേക്ക് വന്നു. അച്ഛനും അദ്ദേഹവും സംസാരിച്ചു. എന്റെ മകൻ നിങ്ങളുടെ കാതൽ റോജ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ടല്ലോ, അവനിപ്പോൾ എങ്ങനെയാണെന്ന് എനിക്കറിയില്ല. കുട്ടിയായിരുന്നപ്പോൾ കണ്ടതാണ്. പിന്നീട് അവനെ കണ്ടിട്ടില്ല. ഷൂട്ടിംഗ് സമയത്ത് അവനെ കാണണമെന്ന് കരുതിയതാണ്. എന്നാൽ അതൊരു ധർമസങ്കടമുണ്ടാക്കില്ലേ എന്ന് തോന്നി. സിനിമയുടെ ആൽബം ഉണ്ടാകില്ലേ, എനിക്കവനെ കാണാൻ അതിയായ ആഗ്രഹമുണ്ട്, അവനുള്ള ആൽബം കാണിക്കാമോ എന്ന് രവിചന്ദ്രൻ ചോദിച്ചു.

ഇപ്പോൾ ആൽബം സിസ്റ്റമില്ല. അക്കാലത്ത് അതുണ്ടായിരുന്നു. മൂന്ന് ആൽബമാണുണ്ടായിരുന്നത്. അത് മുന്നിൽ കൊണ്ട് വെച്ചതോടെ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു. പിരിഞ്ഞ ശേഷം ഷീലയാണ് മകനെ വളർത്തിയത്. മകൻ വളർന്നപ്പോൾ എങ്ങനെയാണെന്ന് അദ്ദേഹത്തിന് കാണണമായിരുന്നു. ആൽബം മറിച്ച് നോക്കവെ കണ്ണ് നിറഞ്ഞു. ഫോട്ടോകൾ ഉമ്മ വെച്ചു. അച്ഛൻ നിശബ്ദമായിരുന്നു. വെെകാരിക നിശബ്ദമായിരുന്നു അതെന്നും ബാലാജി പ്രഭു പറയുന്നു.
അത് കഴിഞ്ഞ് കുറേ വർഷങ്ങൾക്ക് ശേഷം രവിചന്ദ്രൻ സാറുടെ ആരോഗ്യം മോശമായി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായി. മരണക്കിടക്കയിൽ അദ്ദേഹത്തിന്റെ മനസ് അസ്വസ്ഥമായിരുന്നു. അദ്ദേഹം അഭിനയിച്ച പഴയ സിനിമകളിെല പാട്ടുകൾ കാസറ്റിലാക്കി അത് കേൾപ്പിച്ചപ്പോൾ കുറച്ച് സമാധാനം തോന്നി. എന്നാലും അദ്ദേഹത്തിന്റെ മനസിൽ എന്തോ ഒന്നുണ്ടായിരുന്നു. മരണം അടുത്തെത്തി, എന്നാൽ എന്തോ ഒന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. ഭാര്യ വിമലയ്ക്ക് കാര്യം മനസിലായി. ഷീലയിൽ പിറന്ന മകൻ ജോർജിനെ അദ്ദേഹത്തിന് കാണണം എന്നുണ്ട്. ഇവരുടെ കോമൺ ഫ്രണ്ടിനെ വിവരം അറിയിച്ചു.
അവർ ഷീലയെ സമീപിച്ചു. കാര്യം പറഞ്ഞപ്പോൾ മകനെ കാെണ്ടുപോകാൻ സമ്മതിച്ചു. ഐസിയുവിൽ വെച്ച് ജോർജ് തന്റെ പിതാവിനെ കണ്ടു. അച്ഛൻ വിഷമിക്കരുത്, ശരിയാകും എന്ന് പറഞ്ഞു. രവിചന്ദ്രന് അപ്പോഴും സംസാരിക്കാനാകുന്നില്ല. കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ടായിരുന്നു. മകനെ കണ്ട ശേഷം അദ്ദേഹം മരിച്ചെന്നും ബാലാജി പ്രഭു പറഞ്ഞു. മീഡിയ സർക്കിളിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.


Click it and Unblock the Notifications











