നന്നായിട്ട് എടുത്ത് വെക്കണമായിരുന്നു, നഷ്ടമായാൽ അപ്പോൾ ബെെ പറയുന്നു; ഒമർ ലുലുവിന് ഷീലുവിന്റെ മറുപടി
അബാം മൂവീസ് എന്ന പ്രൊഡക്ഷൻ കമ്പനിയുമായി സിനിമാ രംഗത്തേക്ക് വന്ന ഷീലു എബ്രാഹം നിർമാണത്തിനൊപ്പം അഭിനയത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വിജയ പരാജയങ്ങൾ ഒരുപോലെ അബാം മൂവീസ് നേരിട്ടിട്ടുണ്ട്. ഒമർ ലുലു സംവിധാനം ചെയ്ത ബാഡ് ബോയ്സ് നിർമ്മിച്ചത് അബാം മൂവീസാണ്. ഈ സിനിമയ്ക്ക് സംഭവിച്ച പരാജയത്തെക്കുറിച്ച് ഷീലു അടുത്തിടെ തുറന്ന് സംസാരിച്ചിരുന്നു. ബാഡ് ബോയ്സിന്റെ പരാജയം കാരണം വീട് വിറ്റു എന്നാണ് ഷീലു പറഞ്ഞത്.
പിന്നാലെ ഷീലുവിനെയും ഭർത്താവിനെയും പരിഹസിച്ച് ഒമർ ലുലു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. സംഭവത്തിൽ പ്രതികരിക്കുകയാണിപ്പോൾ ഷീലു. റിപ്പോർട്ടർ ലെെവിൽ സംസാരിക്കുകയായിരുന്നു നിർമാതാവ്. അദ്ദേഹത്തെ ഞാൻ കുറ്റം പറയുന്നില്ല. ഇന്റർവ്യൂകളിൽ ഞാനങ്ങനെ പറഞ്ഞല്ലോ. അദ്ദേഹത്തിന് പ്രൊഡ്യൂസറുടെ സെെഡിൽ നിൽക്കേണ്ട കാര്യമില്ല.

സിനിമാ മേഖലയിൽ പ്രൊഡ്യൂസർ ഒറ്റയ്ക്കാണ്. അതിന്റെ ഉദാഹരണമാണിത്. സിനിമ ഇറങ്ങുന്നത് വരെ ഒരു കുടുംബമാണെന്ന് പറയും. സിനിമ വിജയിച്ചാൽ അതിന്റെ ഗുണ ഫലങ്ങൾ എടുത്ത് അവർ പോകും. അടുത്ത സിനിമയ്ക്ക് വേണ്ടി ഒന്ന് കൂടി നമ്മുടെയടുത്ത് നിൽക്കും. നഷ്ടമായാൽ അപ്പോൾ ബെെ പറയും. ഇതും അങ്ങനെയേ കാണുന്നുള്ളൂ എന്ന് ഷീലു എബ്രഹാം വ്യക്തമാക്കി. ഏറ്റവും കൂടുതൽ സൗകര്യങ്ങൾ കൊടുത്ത സിനിമയാണ് ബാഡ് ബോയ്സ്. സിനിമ വിജയിക്കാത്തത് അവരുടെയും കുറ്റമാണ്. നന്നായിട്ട് എടുത്ത് വെക്കണമായിരുന്നു. ഒമർ ലുലു മാത്രമല്ല. അബാം മൂവീസിന്റെ മറ്റ് സിനിമകളുടെ പരാജയത്തിൽ സംവിധായകർക്കും പ്രവർത്തിച്ചവർക്കും തുല്യ പങ്കുണ്ടെന്നും ഷീലു എബ്രഹാം വ്യക്തമാക്കി.
സിനിമ ചെയ്ത് നഷ്ടം വന്ന് വീട് പോയി എന്ന് തമാശ രൂപേണ പറഞ്ഞപ്പോൾ സത്യവസ്ഥ തന്നെ വിളിച്ച് ചോദിക്കാതെ പല മാധ്യമങ്ങളും വാർത്ത കൊടുത്തു. സിനിമകൾ സൂക്ഷിച്ച് ചെയ്തില്ലെങ്കിൽ കിടപ്പാടം പോകുമെന്ന് മറ്റ് പ്രാെഡ്യൂസർമാരോട് സൂചിപ്പിക്കുകയാണ് ചെയ്തതെന്നും ഷീലു എബ്രഹാം വ്യക്തമാക്കി. സിനിമാ രംഗത്തെക്കുറിച്ച് ഒന്നുമറിയാതെയാണ് ആദ്യത്തെ സിനിമയിൽ ഞങ്ങൾ കാലെടുത്ത് വെക്കുന്നത്. ഒന്നരക്കോടി മുടക്കി. പക്ഷെ സിനിമ ഒട്ടും ഓടിയില്ല. ഒരു ചാനലുകാരും സിനിമ എടുത്തില്ല.

തിയറ്ററിൽ ഓടിയില്ല. ഒന്നരക്കോടി രൂപ പോയി. പിന്നെ അടുത്ത സിനിമയുമായുള്ള അപ്രോച്ച് വന്നു. അതാണ് ഷി ടാക്സി. ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം കാവ്യ തിരിച്ചെത്തിയ സിനിമ. അനൂപ് മേനോൻ ഉൾപ്പെടെ ഒരുപാട് ആർട്ടിസ്റ്റുകളുണ്ട്. രണ്ടരക്കോടിയാണ് മുതൽമുടക്ക്. പക്ഷെ ആ സിനിമയിൽ ഞങ്ങളുടെ ഭാഗത്ത് നിന്നും പിടിപ്പ്കേടുണ്ടായി. ഇവിടെ വെച്ച് ഷൂട്ട് ചെയ്യാനാകുമെങ്കിൽ ചെയ്താൽ മതി എന്ന് പറയാകുമെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞത് നാലഞ്ച് സിനിമകൾ കഴിഞ്ഞ ശേഷമാണ്.
അതുവരെയും അവർ പറയുന്നത് കേട്ട് ഞങ്ങൾ പെെസ മുടക്കിക്കൊണ്ടിരിക്കുന്നു. ഷീ ടാക്സിയുടെ മുടക്ക് മുതൽ നാലരക്കോടി വരെ എത്തി. പക്ഷെ അത് അത്യാവശ്യം ഓടിയ പടമാണ്. എങ്കിലും അവസാനം ഞങ്ങൾക്ക് നഷ്ടമാണ്. രണ്ടരക്കോടിയിൽ നിർത്തിയിരുന്നെങ്കിൽ ലാഭം വരുമായിരുന്നു. പക്ഷെ പോയി നിന്നത് നാലരക്കോടിയിലാണ്. അന്ന് നാലരക്കോടി എന്നത് വലിയ തുകയാണ്. അന്ന് ഒന്നരക്കോടിയൊക്കെ മതി സിനിമയ്ക്കെന്നും ഷീലു ചൂണ്ടിക്കാട്ടി.
പോയ കോടികൾ തിരിച്ച് കിട്ടാൻ ഏറ്റവു നല്ല മാർഗം സിനിമ തന്നെയാണ്. ഒരു പടം ക്ലിക്കായാൽ പോയതിന്റെ ഇരട്ടിയായി തിരിച്ച് കിട്ടും. അങ്ങനെയിരിക്കുമ്പോഴാണ് കനൽ എന്ന സിനിമ വരുന്നത്. അതിൽ മോഹൻലാലാണ് ഹീറോ. അപ്പോൾ നമ്മൾ ഒന്നും ചിന്തിക്കില്ലല്ലോ. അഞ്ചരക്കോടി രൂപയോളം കനലിന് മുടക്ക് മുതലായി. പക്ഷെ ആ സിനിമ നഷ്ടമല്ലായിരുന്നു. തിയറ്ററിൽ വലിയ ഓളമൊന്നും സൃഷ്ടിച്ചില്ല. കഥയിൽ പ്രശ്നമുണ്ടായിരുന്നു എന്നാൽ സിനിമ ലാഭമുണ്ടാക്കിയെന്നും ഷീലു എബ്രഹാം ഓർത്തു.


Click it and Unblock the Notifications











