പല നടൻമാർക്കും തലയിൽ മുടിയില്ല, അവർ എന്തൊക്കെ ചെയ്യുന്നുണ്ട്; ഹണി റോസിനെ പിന്തുണച്ച് ശീതൾ ശ്യാം
ബോബി ചെമ്മണ്ണൂരിനെതിരെ രംഗത്ത് വന്ന ഹണി റോസിന് സിനിമാ രംഗത്ത് നിന്ന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. സ്ത്രീത്വത്തെ അവഹേളിച്ച് കൊണ്ട് ബോബി ചെമ്മണ്ണൂർ തനിക്കെതിരെ പ്രസ്താവനകൾ നടത്തി എന്നാണ് ഹണി റോസിന്റെ പരാതി. ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ഹണിയെ പരിഹസിച്ചും അധിക്ഷേപിച്ചും ബോബി ചെമ്മണ്ണൂർ പരസ്യ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ മോശം കമന്റിട്ടവർക്കെതിരെയും ഹണി പരാതി നൽകിയിട്ടുണ്ട്. ഇതിൽ അറസ്റ്റ് നടന്ന് കൊണ്ടിരിക്കുകയാണ്.
ആദ്യമായാണ് തനിക്കെതിരെ വരുന്ന അധിക്ഷേപങ്ങൾക്കെതിരെ ഹണി റോസ് നിയമപരമായി മുന്നോട്ട് പോകുന്നത്. ഉദ്ഘാടന വേദികളിലെത്തുന്ന നടിയെ ബോഡി ഷെയിം ചെയ്ത് കൊണ്ട് നിരവധി കമന്റുകൾ സോഷ്യൽ മീഡിയിൽ വരാറുണ്ട്. ഇപ്പോഴിതാ ഹണി റോസിനെ പിന്തുണച്ച് കൊണ്ട് ശീതൾ ശ്യാം പങ്കുവെച്ച കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്. സ്വന്തം നിലയിൽ കരിയറിൽ വളർന്ന് വന്ന ആളാണ് ഹണിയെന്ന് ശീതൾ ചൂണ്ടിക്കാട്ടുന്നു.

'ഹണിയെപറ്റി ഒത്തിരി പേർ ഈ അവസരത്തിൽ പോസ്റ്റ് ഇടുന്നുണ്ട്. കുറച്ചു ദിവസം അങ്ങനെ പോസ്റ്റ് ഇടും പിന്നെ മറക്കും. മലയാളി എപ്പോഴും ശരീരം ലൈഗീകത എന്നീ വിഷയം കൈകാര്യം ചെയ്യാൻ കെൽപ്പുള്ളവർ അല്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടു ഇരിക്കുകയാണ്. വളരെ ബോധമുള്ള സ്ത്രീ പുരുഷ സ്വാതന്ത്ര്യം പറയുന്നവരുടെ പോസ്റ്റുകൾ പോലും അവരുടെ വ്യക്തി സ്വാതന്ത്ര്യം വസ്ത്രം അഭിനയം തൊഴിൽ എന്നിവയെ ചോദ്യം ചെയ്യുന്നത് കണ്ടു'
'ആ പെൺകുട്ടി ഒരു സാധാരണ കുടുംബത്തിൽ നിന്നും വന്ന് സിനിമയിൽ കേറി പറ്റിയ ഒരാൾ ആണ്. അധികം സിനിമ അവർക്കു ചെയ്യാൻ പറ്റിയിട്ടും ഉണ്ടാകില്ല. എങ്കിലും മലയാളം തെലുഗു തമിഴ് എന്നി ഭാഷയിൽ അഭിനയിച്ചു മുൻ നിര താരങളുടെ കൂടെ ജോലി ചെയ്യാൻ അവർക്കു കഴിഞ്ഞു സിനിമയിൽ നിന്നും ഉള്ള വരുമാനത്തേക്കാൾ അവർ മറ്റു പരിപാടികളിൽ (ഉദ്ഘാടനം, സ്റ്റേജ് ഷോ, സ്വകാര്യ പരിപാടികൾ )നിന്നും വരുമാനം കണ്ടെത്തി'

'ഇന്നവർക്ക് സ്വന്തമായി വീടുകൾ ഉണ്ട്. അതിൽ ഒന്നു കൊച്ചി മറൈൻ ഡ്രൈവിൽ ക്വീൻസ് വെ യുടെ അടുത്ത് ആണ് കോടികൾ വിലമതിക്കുന്ന ഫ്ലാറ്റ് (അവിടെ പോകാൻ കഴിഞ്ഞു എനിക്ക് ) സ്വന്തം ആയി ഒരു നിർമാണ കമ്പനി കൂടി അവർക്കുണ്ട്. വളരെ ശാന്ത സ്വഭാവം ഉള്ള ഒരു പ്രകൃതം ആണ് ആ കുട്ടിയുടേത്. അതിൽ ഉപരി മേക്കപ്പ് വളരെ കുറച്ചു ഉപയോഗിക്കുന്ന ഒരു വ്യക്തി കൂടിയാണ്. സ്വന്തമായി വസ്ത്രങ്ങൾ ചൂസ് ചെയ്ത് പരിപാടികൾക്ക് പോകുന്നു, പണം ഉണ്ടാക്കുന്നു. ഏകദേശം ഒരു മാസം രണ്ടോ മൂന്നോ ഉദ്ഘാടനം കിട്ടിയാൽ ചിലപ്പോൾ ഒരു സിനിമയിൽ കിട്ടുന്നതിനേക്കാൾ വരുമാനം ഉണ്ടാക്കുന്നു'
'ഹണിയുടെ ഇൻസ്റ്റഗ്രാമിൽ മില്ല്യൺ ഫോളോ ഉണ്ട്. മലയാളത്തിലെ മുൻ നിര നടി ആയവർക്ക് അത്രയും ഇല്ല. അതുകൊണ്ട് തന്നെ പുതിയ തലമുറ അവരെ ഇഷ്ടപ്പെടുന്നുണ്ട്. അവരുടെ റീൽസ് വാർത്തകൾ എന്നിവ ഷെയർ ചെയ്തു ഓൺ ലൈൻ മാധ്യങ്ങൾ കാശു ഉണ്ടാക്കുന്നുണ്ട്. അവരുടെ ശരീരം എന്താണ് എന്ന് ഇപ്പോഴും നമ്മുടെ സംശയം ആണ്. ലോകത്തിലെ സുന്ദരിമാരായ ഒത്തിരി അഭിനേത്രികൾ ശരീരം സർജറിക്കും ഭംഗി കൂട്ടുന്നതിനും ഉപയോഗിക്കും'
'പുരുഷന്മാർ അവരുടെ ശരീരം നല്ലത് പോലെ നിലനിർത്താൻ എന്തൊക്കെ ചെയ്യും. മലയാളത്തിലെ ഒത്തിരി നടൻമാർ അങ്ങനെ ഒക്കെ ചെയുന്നുണ്ട് പലർക്കും തലയിൽ മുടി ഇല്ല. സിനിമയിൽ സ്വാഭവിക നായകന്റെ പ്രായം തോന്നിക്കാൻ രണ്ടിൽ അധികം മേക്കപ്പ് മാൻ ജിം ട്രെയിനർ. നടിമാരുടെ കഥയും അങ്ങനെ തന്നെ ശരീരഭാരം കുറക്കുന്നു കൂട്ടുന്നു, ഫുഡ് സപ്ലിമെന്റ് എടുക്കുന്നു, ഡയറ്റ് ചെയ്യുന്നു ബോട്ടൊക്സ് ചെയുന്നു, ആന്റി എയ്ജ് ഇൻജെക്ഷൻ എടുക്കുന്നു, ഗ്ളൂട്ടോത്തിയൊൻ എടുക്കുന്നു, കൊച്ചിയിൽ ഒരു ഹോസ്പിറ്റലിൽ സ്ഥിരം നടക്കുന്ന പ്ലാസ്റ്റിക് സർജറിയുടെ മുഖ്യ പങ്ക് സിനിമ മേഖലയിൽ മോഡൽ രംഗത്ത് ഉള്ളവർ'
'രാഷ്ട്രീയ രംഗത്ത് ഉള്ളവർ പോലും കൊച്ചിയിൽ ഉള്ള ഒരു സ്കിൻ ക്ലിനികിൽ ഈ ചികിത്സ ചെയ്യാൻ വരുന്നു. വെളുത്ത നിറം കൂട്ടാൻ ഉതകുന്ന ചികിത്സ ആണ് കൂടുതൽ ഉള്ളത്. ഹണിയെ പോലെ ഒരു വ്യക്തി അവർ എന്തും ആയിക്കോട്ടെ, ശരീരം അവരുടെ ആണ്. നിങ്ങൾ എന്തിനാണ് അതൊക്കെ നോക്കുന്നത്. ഇതുപോലെ തന്നെ ഉള്ള രണ്ടു ആർട്ടിസ്റ്റുകളെ ഇതുപോലെ പറയുന്നുണ്ട്. അന്ന രാജൻ (ലിച്ചി ) മാളവിക എന്നിവരെ പറ്റി,' ശീതൾ ശ്യാമിന്റെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങളിങ്ങനെ.
പല രാജ്യങ്ങളിലും പോയി ബോൾ റൂം ഡാൻസ്, പാർലർ ഡാൻസ്, ബാർ ഡാൻസ്, ഫാഷൻ ഷോ തുടങ്ങിയ കലകൾ കാണുന്ന മലയാളികൾ നമ്മുടെ നാട്ടിൽ ആരെങ്കിലും ഇത് ചെയ്യാൻ ശ്രമിച്ചാൽ പ്രശ്നമാക്കുമെന്നു ശീതൾ ശ്യാം കുറിപ്പിൽ പറയുന്നുണ്ട്. തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളും ശീതൾ തുറന്നെഴുതിയിട്ടുണ്ട്.


Click it and Unblock the Notifications