'ഡോക്ടർമാരോട് സംസാരിക്കുന്നുണ്ട്, ചേട്ടൻ ശിവയൊക്കെ വന്നിട്ടുണ്ട്, രാവിലെയാണ് അറിഞ്ഞത്'; ബാലയെ കുറിച്ച് അനൂപ്!
ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ ഉണ്ണി മുകുന്ദന്റെ സുഹൃത്തായിട്ടാണ് ബാല അഭിനയിച്ചത്. അനൂപ് പന്തളം ആദ്യമായി സംവിധാനം ചെയ്ത സിനിമ കൂടിയായിരുന്നു ഇത്
വീണ്ടും സിനിമാ തിരക്കുകളിലേക്ക് നീങ്ങുന്നതിനിടെ നടൻ ബാലയെ കരൾ, ഹൃദയം സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരാധകർക്കും സിനിമാ പ്രേമികൾക്കും വലിയ ഷോക്ക് നൽകിയ വാർത്ത കൂടിയായിരുന്നു ബാല ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന തരത്തിൽ വന്ന റിപ്പോർട്ട്.
സോഷ്യൽമീഡിയയിൽ സജീവമായ നടനായതുകൊണ്ട് തന്നെ ബാലയുടെ അസുഖ വിവാരം അറിഞ്ഞപ്പോൾ മുതൽ പ്രാർഥനകളുമായി കഴിയുകയാണ് ആരാധകർ.

സിനിമാ രംഗത്ത് നിന്നും എൻ. എം ബാദുഷ, ഉണ്ണി മുകുന്ദൻ, ബാബു രാജ്, സുരേഷ് കൃഷ്ണ അടക്കമുള്ളവർ ബാലയുടെ അസുഖ വിവരം അറിഞ്ഞതോടെ താരത്തെ കാണാനായി അമൃത ആശുപത്രിയിൽ എത്തിയിരുന്നു.
പിന്നാലെ ബാലയുടെ മുൻ ഭാര്യ അമൃതയും മകൾ പാപ്പവും ബാലയെ സന്ദർശിക്കാൻ എത്തിയിരുന്നു. ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ മുതൽ അവിടെ തന്നെ സന്ദർശിക്കാൻ എത്തിയവരോടെല്ലാം മകളെ കാണണമെന്ന ഒറ്റ ആഗ്രഹം മാത്രമാണ് ബാല പറഞ്ഞത്.
ബാല അവസാനമായി അഭിനയിച്ച ഷെഫീക്കിന്റെ സന്തോഷമെന്ന മലയാള സിനിമയുടെ സംവിധായകൻ അനൂപ് പന്തളവും ബാലയെ കാണാനായി എത്തിയിരുന്നു. ബാലയെ സന്ദർശിച്ച് തിരികെ വരവെ താരത്തിന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയെ കുറിച്ച് അനൂപ് വൺ ഇന്ത്യ മലയാളത്തോട് സംസാരിക്കുകയും ചെയ്തു.
'പുള്ളി ഓക്കെയാണ് സെറ്റാണ്... അദ്ദേഹം സംസാരിക്കുന്നുണ്ട്. കുഴപ്പമൊന്നുമില്ല. പുള്ളി ആക്ടീവാണ്. ഡോക്ടർമാരോട് സംസാരിക്കുന്നുണ്ട്. ചേട്ടൻ ശിവയൊക്കെ വന്നിട്ടുണ്ട്. ഞാൻ രാവിലെ അറിഞ്ഞതാണ്. വേറെ പ്രശ്നങ്ങളൊന്നുമില്ല' എന്നാണ് അനൂപ് പന്തളം പറഞ്ഞത്.
ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ ഉണ്ണി മുകുന്ദന്റെ സുഹൃത്തായിട്ടാണ് ബാല അഭിനയിച്ചത്. അനൂപ് പന്തളം ആദ്യമായി സംവിധാനം ചെയ്ത സിനിമ കൂടിയായിരുന്നു ഇത്. സിനിമ റിലീസ് ആയി സക്സസായ ശേഷം നിർമാതാവ് ഉണ്ണി മുകുന്ദൻ തനിക്ക് പ്രതിഫലം തന്നില്ലെന്ന് ആരോപിച്ച് ബാല രംഗത്തെത്തുകയും പിന്നീട് നിരവധി വിവാദങ്ങളുണ്ടാവുകയും ചെയ്തിരുന്നു.
ആ സംഭവത്തിന് ശേഷം ബാല ഉണ്ണി മുകുന്ദൻ അടക്കമുള്ളവരുമായി അകൽച്ചയിലായിരുന്നു. ബാല എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നാണ് ആരാധകരും താരത്തിന്റെ സോഷ്യൽമീഡിയ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്.

'ബാലയുടെ സഹോദരനും മുൻഭാര്യ അമൃതയും മകളും ബാലയെ കണ്ട് സംസാരിച്ചു. ഏകദേശം മുക്കാൽ മണിക്കൂറോളം ബാല അമൃതയോടും മകളോടും സംസാരിച്ചു. ആശുപത്രിയിൽ ബാലയ്ക്ക് വേണ്ട ചികിത്സ നൽകുന്നുണ്ട്. ബാല സുഖം പ്രാപിച്ച് വരുമെന്നാണ് വിശ്വസിക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അസംബന്ധമാണ്.'
'ഞാൻ അടക്കം ആശുപത്രിയിൽ എത്തിയത് ബാലയുടെ അവസ്ഥ ഗുരുതരമാണെന്ന് ഓൺലൈൻ ന്യൂസിൽ വായിച്ചിട്ടാണ്. ഓൺലൈൻ ന്യൂസിൽ പറഞ്ഞതിൽ നിന്നും രാപ്പകൽ വ്യത്യാസമുള്ള ബാലയെയാണ് ആശുപത്രിയിൽ കണ്ടത്. ബാലയുടെ അവസ്ഥ ഗുരുതരമാണെന്ന് പറയാൻ കഴിയില്ല. ബാല സംസാരിക്കുന്നുണ്ട്.'
'ഇവിടെ നിന്നും ചെന്നൈയിലേക്ക് മാറ്റണോ എന്നൊക്കെ അദ്ദേഹത്തിന്റെ കുടുംബവും ആശുപത്രി അധികൃതരും ചേർന്ന് തീരുമാനിക്കും' എന്നാണ് കുറച്ച് മുമ്പ് ബാലയുമായി ബന്ധമുള്ള സുഹൃത്ത് പറഞ്ഞത്. ബാലയുടെ രണ്ടാം ഭാര്യ എലിസബത്തും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. വളരെ നാളുകൾക്ക് ശേഷം ഇന്നാണ് ബാല മകളെ കാണുന്നത്.
2019ലാണ് ബാലയും അമൃതയും ബന്ധം വേർപ്പെടുത്തിയത്. ഇപ്പോൾ അമൃത ഗായകനും സംഗീത സംവിധായകനുമായ ഗോപി സുന്ദറുമായി പ്രണയത്തിലാണ്. ബാല അഭിനയിച്ചതിൽ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകൾ പുതിയമുഖം, എന്ന് നിന്റെ മൊയ്തീൻ, ഷെഫീക്കിന്റെ സന്തോഷം എന്നിവയാണ്. രണ്ടാം വിവാഹത്തിന് ശേഷം സിനിമകളിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു ബാല.


Click it and Unblock the Notifications