'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'
രാഷ്ട്രീയം മാറ്റി നിർത്തിയാൽ സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹിയേയും നടനേയും നൂറ് ശതമാനം ആത്മാർത്ഥതോയടെ സ്നേഹിക്കുന്നവരാണ് മലയാളികൾ. മലയാളികളിൽ ഒരു വിഭാഗത്തിന് വിയോജിപ്പുള്ളത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തോടാണ്. രാഷ്ട്രീയം ഉപേക്ഷിച്ച് സിനിമയിൽ തന്നെ സുരേഷ് ഗോപി സജീവമായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. എന്നാൽ രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുമ്പോഴും വളരെ സെലക്ടീവായി അദ്ദേഹം സിനിമകൾ ചെയ്ത് വിജയമാക്കുന്നുണ്ട്.
തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർഥിയായതിനാൽ തിരഞ്ഞെടുപ്പ് പ്രചാരണവും മറ്റുമായി തിരക്കിലാണ് ഇപ്പോൾ സുരേഷ് ഗോപി. അതേസമയം ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പാണ് വൈറലാകുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ വിനോദ് ഗുരുവായൂരിന്റേതാണ് കുറിപ്പ്.

ശിഖാമണി, ഹീറോ തുടങ്ങിയ സിനിമകൾ എഴുതിയത് വിനോദ് ഗുരുവായൂരാണ്. സുരേഷ് ഗോപിയുമായി ഒരു കുടുംബാംഗത്തോടുള്ളത് പോലുള്ള സൗഹൃദം വിനോദിനുണ്ട്. സുരേഷ് ഗോപി എന്ന മനുഷ്യനെ കുറിച്ചുള്ളതാണ് വിനോദ് ഗുരുവായൂരിന്റെ കുറിപ്പ്. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴുള്ള അനുഭവവും കുറിപ്പിൽ വിനോദ് വിവരിച്ചിട്ടുണ്ട്.
വിനോദ് എഴുതിയത് ഇങ്ങനെയാണ്... 'മകളുടെ വിവാഹ ദിവസം വരന് കൈ പിടിച്ച് കൊടുത്തതിനുശേഷം പതുക്കെ സ്റ്റേജിൽ നിന്നും സുരേഷ് ചേട്ടൻ ഇറങ്ങി. അടുത്ത് ഉണ്ടായിരുന്ന എന്നെയും സാജൻ ചേട്ടനെയും വിളിച്ചു. നേരെ നടന്നു ചേട്ടൻ.. പുറകിൽ ഞങ്ങളും. അവസാനം ഒരു മുറിയിൽ ഞങ്ങളോടൊപ്പം കുറച്ച് സമയം ഇരുന്നു.'
'മകളുടെ ചെറുപ്പം മുതലുള്ള കഥകൾ പറയുന്നു. അപ്പോഴെല്ലാം കണ്ണുകൾ നിറയതിരിക്കാൻ സുരേഷേട്ടൻ ശ്രദ്ധിക്കുന്നുണ്ട്. ഒരു വലിയ കടമ നിറവേറ്റി ഞങ്ങളുടെ മുമ്പിൽ ഇരിക്കുന്ന ആ അച്ഛനെ ഞാനവിടെ കണ്ടു. ആ സമയം എനിക്ക് തോന്നിയ സന്തോഷം എന്താണെന്ന് അറിയാമോ... ഒരു അനിയനെ എന്നിൽ കണ്ടുവെന്ന സന്തോഷം. 25 വർഷങ്ങൾ ഇതുപോലെ കൊണ്ട് നടന്നിട്ടുണ്ട് അദ്ദേഹം.'
'25 വർഷം മുമ്പ് വെട്ടിച്ചിറ എന്ന സ്ഥലത്ത് പുറംപോക്കിൽ ഒരു ഓല ഷെഡിൽ താമസിച്ച് പത്താം ക്ലാസിൽ ഒന്നാം ക്ലാസ്സ് വാങ്ങിയ കൊച്ചു മിടുക്കിക്ക് വീട് വെച്ച് നൽകാൻ അദ്ദേഹം വിട്ടത് എന്നെയായിരുന്നു. പിന്നെ ഒരുപാടുപേരുടെ സന്തോഷങ്ങൾ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. എന്റെ ചേട്ടന് വിജയാശംസകൾ', എന്നായിരുന്നു വിനോദ് ഗുരുവായൂരിന്റെ കുറിപ്പ്.

കുറിപ്പ് വൈറലായതോടെ നടന് വിജയാശംസകളുമായി നിരവധിപേർ എത്തി. ഒരുപാടുപേരെ സിനിമയിലും അല്ലാതെയും പലരീതിയിലും സഹായിച്ച സുരേഷ് ഏട്ടന് വിജയാശംസകൾ നേരാൻ സിനിമയിൽ നിന്നും ഒരാളെങ്കിലും മുൻപോട്ടു കടന്ന് വന്നതിന് വളരെ നന്ദി. നിങ്ങളുടെ ഏട്ടനെന്ന് പറയുമ്പോൾ വല്യ അഭിമാനവും ചെറുതല്ലാത്ത അഹങ്കാരവും ഉണ്ടെന്ന് തോന്നുന്നു... എന്നാൽ നിങ്ങളുടെ മാത്രം ഏട്ടനല്ല... ഞങ്ങളുടെയും കൂടിയാണ്,
സിനിമാ ലോകത്ത് നിന്ന് നിങ്ങൾ മാത്രമേ ഉള്ളൂ... നന്ദി ചേട്ടാ... ഓർത്തതിന് എന്നിങ്ങനെ നീളുന്നു വിനോദിന്റെ കുറിപ്പിന് വന്ന കമന്റുകൾ. അതേസമയം കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആശുപത്രിയിൽ പ്രതിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന്റെ പിതാവ് മോഹൻദാസ് എത്തിയിരുന്നു.
വന്ദന ദാസ് മരിച്ചതിന്റെ തൊട്ടടുത്ത ദിവസം സുരേഷ് ഗോപി വന്ദനയുടെ വീട്ടിൽ പോയി മാതാപിതാക്കളെ നേരിൽ കണ്ട് ആശ്വസിപ്പിക്കുകയും നിയമ സഹായങ്ങൾക്ക് മുൻകൈ എടുക്കുകയും ചെയ്തതാണ്. ഭാഗ്യ സുരേഷിന്റെ വിവാഹത്തിലെ മുഖ്യ അതിഥികളിൽ ഒരാളും വന്ദനയുടെ പിതാവായിരുന്നു.


Click it and Unblock the Notifications