ആ കുട്ടിയെ ഒരു പ്രൊപ്പർട്ടിയായി കണ്ട് കമന്റ് ചെയ്യുന്നു, 12 വയസിൽ ഏറ്റവും മോശം അവസ്ഥയിലെത്തും; ശിൽപ ബാല
നടിയും അവതാരകയുമായ ശില്‍പ ബാല ചെറിയ പ്രായത്തില്‍ അഭിനയത്തിലേക്ക് എത്തിയ താരമാണ്. വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിത ആയത് അവതാരകയുടെ റോളില്‍ എത്തിയാണ്. നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെ ശില്പ സജീവമായിരുന്നു.
അതിലുപരി വ്യക്തി ജീവിതത്തിലെ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചാണ് നടി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിറഞ്ഞുനില്‍ക്കാറുള്ളത്. മകള്‍ക്കൊപ്പമുള്ള ജീവിതത്തെ പറ്റി പറയാറുള്ള ശില്പ കേരളത്തിലുള്ള ബാലതാരങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ പറ്റി പറയുകയാണിപ്പോള്‍. എഡിറ്റോaറിയല്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു ശില്പ ബാല.

'16 വയസ്സുള്ള കുട്ടിയായിട്ട് ഞാന്‍ ദുബായില്‍ ഒരു പരിപാടിക്ക് ചീഫ് ഗസ്റ്റ് ആയി പോയിരുന്നു. ഇന്ന് ആലോചിക്കുമ്പോള്‍ അത് എങ്ങനെയായിരുന്നു എന്ന് തോന്നും. ഞാന്‍ എന്താണ് അവിടെ ചെയ്തുകൂട്ടിയത് എന്നറിയില്ല. ഇനി അത് കേരളത്തിലായിരുന്നെങ്കില്‍ എന്റെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയാകുമായിരുന്നു. ഞാനത് പറയാന്‍ കാരണം ഇപ്പോള്‍ മലയാളത്തില്‍ അടക്കം ബാലതാരമായി നിരവധി കുഞ്ഞുങ്ങള്‍ അഭിനയിക്കുന്നുണ്ട്.
പലരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനൊപ്പം ശ്രദ്ധിക്കപ്പെടുകയും ചെയ്യും. അങ്ങനെയുള്ള ബാലതാരങ്ങളെ പൊതു പരിപാടികളിലേക്ക് അതിഥിയായി വിളിക്കുമ്പോള്‍ വിളിക്കുന്നവരാണ് ആ കുട്ടികള്‍ എന്തെങ്കിലും സംസാരിക്കണമോ എന്ന് നോക്കേണ്ടത്. അവരെക്കൊണ്ട് വേദിയില്‍ സംസാരിക്കണമെന്ന് തീരുമാനിച്ചാല്‍ വീട്ടില്‍ നിന്ന് വരുമ്പോള്‍ തന്നെ മാതാപിതാക്കള്‍ പലതും പഠിപ്പിച്ചിട്ടുണ്ടാവും. പക്ഷേ മൈക്കിലൂടെ ആ കുട്ടി സംസാരിച്ച കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പലതരത്തിലാണ് പ്രചരിക്കുക.

നാട്ടുകാര്‍ ആ കുട്ടിയെ ഒരു പ്രൊപ്പര്‍ട്ടിയായി കണ്ടിട്ട് കമന്റ് ചെയ്ത് കുളമാക്കുകയാണ്. എന്തിനാണ് കുട്ടികളെ ആ രീതിയില്‍ എക്‌സ്‌പോസ് ചെയ്യുന്നത്. ആ കുട്ടിയ്ക്ക് ഈ സോഷ്യല്‍ മീഡിയ വളരെ എളുപ്പം കൈകാര്യം ചെയ്യാന്‍ സാധിക്കും. ചെറിയ പ്രായത്തില്‍ തന്നെ ആ കുട്ടിയെ മാനസികമായി ഇത് ബാധിക്കും.
ഒന്‍പതോ പത്തോ വയസുള്ള കുട്ടിയുടെ മനസിലേക്ക് ഇത്രയും നെഗറ്റിവിറ്റിയായിരിക്കും കയറുക. ആളുകള്‍ എഴുതിയതൊക്കെ വായിക്കുന്നതോടെ മിനുറ്റുകള്‍ക്കുള്ളില്‍ ആ കുട്ടിയുടെ ഇന്നസെന്‍സ് നഷ്ടപ്പെടും. പന്ത്രണ്ട് വയസാകുമ്പേഴേക്കും ആ കുട്ടി അവളുടെ മോശം സമയത്തിലൂടെയാകും കടന്ന് പോവുക. ആ ഒരു കാര്യത്തില്‍ എനിക്ക് വളരെ മോശമായിട്ടാണ് തോന്നാറുള്ളത്.


Click it and Unblock the Notifications