ഡാഡി കരഞ്ഞു, എന്റെ പ്ലഷർ കാരണം ആർക്കും സ്വസ്ഥതയില്ല; ഇനിയൊന്നും വേണ്ട: ഷെെൻ ടോം ചാക്കോ
വിവാദങ്ങളുടെ നടുവിലായിരുന്നു ഈയടുത്ത് നടൻ ഷെെൻ ടോം ചാക്കോ. ലഹരിക്കേസിൽ പൊലീസ് ചോദ്യം ചെയ്തതോടെ വ്യാപക വിമർശനം ഷെെനിന് നേരെ വന്നു. സിന്തറ്റിക് ലഹരി ഉപയോഗിക്കാറുണ്ടെന്ന് നടൻ ചോദ്യം ചെയ്യലിൽ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ ലഹരിക്കേസിൽ നടന് പങ്കില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. നടി വിൻസി അലോഷ്യസ് ഷെെനിനെതിരെ സിനിമാ സംഘടനകൾക്ക് പരാതി നൽകിയിരുന്നു. ഷെെൻ സെറ്റിൽ വെച്ച് മോശമായി സംസാരിച്ചു എന്നായിരുന്നു പരാതി.
പിന്നീട് ഈ പ്രശ്നം ചർച്ച ചെയ്ത് പരിഹരിച്ചു. വിവാദങ്ങൾക്കിടെ ഷെെൻ ലെെം ലെെറ്റിൽ നിന്നും മാറി നിന്നു. ചെറിയ ഇടവേളയ്ക്ക് ശേഷം ഷെെൻ നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കൂടെ നിന്ന കുടുംബത്തെക്കുറിച്ച് ഷെെൻ ടോം ചാക്കോ സംസാരിച്ചു. അച്ഛനും അമ്മയ്ക്കും ഇപ്പോഴും പ്രായമായതിന്റെ ബുദ്ധിമുട്ടുകളുണ്ട്. ശ്രദ്ധിക്കാതെ പോയ പല കാര്യങ്ങളിലും തന്റെ ശ്രദ്ധ വരാൻ ഈ സംഭവം സഹായിച്ചെന്ന് ഷെെൻ ടോം ചാക്കോ പറയുന്നു.

വൺ 2 ടോക്സിനോടാണ് പ്രതികരണം. വലിയിൽ നിന്നും മറ്റും എനിക്ക് പ്ലഷർ കിട്ടുന്നുണ്ട്. ആ പ്ലഷർ കൊണ്ട് ബാക്കിയുള്ളവർക്ക് യാതൊരു തരത്തിലുള്ള സ്വസ്ഥതയും കിട്ടുന്നില്ല. അവരുടെ ജീവിതത്തിന്റെ സുരക്ഷിതത്വം ഇല്ലാതാകുന്നു. ന്യൂസിലന്റിൽ താമസിക്കുന്ന സഹോദരിമാരെയടക്കം ബാധിക്കുന്നു. മൊത്തം ബന്ധുക്കളെ ബാധിക്കുന്നു. തന്റെ ഭാഗത്തെ തെറ്റുകൾ മനസിലാക്കുന്നെന്നും ഇതൊന്നും വേണ്ടെന്ന് തോന്നുന്നുണ്ടെന്നും ഷെെൻ ടോം ചാക്കോ പറയുന്നു.
2015 ജനുവരി 31ാം തിയതി എന്റെ പേരിൽ കൊക്കെയിൻ കേസുണ്ടായിരുന്നു. ഈയടുത്താണ് ഞാൻ നിരപരാധിയാണെന്ന് വിധി വന്നത്. പുലർച്ചെയാണ് അറസ്റ്റ് ചെയ്ത് സൗത്ത് സ്റ്റേഷനിൽ കൊണ്ട് വരുന്നത്. എന്നെ മുകളിലിരുത്തി. താഴെ നിന്ന് ഡാഡി കരയുന്ന വിഷ്വൽ എനിക്ക് കിട്ടി.

ഡാഡി കരഞ്ഞ് ഞാൻ കണ്ടിരുന്നില്ല. ചാനലിലൂടെയാണ് വീട്ടുകാർ ഈ വിഷയം അറിയുന്നത്. ജോക്കുട്ടൻ (അനുജൻ) അന്ന് ബാഗ്ലൂരിൽ ജോലിക്ക് കയറിയ ദിവസമാണ്. ജോലി വേണ്ടെന്ന് വെച്ച് അവൻ കുടുംബത്തോടൊപ്പം നിന്നു. മമ്മിക്ക് കേസുമായി ബന്ധപ്പെട്ട് ഒരുപാട് പേർക്ക് ഉത്തരം കൊടുക്കേണ്ടി വന്നു. അല്ലെങ്കിലേ ചെറുപ്പം മുതൽ എന്നെക്കൊണ്ടുള്ള ബുദ്ധിമുട്ടുണ്ട്.
താൻ അറസ്റ്റിലായപ്പോൾ ഇനി ചായയും ഐസ്ക്രീമും കഴിക്കില്ലെന്ന് മമ്മി തീരുമാനിച്ചതാണ്. ഇനി ഞാൻ പുകവലിക്കില്ലെന്ന് പറഞ്ഞ് ഞാൻ വാർത്താ സമ്മേളനം നടത്തി. അന്ന് ഞാൻ ഫിസിക്കലി പറഞ്ഞതാണ്. കുറച്ച് കഴിഞ്ഞപ്പോൾ വീണ്ടും തുടങ്ങി. എന്റേതായ ദുശീലങ്ങൾ അതുമായി ബന്ധപ്പെട്ടുണ്ടായി.
ചുറ്റും വരുന്ന ആളുകളെ വിശ്വസിക്കരുതെന്ന് എപ്പോഴും ഇവർ പറയും. എന്നാൽ വിശ്വസിക്കുകയേ താൻ ചെയ്തിട്ടുള്ളൂയെന്ന് ഷെെൻ ടോം ചാക്കോ പറയുന്നു. കൂട്ടുകാരെപ്പോഴും കൂട്ടുകാരാണ്. അതിൽ മോശവുമില്ല. നല്ലതുമില്ല. താൻ എല്ലാവരെയും വിശ്വസിക്കുന്നയാളാണെന്നും ഷെെൻ ടോം ചാക്കോ പറയുന്നു. കരിയറിൽ തുടരെ സിനിമകൾ ചെയ്യവെയാണ് ഷെെൻ ടോം ചാക്കോ വിവാദങ്ങളിൽ അകപ്പെട്ടത്. നായകനായും സഹനടനായും വില്ലനായും നിരവധി സിനിമകൾ നടൻ ചെയ്യുന്നുണ്ട്.

ഹെെബ്രിഡ് കഞ്ചാവ് കേസിലാണ് ഷെെൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നീ നടൻമാരെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. പിന്നീട് ഫിലിം മേക്കേർസ് ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ, റാപ്പർ വേടൻ തുടങ്ങിയ പ്രമുഖരെയും കഞ്ചാവുമായി പിടികൂടി. മലയാള സിനിമാ രംഗത്തെ ലഹരി ഉപയോഗം വലിയ തോതിൽ ചർച്ചയായ സമയായിരുന്നു ഇത്. ഇതിനിടെയാണ് നടി വിൻസി അലോഷ്യസ് ഷെെൻ ടോം ചാക്കോയ്ക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. ഫിലിം ചേംബറിലും അമ്മയിലുമാണ് വിൻസി ഷെെനിനെതിരെ പരാതി കൊടുത്തിരുന്നത്.
സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ച് ഷെെൻ ടോം ചാക്കോ മോശമായി സംസാരിച്ചെന്ന് വിൻസി ആരോപിച്ചു. പിന്നാലെ പേര് മാധ്യമങ്ങളിലൂടെ പുറത്ത് വന്നു. ഷെെൻ മാപ്പ് പറഞ്ഞ ശേഷം നിയമനടപടിയുമായി മുന്നോട്ട് പോകാൻ വിൻസി തയ്യാറായില്ല. സൂത്രവാക്യം സിനിമയുമായി ബന്ധപ്പെട്ട് പുതിയ അഭിമുഖത്തിലും വിൻസി സംസാരിക്കുന്നുണ്ട്. ഈ സിനിമയെക്കുറിച്ച് എന്തെങ്കിലും പറയാനുള്ള വോയ്സ് എനിക്കുണ്ടോ എന്നറിയില്ല. നല്ല സിനിമയാണെങ്കിൽ എല്ലാവരും പോയി രണ്ട് ഏറ്റെടുക്കണം. ഒരാളുടെ വ്യക്തി ജീവിതവും പേഴ്സണൽ ജീവിതവും രണ്ടാണ്. രണ്ടും ബന്ധപ്പെടുത്തി സിനിമയുടെ ഭാവി ഇല്ലാതാക്കരുതെന്നും വിൻസി അലോഷ്യസ് പറഞ്ഞു.
വിവാദങ്ങൾ ഷെെൻ ടോം ചാക്കോയുടെ കരിയറിനെ ബാധിക്കില്ലെന്നും ശബ്ദമുയർത്തിയ വിൻസിക്കാണ് നഷ്ടം സംഭവിക്കുകയെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്. അതേസമയം നടനെതിരെ പ്രതികരിച്ചതിൽ നിരവധി പേർ വിൻസി അലോഷ്യസിനെ അഭിനന്ദിച്ചു. ഡബ്ല്യുസിസി സംഘടനയും സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവരും ഷെെൻ ടോം ചാക്കോയെ വിമർശിക്കുകയും ചെയ്തു. സംവിധായകൻ വിനയൻ മലയാള സിനിമാ ലോകത്തെ പ്രബലരെ ഈ വിഷയത്തിൽ വിമർശിച്ചു.
'2010 മുതൽ മഹാനടൻ തിലകനെ സിനിമയിൽ നിന്നും വിലക്കി മാറ്റി നിർത്തിയത് മയക്കുമരന്നുപയോഗിച്ചതിനല്ല.. കൂടെ അഭിനയിക്കുന്ന നടിയോട് മോശമായി പെരുമാറിയതിനുമല്ല. "ചില സിനിമാ സംഘടനകൾ മാഫിയകളെ പോലെ പെരുമാറുന്നു" എന്നു പറഞ്ഞതിനാണ് ആ മനുഷ്യനെ നമ്മുടെ സിനിമാ സംഘടനകൾ ആത്മരോഷത്തോടെയും ആവേശത്തോടെയും ശിക്ഷിച്ചത്. നാടു മുടിഞ്ഞു പോകുന്നതും മലയാള സിനിമയെ നശിപ്പിക്കുന്നതുമായ ക്രിമിനൽ പ്രവർത്തിയാണല്ലോ തിലകൻ ചേട്ടൻ അന്നു ചെയ്തത്.. അല്ലേ...?'
'ആ വിലക്കിന്റെ വേദനയോടെ തന്നെ ഈ ഭൂമിയിൽ നിന്നു വിടവാങ്ങിയ ആ കലാകാരന്റെ ആത്മാവ് ഇന്നത്തെ മലയാളസിനിമയുടെ അവസ്ഥയെ നോക്കി പൊട്ടിച്ചിരിക്കുന്നുണ്ടാകണം. ഒരുത്തൻ മയക്കുമരുന്നടിച്ചിട്ട് സിനിമാ സെറ്റിൽ വച്ച് തന്നെ അപമാനിച്ചു. വെളുത്തപൊടി വായീന്ന് തുപ്പുന്നതു കണ്ടു എന്നൊക്കെ പരസ്യമായി പറയാനും അയാടെ പേരും സിനിമാ സെറ്റിന്റെ പേരും വരെ എഴുതി സംഘടനകളായ സംഘടനകൾക്കൊക്കെ പരാതി കൊടുക്കാനും ധൈര്യം കാണിച്ച ഒരു യുവനടി ഇന്നാ പരാതി പിൻവലിക്കാൻ കാണിക്കുന്ന പെടാപ്പാടും മലയാള സിനിമ നമ്പർ വൺ ആണന്നു തന്നെ കാണിക്കുന്നതാണ്'
'ഇതിനു മുൻപ് ഇവരേക്കാൾ പ്രഗത്ഭരായ മൂന്നാലു നടിമാർ വിസിൽ ബ്ലോവേഴ്സ് ആകാൻ വന്നതും അവരെ പണിയില്ലാതെ പരണത്തു കയറ്റി ഇരുത്തിയതും ഒക്കെ ഈ യുവനടിയും ഓർത്തുപോയിക്കാണും. മലയാള സിനിമയെ രക്ഷിക്കാനായി കൊട്ടി ഘോഷിച്ചുവന്ന ഹേമക്കമ്മിറ്റി റിപ്പോർട്ടിൽ ശക്തമായ മൊഴികൊടുത്തവരെന്നു വാഴ്ത്തപ്പെട്ടവരെ മുഴുവനും സ്വാധീനിക്കാനോ? വിലക്കെടുക്കാനോ സാധിച്ചതും അതുവഴി അന്വേഷണത്തെയും കോടതിയെയും ഒക്കെ മരവിപ്പിച്ചു നിർത്താൻ കഴിഞ്ഞതും ഒക്കെ ഒരു മഹാനടനം തന്നെ അല്ലേ?'
'പ്രേക്ഷകർക്കതു നോക്കി നിൽക്കാനല്ലേ കഴിയു. സർക്കാരാണെങ്കിൽ ഇതിഹാസങ്ങൾക്ക് മുന്നിൽ കണ്ണഞ്ചി നിൽക്കുന്നൂ പക്ഷേ സത്യത്തെ സ്വർണ്ണപ്പാത്രം കൊണ്ടു മൂടിയാലും അതു പുറത്തുവരും എന്ന ക്ലീഷെ വാക്കുണ്ടല്ലോ.അതിവിടെ യാഥാർത്ഥ്യമാകും ഉറപ്പാണ്... അന്നു പല മുഖം മൂടികളും പിച്ചി ചീന്തപ്പെടും,' വിനയൻ പുറത്ത് വിട്ട പ്രസ്താവനയിങ്ങനെ.


Click it and Unblock the Notifications