നമ്മുടെ വണ്ടിയെന്ന രീതിയിൽ കയറിയപ്പോൾ അവർ എന്നെ അന്യനായി കണ്ടു, കോഫി ചോദിച്ചതും ഗെറ്റ് ഔട്ട് അടിച്ചു; ഷൈൻ!
ഇരുപത്തിമൂന്ന് വർഷത്തെ സിനിമ ജീവിതത്തിനിടെ നിരവധി വിവാദങ്ങൾ നടൻ ഷൈൻ ടോം ചാക്കോയെ ചുറ്റിപ്പറ്റി ഉണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ വൈറലായത് വിമാനത്തിന്റെ കോക്പിറ്റിൽ അതിക്രമിച്ച് കയറി എന്നതായിരുന്നു. മൂന്ന് വർഷം മുമ്പാണ് സംഭവം നടന്നത്. പുതിയ സിനിമയുടെ ദുബായ് പ്രമോഷന് ശേഷം കേരളത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് സംഭവം ഉണ്ടായത്. എയർ ഇന്ത്യ വിമാനത്തിലെ കോക്പിറ്റിലാണ് നടൻ കയറാൻ ശ്രമിച്ചത്.
സംഭവത്തെ തുടർന്ന് ദുബായ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ നടനെ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. ആ ദിവസത്തെ അനുഭവം കാർത്തിക്ക് സൂര്യയ്ക്ക് നൽകിയ പുതിയ അഭിമുഖത്തിൽ ഷൈൻ ടോം ചാക്കോ അടുത്തിടെ പങ്കുവെച്ചിരുന്നു. എയർ ഇന്ത്യയെ നമ്മുടെ വണ്ടിയെന്ന രീതിയിൽ കരുതിയാണ് കോക്പിറ്റിൽ കയറിയതെന്നും എന്നാൽ പൈലറ്റ്സ് തന്നെ അന്യനായി കണ്ട് ഇറക്കിവിട്ടുവെന്നും ഷൈൻ പറയുന്നു.

എല്ലാ കാര്യങ്ങളേയും സരസമായി കാണുന്നതുകൊണ്ട് തന്നെ ആ വിഷയത്തിലും തമാശ കലർത്തിയാണ് നടൻ പ്രതികരിച്ചത്. കോക്പിറ്റിന് അകത്ത് കയറിയപ്പോൾ പെർമിഷൻ ഇല്ലാതെ അകത്ത് പ്രവേശിക്കാൻ കഴിയില്ലെന്നായിരുന്നു പൈലറ്റ് പറഞ്ഞത്. പെർമിഷൻ ചോദിക്കാൻ പുറത്ത് ആരെയും കണ്ടില്ല. അകത്ത് കയറാനുള്ള പെർമിഷൻ ചോദിക്കാനാണ് ഞാൻ അകത്തേക്ക് കടന്നതെന്നും പറഞ്ഞു. കോഫി കിട്ടുമോയെന്ന് കൂടി ചോദിച്ചതോടെ പൈലറ്റ് ഗെറ്റ് ഔട്ട് അടിച്ചു.
നമ്മുടെ നാട്ടിലെ വണ്ടിയല്ലേയെന്ന് കരുതിയാണ് ഞാൻ കയറി ചെന്നത്. ദുബായിൽ ഇന്ത്യൻ എയർലൈൻ... അപ്പോൾ അത് നമ്മുടെ വണ്ടിയല്ലേ? എയർ ഇന്ത്യ. നമ്മുടെ രാജ്യം നമ്മുടെ വണ്ടി എന്നൊക്കെ കരുതി സ്വന്തം വണ്ടിപോലെ കയറിയപ്പോൾ അവർ എന്നെ ഒരു അന്യനായി കണ്ടു. പുറത്ത് പോകുമ്പോൾ നമ്മൾ രാജ്യക്കാരെല്ലാം ഒന്നാകുമെന്ന് പറയാറില്ലേ?.
അത്രപോലും പരിചയം അവർ എന്നോട് കാണിച്ചില്ല. ദുബായിയുടെ കയ്യിലല്ല ഈ സ്ഥലം. സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞാൽ അടുത്ത രാജ്യത്ത് എത്തി ചെക്കിൻ ചെയ്യും വരെ കോക്പിറ്റ് ഇന്റർപോളിന്റെ ഏരിയയാണത്രെ. അതുകൊണ്ട് തന്നെ അവിടെ എന്ത് പ്രശ്നമുണ്ടാക്കിയാലും ഇൻർപോളാണ് കൈകാര്യം ചെയ്യുക. അതുകൊണ്ട് തന്നെ കുറച്ചധികം നേരം അവരുടെ ഒപ്പമായിരുന്നു ഞാൻ. കുറച്ച് സമയം കഴിഞ്ഞപ്പോൾ അവർ എന്നെ അടുത്ത ഫ്ലൈറ്റിൽ കയറ്റി വിട്ടു.
രണ്ട് ദിവസം ഞാൻ അവരുടെ നിരീക്ഷണത്തിലായിരുന്നു. കോക്പിറ്റിനുള്ളിൽ അതിക്രമിച്ച് കയറുക എന്ന രീതിയിലാണല്ലോ എന്റെ പ്രവൃത്തിയെ അവർ കാണുന്നത്. അപകടകരമായ രീതിയിൽ എന്തെങ്കിലും പെരുമാറാനും പ്രവൃത്തിക്കാനവുമാണോ കോക്പിറ്റിൽ കയറിയത് എന്നാണ് അവർ അന്വേഷിക്കുന്നത്.

അതുകൊണ്ട് ഇന്റർപോൾ നമ്മളെ ഒന്നും ചെയ്യുകയൊന്നുമില്ല. രണ്ട് ദിവസം നിരീക്ഷിക്കും. അത് നമ്മൾ പോലും അറിയില്ല. പൈലറ്റിന്റെ സമ്മതം ഉണ്ടെങ്കിൽ നമുക്ക് കോക്പിറ്റിൽ കയറാം. പക്ഷെ പൈലറ്റിനെ സസ്പെന്റ് ചെയ്യും. ബാത്ത് റൂമിന്റെ ഡോർ പോലെയാണ് കോക്പിറ്റിന്റെ ഡോർ. അതുകൊണ്ട് തെറ്റി എപ്പോൾ വേണമെങ്കിലും കയറാം.
കയറരുതെന്ന് വിലക്കിയുള്ള സ്റ്റിക്കറോ മുന്നറിയിപ്പോ ഒട്ടിച്ചിട്ടുമില്ല. പൈലറ്റ്സ് തലകറങ്ങി വീണാൽ നമ്മൾ തന്നെ വേണ്ടെ അകത്ത് കയറി ഇവരെ എടുക്കാൻ. അപ്പോഴും പൈലറ്റിന്റെ അനുവാദമുണ്ടെങ്കിലെ കയറാൻ പറ്റുവെന്നാണോ. കോക്പിറ്റിൽ എന്തുമാത്രം സ്വിച്ചുകളാണെന്ന് അറിയാമോ?. അത് കാണുമ്പോൾ തന്നെ നമുക്ക് എല്ലാം ഒന്ന് ഇട്ട് നോക്കാൻ തോന്നുമെന്നും ഷൈൻ പറയുന്നു.
ലഹരിയിൽ നിന്നും മുക്തി നേടാനുള്ള ചികിത്സയിലാണിപ്പോൾ നടൻ. അടുത്തിടെ ചികിത്സയ്ക്കായി ബാംഗ്ലൂരിൽ പോയി മടങ്ങവെ ഷൈനും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് പിതാവ് ചാക്കോയ്ക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.


Click it and Unblock the Notifications











