രക്ഷിക്കണേയെന്ന് പറഞ്ഞ് റോഡിൽ നിന്ന് കരഞ്ഞു, ഡാഡി എവിടെ ഐസിയുവിലാണോയെന്ന് മമ്മി ചോദിക്കും; ഷൈൻ ടോം ചാക്കോ
എല്ലാ ദുശീലങ്ങളും ഉപേക്ഷിച്ച് പുതിയൊരു മനുഷ്യനായി ജീവിതം തിരികെ പിടിക്കാനുള്ള യാത്രയിലാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി നടൻ ഷൈൻ ടോം ചാക്കോ. ചികിത്സയുടെ ഭാഗമായി അടുത്തിടെ നടത്തിയ യാത്രയ്ക്കിടെ നടന്റെ കാർ അപകടത്തിൽപ്പെടുകയും പിതാവ് ചാക്കോ മരിക്കുകയും ചെയ്തിരുന്നു. ഷൈനിനും അമ്മയ്ക്കുമെല്ലാം അപകടത്തിൽ പരിക്കേറ്റിരുന്നു. ഇപ്പോൾ ഇരുവരും ചികിത്സയും മറ്റുമായി വിശ്രമത്തിലാണ്. ഷൈൻ ലഹരി ഉപേക്ഷിച്ച് ശാന്തമായ ജീവിതം നയിക്കുന്നത് കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് പിതാവ് ചാക്കോയായിരുന്നു.
ഡാഡിയുടെ ആഗ്രഹം സഫലമാക്കാനും പരാജയത്തിലേക്ക് കൂപ്പുകുത്തിയ സിനിമാ ജീവിതം തിരികെ പിടിക്കാനുമുള്ള ശ്രമത്തിലാണ് ഷൈൻ. ഇപ്പോഴിതാ അപകട നടന്ന ദിവസത്തെ കാര്യങ്ങളും ഡാഡിയുടെ വേർപാടുണ്ടാക്കിയ വേദനയെ കുറിച്ചും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ മനസ് തുറക്കുകയാണ് ഷൈൻ. തന്നെ സ്നേഹിക്കുന്നവർ താൻ കാരണം വേദനിക്കുന്ന സാഹചര്യം വരരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും ഷൈൻ പറയുന്നു.

എക്സൈസ് ഓഫീസിൽ ഹാജരാകും മുമ്പ് ഒരു പൂളിലേക്കുള്ള ചാട്ടം, അവിടെ നിന്നുള്ള ഓട്ടം, തിരിച്ച് നോർത്ത് സ്റ്റേഷനിലേക്കുള്ള പോക്ക്. അവിടെ നിന്ന് റീഹാബിലേക്കുള്ള യാത്ര. അത് കഴിഞ്ഞ് എക്സൈസിന്റെ നോട്ടീസ് എന്നിങ്ങനെയായിരുന്നു. ശേഷം റീഹാബിലേക്ക് പോയി. ഇവിടെയെല്ലാം ഞങ്ങൾ എല്ലാവരും ഒരുമിച്ചായിരുന്നു. മമ്മിയും ഡാഡിയും ജോക്കുട്ടനും എനിക്കൊപ്പം വന്നിരുന്നു. എന്റെ കൂടെ തന്നെ സഞ്ചരിക്കുകയായിരുന്നു ഇവരെല്ലാം.
പൂളിലേക്കുള്ള ചാട്ടത്തിനുശേഷം നോർത്ത് സ്റ്റേഷനിൽ എത്തിയപ്പോൾ തീരുമാനിച്ചു ഇനി ഡാഡിയേയും മമ്മിയേയും ഓടിക്കാൻ വയ്യെന്ന്. കൂടാതെ അനിയനും ക്രൂശിക്കപ്പെടുന്നുണ്ടായിരുന്നു. അങ്ങനെ ഞാൻ റീഹാബിന്റെ ഭാഗമായി ചിട്ടയായി ഒരു ജീവിതം രൂപപ്പെടുത്തുകയായിരുന്നു. വിഡ്രോവൽ സിംറ്റംസ് ഉള്ളതുകൊണ്ട് അത് മാറാനും എൻഗേജ്ഡായി ഇരിക്കാനും പുതിയ പരിപാടികളൊക്കെ ചെയ്യാനും മരുന്ന് കഴിക്കാനുമെല്ലാം തുടങ്ങിയിരുന്നു. ഗെയിംസിലേക്കാണ് കൂടുതലായി തിരിഞ്ഞത്.
എന്റെ സംസാരം ക്ലിയറല്ലെന്ന പരാതി പലർക്കും ഉണ്ടായിരുന്നു. ചികിത്സ തുടങ്ങിയശേഷം സംസാരം മെച്ചപ്പെട്ടു. അതുകൊണ്ട് പല സിനിമകളും റീ ഡബ്ബ് ചെയ്തു. മുമ്പും പലരും സംസാരത്തെ കുറിച്ച് പറഞ്ഞപ്പോഴും ഡയലോഗിലെ പോരായ്മകൾ പറഞ്ഞപ്പോഴും ഞാൻ മാത്രമാണ് ശരി എന്ന രീതിയായിരുന്നു എനിക്ക്. പിന്നീട് സംസാരം ക്ലിയറല്ലെന്ന് ഒരു ഘട്ടത്തിൽ എനിക്കും തോന്നി തുടങ്ങി ഷൈൻ പറയുന്നു. ബാഗ്ലൂരിലെ ഒരു സ്ഥാപനത്തിൽ നിന്നും റീഹാബ് ചെയ്യുന്നുണ്ട്.
ആ യാത്രയിലാണ് അപകടം സംഭവിച്ചത്. വിഡ്രോവൽ സിംറ്റംസ് ഉള്ളതുകൊണ്ട് രാത്രിയിൽ എഴുന്നേറ്റ് ഭക്ഷണം കഴിക്കുകയും ബിസ്ക്കറ്റ്സ് കഴിക്കുകയും ചെയ്യുന്ന പുതിയ ശീലമുണ്ട്. മുമ്പ് ഞാൻ ഭക്ഷണം കഴിക്കുന്നതിന് പകരം സിഗരറ്റ് വലിക്കുകയാണ് ചെയ്തിരുന്നത്. വണ്ടിയുടെ ബാക്കിൽ കിടന്നാണ് ഞാൻ ഉറങ്ങിയിരുന്നത്. ഇടയ്ക്ക് എഴുന്നേറ്റ് ഡാഡി തന്ന ബിസ്ക്കറ്റ് കഴിക്കുകയും ചെയ്തിരുന്നു. പിന്നെ കണ്ണ് തുറക്കുമ്പോൾ വണ്ടി ഇടിച്ച് കിടക്കുകയാണ്.

ഡാഡി പിന്നെ ഞങ്ങളോട് ആരോടും ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല. എന്തിനാണ് നമ്മൾ ഈ റോഡിൽ കിടക്കുന്നത്? എങ്ങോട്ടാണ് പോകുന്നത് എന്നൊക്കെ മമ്മി ചോദിക്കുന്നുണ്ട്. എനിക്ക് ഇതുവരെ ആക്സിഡന്റ് ഒരു കാഴ്ചയായിരുന്നു. ആദ്യമായാണ് എനിക്ക് സംഭവിക്കുന്നത്. മറ്റുള്ളവരുടെ മാതാപിതാക്കൾ മരിക്കുക എന്നത് എനിക്ക് വെറും വാർത്തയായിരുന്നു. ടിവിയിൽ കണ്ട ന്യൂസ് മാത്രമായിരുന്നു. അതിലൂടെ ഞാൻ കടന്നുപോയപ്പോൾ ശരിക്കും കരഞ്ഞു. ആരെങ്കിലും ഒന്ന് രക്ഷിക്കണേയെന്ന് പറഞ്ഞ് റോഡിൽ നിന്ന് ഞാൻ കരഞ്ഞു.
ഡാഡിയെ വിളിച്ചിട്ട് ഒരു റെസ്പോൺസും ഉണ്ടായിരുന്നില്ല. പിന്നീട് എല്ലാവരും ചേർന്ന് ഞങ്ങളെ ആശുപത്രിയിൽ എത്തിച്ചു. ആ അപകടത്തിൽ ഞാനും ജോക്കുട്ടനുമാണ് പോയിരുന്നതെങ്കിൽ മമ്മിക്കും ഡാഡിക്കും താങ്ങാവുന്നതിലും അധികമായ വേദനയാകുമായിരുന്നു. ആക്സിഡന്റായ സമയം മുതൽ ഡാഡിയെ കുറിച്ചാണ് മമ്മി ഏറ്റവും കൂടുതൽ ചോദിച്ചത്. മമ്മിക്കൊപ്പം അരികിലിരുന്ന് യാത്ര ചെയ്തതല്ലേ ഡാഡി. ഡാഡി നമ്മുടെ കൂടെ തന്നെയുണ്ട് എങ്ങോട്ട് പോകില്ല ഇനിയെന്ന് ഞാൻ ഇടയ്ക്ക് മമ്മിയോട് പറയും. എന്നിട്ട് ഞാൻ കരയും. മമ്മിക്ക് മനസിലായി കാണുമെന്നാണ് ഞാൻ കരുതിയത്.
പക്ഷെ മമ്മി വീണ്ടും ചോദിക്കും ഡാഡി എവിടെ? ഐസിയുവിലാണോയെന്ന്. വിദേശത്ത് നിന്ന് എന്റെ അനിയത്തിമാർ നാട്ടിൽ വന്നത് കണ്ടപ്പോൾ എന്തോ കാര്യമായി സംഭവിച്ചുവെന്ന് മമ്മിക്ക് മനസിലായി. ഡാഡിയുടെ ബോഡി നേരിട്ട് നിന്ന് ഒന്ന് കാണാനോ തൊടാനോ സാധിച്ചില്ലെന്ന സങ്കടം മമ്മിക്കുണ്ട്. അതിനുശേഷം മമ്മിയുടെ അടുത്ത് നിന്ന് ഞാനോ അനിയനോ മാറിയിട്ടില്ല. മമ്മിയുടെ അടുത്ത് തന്നെ ഉണ്ടായിരിക്കണം എന്ന തോന്നൽ എനിക്കുണ്ട്.
എന്റെ കൈ ഡാഡിയുടെ കൈപോലെയാണെന്നാണ് അനിയത്തി പറയാറ്. മമ്മി ഇടയ്ക്ക് എന്റെ കൈ പിടിച്ച് നോക്കും. ഇന്ന് ഞങ്ങളുടെ എല്ലാ കാര്യങ്ങളും ജോക്കുട്ടനാണ് നോക്കുന്നത്. മമ്മിയുടെ മുറിയിലാണ് ഞാനും ഇപ്പോൾ കിടക്കുന്നത്. എല്ലാവരും തിരിക്കിലേക്ക് പോയി കഴിയുമ്പോൾ മമ്മി ഒറ്റപ്പെടരുതല്ലോ. മമ്മിക്കാണല്ലോ കംപാനിയനെ നഷ്ടപ്പെട്ടതെന്നും ഷൈൻ ടോം ചാക്കോ പറയുന്നു.


Click it and Unblock the Notifications











