അവരുടെ അപ്പന്റെ പ്രായമുള്ളവർ സെറ്റിൽ പാത്രം കഴുകുന്നുണ്ട്; നിത്യ മേനോനെയും പാർവതിയെയും കുറിച്ച് ഷൈൻ
സിനിമാ രംഗത്ത് നാൾക്ക് നാൾ തിരക്കേറുകയാണ് നടൻ ഷൈൻ ടോം ചാക്കോയ്ക്ക്. കഴിഞ്ഞ വർഷങ്ങൾക്കുള്ളിൽ പുറത്തിറങ്ങിയ ഷൈനിന്റെ സിനിമകൾ നിരവധിയാണ്. നായക വേഷവും വില്ലൻ വേഷവും സഹനായക വേഷവുമെല്ലാം ഷൈൻ ചെയ്യാറുണ്ട്. കരിയറിലെ മികച്ച സമയത്താണെങ്കിലും ഷൈൻ വാർത്തകളിൽ ഇടം പിടിക്കാറ് ഇക്കാരണത്താൽ അല്ല. അഭിമുഖങ്ങളിൽ ഷൈൻ നടത്തുന്ന പരാമർശങ്ങൾ ചർച്ചയാകാറുണ്ട്. നടനെതിരെ വിമർശനവും വരാറുണ്ട്. കഴിഞ്ഞ ദിവസം നടി മെറിന മൈക്കിളിനോട് അഭിമുഖത്തിനിടെ ഷൈൻ തട്ടിക്കയറിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇപ്പോഴിതാ നടിമാർക്ക് അർഹമായ പ്രതിഫലം എന്ന വാദത്തിനെതിരെ സംസാരിക്കുകയാണ് ഷൈൻ ടോം ചാക്കോ. സ്ത്രീ സംവിധായകർ വന്നാൽ സ്ത്രീകളുടെ പ്രശ്നം തീരില്ല എന്ന് മുമ്പൊരിക്കൽ പറഞ്ഞതിനെക്കുറിച്ച് വീശദീകരിക്കുകയായിരുന്നു ഷൈൻ ടോം ചാക്കോ. ഇന്ത്യൻ എക്സ്പ്രസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

ഏതൊരു പെൺസുഹൃത്തിനോട് ചോദിച്ചാലും അവരുടെ ഏറ്റവും വലിയ ശത്രു മറ്റൊരു പെൺസുഹൃത്തായിരിക്കും. അവർക്ക് ഏറ്റവും കൂടുതലുള്ളത് ആൺ സുഹൃത്തുക്കളാണ്. അവർ കുറച്ച് കൂടി കംഫർട്ടബിൾ ആണുങ്ങളുള്ള ഗ്യാങ്ങിലാണ്. എന്റെ ഒരു സ്ത്രീ സുഹൃത്തുക്കൾക്കും അധികം സ്ത്രീ സുഹൃത്തുക്കളില്ല. പിന്നെ വേതന തുല്യത എന്നൊക്കെ പറഞ്ഞ് വെറുതെ ഓരോ ചോദ്യങ്ങളുമായി വരും.
ശമ്പളം കിട്ടാത്ത എത്ര ആൺസുഹൃത്തുക്കളുണ്ട്. നിത്യ മേനോനാണെങ്കിലും പാർവതിയാണെങ്കിലും അവരുടെത്ര കിട്ടാത്ത എത്ര നടന്മാരുണ്ട്. അവരുടെ അപ്പന്റെ പ്രായത്തിലുള്ളവർ പ്രൊഡക്ഷനിൽ പാത്രം കഴുകുന്നുണ്ട്. വണ്ടി ഓടിക്കുന്നുണ്ട്. ഒരു ദിവസം വർക്ക് ചെയ്താൽ ഒരു തൊഴിലാളിക്ക് കിട്ടുന്ന തുക രണ്ടായിരം രൂപ പോലും ആയിട്ടില്ല. ഇന്ന് വരുന്ന ആൾക്കാർക്ക് നടനാണെങ്കിലും നടിയാണെങ്കിലും എത്ര കാശാണ് കിട്ടുന്നത്.

ആൺ പെൺ വ്യത്യാസം വെച്ചല്ല ശമ്പളവും സ്ഥാനവും കൊടുക്കുന്നത്. അവരുടെ ഡിമാന്റ് വെച്ചാണ്. നയൻതാരയുടെ അത്ര ശമ്പളം കിട്ടാത്ത നടൻമാരുണ്ടെന്നും ഷൈൻ ടോം ചാക്കോ അഭിപ്രായപ്പെട്ടു. കഞ്ചാവ് ഉപയോഗിക്കുന്നു എന്ന് പലരും ആക്ഷേപിക്കുന്നതിനെക്കുറിച്ചും ഷൈൻ സംസാരിച്ചു. കഞ്ചാവ് ഉപയോഗിച്ചതിന് അല്ല എന്നെ പിടിച്ചത്. കൊക്കെയ്നാണ്. അത് പോലും മനസിലായിട്ടില്ല. ആൾക്കാർ എന്തായാലും ഇത് തന്നെ പറഞ്ഞ് കൊണ്ടിരിക്കും. കള്ള് കുടിക്കുന്നയാൾ മരിച്ചാൽ കള്ള് കുടിച്ചത് കൊണ്ടാണ് മരിച്ചതെന്ന് പറയും. ജനിച്ചത് കൊണ്ടാണ് മരിക്കുന്നത്.
എന്ത് ഉപയോഗിച്ചാലും ഇല്ലെങ്കിലും ഒരു സമയം കഴിഞ്ഞാൽ പോകണം. ഉപയോഗിക്കാത്ത ആൾ നല്ലയാൾ ആവുന്നില്ല. ലഹരി ഉപയോഗിക്കുന്നയാൾ മോശമാവുന്നില്ല. കഞ്ചാവൊക്കെ ദൈവം സൃഷ്ടിച്ചതാണ്. ദൈവത്തെ അറസ്റ്റ് ചെയ്യുമോ. ഞാനെന്റെ പോക്കറ്റിൽ വളർത്തിയതല്ല. ഭൂമിയിലുള്ളതാണ്. ഇതൊന്നും ഉപയോഗിക്കുന്നത് നല്ലതാണെന്നല്ല പറയുന്നത്. ഓരപോ പ്രൊഫഷനും അതിന്റേതായ സ്വാതന്ത്ര്യം ഉണ്ട്.
ഖനികളിൽ വർക്ക് കൊക്കെയ്ൻ കൊടുക്കുമായിരുന്നു. കൂടുതൽ ആക്ടീവ് ആകാൻ വേണ്ടി. പട്ടാളക്കാർക്ക് ശൈത്യത്തിൽ ഇത് കൊടുക്കുമായിരുന്നു. ഹിറ്റ്ലർ പടയാളികൾക്ക് കൊടുത്തിട്ടുണ്ട്. എല്ലാ പ്രൊഫഷനെയും കാണിക്കുന്നവരാണ് ആക്ടേർസ്. ഞാൻ ഒരു ആക്ടറായിട്ട് സിഗരറ്റ് വലിക്കാൻ അറിയില്ലെങ്കിൽ നിങ്ങളെന്നെ കളിയാക്കില്ലേ. ആക്ടേർസിന് അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. അവന്റെ പിന്നാലെ നടന്ന് അവനെന്താണ് വലിക്കുന്നത്, കുടിക്കുന്നത് എന്നൊക്കെ പറയുന്നവർക്ക് ഒരു പണിയുമില്ലെന്നും ഷെെൻ ടോം ചാക്കോ വാദിച്ചു.


Click it and Unblock the Notifications