എന്നേക്കാൾ 13 വയസ് കുറവാണ്; പൂജ നടത്തി അവനെ മറക്കാൻ പറ്റില്ല; പുനീത് എന്റെ കൂടെ വേണം; ശിവ രാജ്കുമാർ
കന്നഡ സിനിമാ ലോകത്തിന്റെ തീരാനഷ്ടമായാണ് നടൻ പുനീത് രാജ്കുമാറിന്റെ മരണത്തെ ആരാധകർ കാണുന്നത്. 46ാം വയസിൽ ഹൃദയാഘാതം വന്ന് പുനീത് മരിച്ചപ്പോൾ ഏവരും ഞെട്ടി. തീർത്തും അപ്രതീക്ഷിതമായിരുന്നു പുനീതിന്റെ മരണം. കന്നഡ സിനിമാ ലോകത്തെ താരരാജാവിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയാണ് ജനം നൽകിയത്. പുനീതിന്റെ ജനപ്രീതി അത്രമാത്രം വലുതായിരുന്നു. കന്നഡ സിനിമാ ലോകത്തെ പ്രമുഖ വ്യക്തിത്വമായ
ഡോ. രാജ്കുമാറിന്റെ അഞ്ച് മക്കളിൽ ഇളയ മകനാണ് പുനീത്.
പുനീതിന്റെ ജേഷ്ഠനാണ് കന്നഡ താരം ശിവരാജ് കുമാർ. അപ്പു എന്നാണ് പുനീതിനെ വീട്ടുകാർ വിളിച്ചിരുന്നത്. അശ്വനി രേവന്ത് എന്നാണ് പുനീതിന്റെ ഭാര്യയുടെ പേര്. 1999 ൽ വിവാഹിതരായ ഇരുവർക്കും ദൃതി, വന്ദിത എന്നീ രണ്ട് മക്കളും ജനിച്ചു. പുനീതിന്റെ മരണമുണ്ടാക്കിയ ആഘാതം മറികടക്കാൻ കുടുംബത്തിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. നടനെക്കുറിച്ച് ജേഷ്ഠൻ ശിവരാജ് കുമാർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

പുനീതിന്റെ മരണം കുടുംബത്തെ ഏറെ ബാധിച്ചെന്ന് ശിവ രാജ്കുമാർ പറയുന്നു. വളരെ ബുദ്ധിമുട്ടായിരുന്നു. കുടുംബത്തിന് അതുൾക്കൊള്ളാൻ കഴിഞ്ഞില്ല. കാരണം അവൻ കുടുംബത്തിലെ ഇളയവനായിരുന്നു. പ്രത്യേകിച്ചും എനിക്ക് അവൻ കുഞ്ഞനിയനാണ്. എന്നേക്കാൾ പതിമൂന്ന് വയസിന് ഇളയവനാണ് അവൻ. ചിലപ്പോൾ മനസ് വേദനിക്കും. പക്ഷെ ജീവിതം മുന്നോട്ട് പോകണം. നല്ല ഓർമ്മകളിലൂടെ അവനെ മരിക്കാതെ നിലനിർത്തണം. സമാധിയിൽ പൂജ നടത്തി അവനെ മറക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
അപ്പു എപ്പോഴും എനിക്കൊപ്പം വേണം. അപ്പുവിനെ എന്നിലൂടെ ജനങ്ങളെ കാണിക്കണമെന്നും ശിവ രാജ്കുമാർ വ്യക്തമാക്കി. 2021 ഒക്ടോബർ 29 നാണ് പുനീത് മരിച്ചത്. നെഞ്ച് വേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും പുനീതിന്റെ ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതത്തിന് കാരണമായി ചില അഭ്യൂഹങ്ങളും ഉയർന്നു വന്നു.

അമിതമായി ജിം വർക്കൗട്ടുകൾ ചെയ്തത് പുനീതിന്റെ ആരോഗ്യത്തെ ബാധിച്ചെന്ന് അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പുനീതിന്റെ മരണം കർണാടകയെ അക്ഷരാർത്ഥത്തിൽ സ്തംഭിപ്പിച്ചു. ജനപ്രവാഹം മൂലം സംസ്ഥാനത്തെ പലയിടങ്ങളിലും ആരാധകരെ നിയന്ത്രിക്കാൻ സെക്ഷൻ 144 പ്രഖ്യാപിക്കേണ്ടി വന്നു. ബംഗ്ളൂരുവിൽ അനൗദ്യോഗിക ബന്ദ് പ്രഖ്യാപിച്ചത് പോലെയുള്ള സാഹചര്യമായിരുന്നു.
പുനീതിന്റെ മരണത്തെ പോലെ കന്നഡ സിനിമാ ലോകത്തെ ഞെട്ടിച്ച മറ്റൊരു മരണമായിരുന്നു നടൻ ചിരഞ്ജീവി സർജയുടേത്. 2020 ലാണ് ചിരഞ്ജീവി സർജ മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. ഭാര്യ മേഘ്ന രാജ് ഗർഭിണിയായിരിക്കെയാണ് ചിരഞ്ജീവി ലോകത്തോട് വിട പറഞ്ഞത്. ചിരഞ്ജീവി സർജയുടെ മരണശേഷമാണ് മകൻ റയാൻ രാജ് സർജ ജനിച്ചത്. മരണം മേഘ്ന രാജിനെ പിടിച്ചുലച്ചിരുന്നു.
വിഷമങ്ങൾ മാറ്റി വെച്ച് പഴയ സന്തോഷങ്ങളിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ് മേഘ്ന രാജ്. കന്നഡ സിനിമാ പ്രേക്ഷകർക്ക് വലിയ വേദനയാണ് പുനീതിന്റെയും ചിരഞ്ജീവി സർജയുടെയും മരണമുണ്ടാക്കിയത്. ഈ മരണങ്ങൾക്ക് ശേഷം അമിത വ്യായാമമുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ചർച്ചകൾ ഉയർന്നു വന്നു.


Click it and Unblock the Notifications











