'അക്കരെ പച്ചയാണല്ലോ, ആ ഫ്രസ്ട്രേഷൻ എന്റെ പ്രായത്തിലെ സ്ത്രീകൾക്കുണ്ട്; രേവതി പ്രൊട്ടക്ടീവായ സഹോദരി'
മലയാള സിനിമാ രംഗത്ത് എൺപതുകളിൽ വന്ന നായിക നടിമാർക്ക് ഇന്നും പ്രേക്ഷക മനസിൽ വലിയ സ്ഥാനമുണ്ട്. അനശ്വരമായ ഒരുപിടി കഥാപാത്രങ്ങൾ ഇവർക്ക് ലഭിച്ചു. ശോഭന, രേവതി, ഉർവശി, രോഹിണി, നദിയ മൊയ്തു തുടങ്ങിയവർക്കാണ് മലയാളത്തിൽ കൂടുതൽ സ്വീകാര്യത ലഭിച്ചത്. മൂവർക്കും കരിയറിൽ എടുത്ത് പറയാൻ സിനിമകളേറെയാണ്. ഇന്നും മികച്ച സിനിമകളുമായി ഇവർ പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. രേവതിയും ശോഭനയും അടുത്ത സുഹൃത്തുക്കളാണ്. മായാമയൂരം എന്ന സിനിമയിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
രേവതി ആദ്യമായി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ട് എന്ന സിനിമയിൽ ശോഭനയായിരുന്നു നായിക. മികച്ച നടിക്കുള്ള രണ്ടാമത്തെ ദേശീയ പുരസ്കാരം ശോഭനയ്ക്ക് ലഭിക്കുന്നത് ഈ സിനിമയിലൂടെയാണ്. രേവതിയുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ശോഭനയിപ്പോൾ. സഹോദരിമാരെ പോലെയാണ് താനു രേവതിയുമെന്ന് ശോഭന പറയുന്നു. ബിഹൈന്റ്വുഡ്സ് ടിവിയോടാണ് പ്രതികരണം.

രേവതി എനിക്ക് സഹോദരിയെ പോലെയാണ്. അവർ ട്രെഡീഷണൽ ഡാൻസറുമാണ്. സുഹാസിനിക്കും രേവതിക്കും എന്നോട് കരുതലുണ്ട്. ഒരു ഇളയ സഹോദരിയെ പോലെ. അവർ മാത്രമാണ് എന്നെ അങ്ങനെ നോക്കിയിട്ടുള്ളത്. ഇന്നലെ പോലും ഞാനും രേവതിയും ഒരുമിച്ച് ഡിന്നർ കഴിച്ചു. സ്വന്തം സഹോദരിയെ പോലെയാണ്. അവർ വളരെ പ്രൊട്ടക്ടീവാണ്. രേവതിക്കും എനിക്കും ഒരുപാട് ഓർമകളുണ്ട്. അടുത്തിടെ ഞങ്ങൾ ഗോവയിൽ പോയി. ഞങ്ങളുടെ മക്കളെയും കൊണ്ട് പോയി.
അത്തരം സമയങ്ങളെല്ലാം ഞങ്ങൾക്ക് മിസ് ആയിട്ടുണ്ട്. ഇപ്പോൾ സമയം കണ്ടെത്തുന്നു. എന്റെ പ്രായത്തിലുള്ള നിരവധി സ്ത്രീകൾക്ക് അങ്ങനെയൊരു ഫ്രസ്ട്രേഷനുണ്ട്. ഈ ആഗ്രഹങ്ങളെല്ലാം നടന്നില്ലല്ലോയെന്ന്. എപ്പോഴും അക്കരെ പച്ചയാണല്ലോ. എനിക്കങ്ങനെയൊന്നുമില്ല. എന്നെ സംബന്ധിച്ച് എല്ലാം ഓക്കെയാണ്. അതേസമയം വൈകി വരുന്നതും പ്രൊഫഷണൽ എത്തിക്സ് ഇല്ലാത്തതും തനിക്ക് ഉൾക്കൊള്ളാനാകില്ലെന്നും ശോഭന വ്യക്തമാക്കി.

തൊണ്ണൂറുകളുടെ അവസാനത്തോടെ ശോഭന സിനിമകളുടെ തിരക്ക് കുറച്ച് നൃത്തത്തിലേക്ക് ശ്രദ്ധ കൊടുത്തിട്ടുണ്ട്. രേവതി സംവിധാനത്തിലേക്ക് ശ്രദ്ധ കൊടുത്തു. ഇരുവരെയും വീണ്ടും ഒരുമിച്ച് സിനിമകളിൽ കാണണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. ഏറെക്കാലം സിനിമകളിൽ നിന്നും വിട്ടു നിന്ന ശോഭന ഇപ്പോൾ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. മോഹൻലാലിന്റെ തുടരും എന്ന പുതിയ സിനിമയിൽ ശോഭനയാണ് നായിക.
തരുൺ മൂർത്തിയാണ് ചിത്രം സംവിധാനം ചെയ്തത്. 2025 ൽ സിനിമ പ്രേക്ഷകരിലേക്ക് എത്തും. സിനിമയെക്കുറിച്ചും ശോഭന അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. വളരെ സാധാരണ സെറ്റായിരുന്നു തുടരും സിനിമയിലേതെന്ന് ശോഭന വ്യക്തമാക്കി. പ്രഭാസ് നായകനായ കൽക്കി 2898 എഡി എന്ന സിനിമയിലാണ് ശോഭനയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. ചെന്നെെയിലാണ് ശോഭന താമസിക്കുന്നത്.


Click it and Unblock the Notifications