ഐശ്വര്യയെ എനിക്കിഷ്ടപ്പെട്ടതിന് കാരണം; ത്യാഗമാണത്; ഹിന്ദിയിലെ എത്ര നടിമാർക്ക് സാധിക്കുമെന്ന് ശോഭന
മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത നടിയാണ് ശോഭന. മണിച്ചിത്രത്താഴ് എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തിന്റെ ചരിത്രത്തിൽ ഇടം നേടാൻ ശോഭനയ്ക്ക് കഴിഞ്ഞു. മണിച്ചിത്രത്താഴ് പിന്നീട് മറ്റ് പല ഭാഷകളിലേക്ക് റീമേക്ക് ചെയ്തപ്പോഴും ശോഭനയുടെ തട്ട് താണ് തന്നെയിരുന്നു. നാഗവല്ലിയായി ശോഭന ജീവിച്ചെന്നാണ് ഏവരും പറയുന്നത്. നാഗവല്ലിയിൽ നിന്നും ഇന്നും ശോഭന പുറത്ത് കടന്നിട്ടില്ലെന്ന് പറയുന്ന ആരാധരുണ്ട്. നാഗവല്ലിയുടെ നിഴലാട്ടം ഇന്നും നടിയിൽ കാണാമെന്ന് ഇവർ അഭിപ്രായപ്പെടുന്നു.
കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തമിഴിൽ നിന്നും ഹിന്ദിയിൽ നിന്നും അവസരങ്ങൾ വന്നെങ്കിലും നടി എന്നും പ്രഥമ പരിഗണന നൽകിയത് മലയാളത്തിനാണ്. നല്ല മലയാള സിനിമകൾ വിട്ട് ഹിന്ദി അവസരങ്ങൾക്ക് പോവാൻ തോന്നിയില്ലെന്നാണ് നടി മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. മികച്ച നർത്തകി കൂടിയായ ശോഭന ഇന്ന് ഡാൻസ് സ്കൂളും നടത്തുന്നുണ്ട്. സിനിമകളിൽ നിന്ന് മാറിത്തുടങ്ങിയ സമയത്ത് നൃത്തത്തിലേക്കാണ് ശോഭന പൂർണ ശ്രദ്ധയും നൽകിയത്.
തമിഴിൽ ചെയ്ത ഹിറ്റ് സിനിമകൾ കുറവാണ്. എങ്കിലും ദളപതി എന്ന ഐക്കണിക്ക് സിനിമയുടെ ഭാഗമാവാൻ ശോഭനയ്ക്ക് കഴിഞ്ഞു. രജിനികാന്ത് നായകനായ സിനിമ സംവിധാനം ചെയ്തത് മണിരത്നമായിരുന്നു. പിന്നീട് ശോഭനയും മണിരത്നവും ഒരുമിച്ച് പ്രവർത്തിക്കുന്നത് രാവണൻ എന്ന സിനിമയിലാണ്. സിനിമയിൽ നായികയായ ഐശ്വര്യ റായുടെ ഒരു ഗാനരംഗം കൊറിയോഗ്രഫി ചെയ്തത് ശോഭനയാണ്.

ഇതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ശോഭന. ഐശ്വര്യയെ തനിക്കിഷ്ടമാണെന്ന് ശോഭന പറയുന്നു. അവരുടെ ട്രെഡീഷണൽ ലുക്കെല്ലാം എനിക്കിഷ്ടമാണ്. ഇവിടെ വന്ന് കുറെ മനസ്സിലാക്കി പോയ ചുരുക്കം നടിമാരിലൊരാളാണ് ഐശ്വര്യ. ത്യാഗമെന്ന് പറയാം. ഹിന്ദിയിൽ എത്ര ആർട്ടിസ്റ്റുകളുണ്ട്. അവരിൽ കുറേപ്പേർ തെന്നിന്ത്യൻ സിനിമ തെരഞ്ഞെടുക്കില്ല. കാരണം ഇവിടെ ചെറിയ മാർക്കറ്റാണ്. പക്ഷെ ഇവർ അങ്ങനെയല്ല. ആ സൗന്ദര്യത്തോടെ വർക്ക് ചെയ്യുന്നത് എനിക്ക് എക്സൈറ്റ്മെന്റായിരുന്നു, ശോഭന പറഞ്ഞു. സിനെ ഉലകം ചാനലിനോടാണ് പ്രതികരണം.
മണിച്ചിത്രത്താഴിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചതിനെക്കുറിച്ചും ശോഭന സംസാരിച്ചു. സ്റ്റേറ്റ് അവാർഡെല്ലാം കിട്ടിയ ശേഷം നാഷണൽ അവാർഡിൽ ഫൈനലിലുണ്ടെന്ന വാർത്ത എനിക്ക് കിട്ടി. ഞാൻ പള്ളിയിലൊക്കെ പോയി മെഴുകുതിരി കത്തിച്ചു. വീട്ടിൽ വന്നു. അമ്മയെന്നെ കണ്ട് നിനക്ക് കിട്ടിയല്ല മോളേ എന്ന് പറഞ്ഞു. ഞാൻ തകർന്ന് പോയി. ഞാൻ അച്ഛനെ നോക്കി. പാവം, എന്റെ മോൾക്ക് നാഷണൽ അവാർഡ് കിട്ടിയെന്ന് പറഞ്ഞെന്നും ശോഭന ഓർത്തു.

ശോഭനയുടെ സുഹൃത്തും നടിയുമായ സുഹാസിനിയാണ് അഭിമുഖമെടുത്തത്. മലയാള സിനിമയിൽ നാളുകളായി ശോഭനയെ കണ്ടിട്ട്. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ മാത്രമേ നടി ചെയ്യാറുള്ളൂ. ചെന്നെെയിലാണ് ശോഭന താമസിക്കുന്നത്. അനന്തനാരായണി എന്നാണ് മകളുടെ പേര്. ഐശ്വര്യ റായിയും കരിയറിന്റെ തിരക്കുകളിലാണ്. പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗമാണ് നടിയുടെ പുതിയ സിനിമ. ഒന്നാം ഭാഗം വൻ വിജയമായിരുന്നു.
രണ്ടാം ഭാഗം ഏപ്രിൽ 28 ന് റിലീസ് ചെയ്യും. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ അഭിനയിച്ച സിനിമയാണ് പൊന്നിയിൻ സെൽവൻ. പ്രതീക്ഷകൾ തെറ്റിക്കാതെ മികച്ച പ്രകടനം ഐശ്വര്യ ഈ സിനിമയിൽ കാഴ്ച വെച്ചു. നന്ദിനി എന്നാണ് സിനിമയിൽ നടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. സിനിമയിലെ കേന്ദ്ര കഥാപാത്രം നന്ദിനിയാണ്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ മികച്ച രീതിയിൽ ഐശ്വര്യ ബിഗ് സ്ക്രീനിലെത്തിച്ചു.


Click it and Unblock the Notifications