ഇവർ അകൽച്ചയിലായിരുന്നോ, ഉത്തരമിതാ...; സ്നേഹം പങ്കുവെച്ച് ഉർവശിയും ശോഭനയും; 'പഴയ പൊടി തന്നെ'
ഏറെക്കാലത്തിന് ശേഷം നടി ഉർവശിയെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് ശോഭന. ഉർവശിയുടെ കവിളിൽ ചുംബിക്കുന്ന ഫോട്ടോയ്ക്കൊപ്പം ഹൃദ്യമായ കുറിപ്പും ശോഭന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. 'ഒരുപാട് തവണ കൊച്ചിയിലേക്ക് ഫ്ലെെറ്റിൽ വന്നിട്ടുണ്ടെങ്കിലും എന്തുകൊണ്ട് ഉർവശി ജിയെ കണ്ടുമുട്ടുന്നില്ലെന്ന് ഞാൻ അത്ഭുതപ്പെട്ടിരുന്നു. എനിക്കറിയാവുന്ന ആ പൊടി തന്നെയാണ് അവൾ ഇപ്പോഴും. എന്റെ നമ്പർ അവളുടെ ഫോണിലേക്ക് ഞാൻ സേവ് ചെയ്തു. ഞാനെന്റെ ഫോണും അവൾ അവളുടെ ഫോണും തിരയുകയായിരുന്നു. ഉർവശിക്കും ഇതൊരു വെെകാരിക നിമിഷമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അത്ഭുതകരമായ നടി' എന്നാണ് ശോഭന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ഒരേ കാലഘട്ടത്തിൽ അഭിനയ രംഗത്തേക്ക് വന്നവരാണ് ഉർവശിയും ശോഭനയും. എൺപതുകളിലും തൊണ്ണൂറുകളിലും മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായിക നടിമാരായി തിളങ്ങിയവർ. അക്കാലത്തെ സഹപ്രവർത്തകരായിരുന്ന മുൻനിര നായിക നടിമാരിൽ പലരും സുഹൃത്തുക്കളാണ്.

ശോഭന, രേവതി, സുഹാസിനി, ലിസി തുടങ്ങിയവരെല്ലാം അടുത്ത സുഹൃത്തുക്കളാണ്. ഇവർ പലപ്പോഴും ഒത്ത് ചേരാറുമുണ്ട്. എന്നാൽ ശോഭനയെയും ഉർവശിയെയും ഒരുമിച്ച് ആരാധകർ അധികം കണ്ടിട്ടില്ല. ഇവർ തമ്മിൽ സൗഹൃദമില്ല, അകൽച്ചയിലാണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ വന്നിരുന്നു. നാൽക്കവല ആണ് ഇവർ ഒരുമിച്ച് അഭിനയിച്ച സിനിമ. നിരവധി പേരാണ് ശോഭനയുടെ പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയത്.
സിനിമ കണ്ടു തുടങ്ങിയ അന്ന് മുതൽ രണ്ടു നായികമാരോടാണ് ആണ് ഏറ്റവും അധികം ഇഷ്ട്ടം തോന്നിയിട്ടുള്ളത്. അവർ രണ്ടു പേരും ഒരുമിച്ചു നിൽക്കുന്ന ഈ ചിത്രം മലയാള സിനിമയുടെ വലിയൊരു കാലഘട്ടത്തെ അടയാളപെടുത്തുന്നു, രണ്ട് ലെജൻഡുകൾ ഒരു ഫ്രെയിമിൽ എന്നിങ്ങനെ നിരവധി കമന്റുകൾ വരുന്നുണ്ട്.
സിനിമകളുടെ തിരക്കുകളിലാണ് ഉർവശി ഇന്ന്. ഒന്നിന് പിറകെ ഒന്നായി സിനിമകൾ ചെയ്യുന്നു. മറുവശത്ത് ശോഭന സിനിമയും നൃത്തവും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുന്നു. ഏറെക്കാലത്തിന് ശേഷം അടുത്ത കാലത്താണ് ശോഭന സിനിമാ രംഗത്ത് സജീവമായത്. തിരിച്ച് വരവിൽ ശോഭന ചെയ്ത സിനിമകളാണ് തുടരും, കൽക്കി 2898 എഡി എന്നിവ. രണ്ടും വൻ ഹിറ്റുകളായി. രാമായണ ആണ് ശോഭനയുടെ അടുത്ത സിനിമ. ബോളിവുഡ് ചിത്രത്തിൽ രൺബീർ കപൂർ, സായ് പല്ലവി, യാഷ് എന്നിവർ പ്രധാന വേഷം ചെയ്യുന്നു.
ശോഭന, ഉർവശി എന്നീ നടിമാരെ താരതമ്യം ചെയ്ത് കൊണ്ട് സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചകൾ നടക്കാറുണ്ട്. മികച്ച നടി ഇവരിൽ ആരെന്ന് ഇന്നും ആരാധകർക്ക് തർക്ക വിഷയമാണ്. ഉർവശിക്ക് സ്വാഭാവിക അഭിനയ മികവ് കാണിക്കാനുമ്പോൾ ശോഭന ഐക്കോണിക്കായി മാറിയ കഥാപാത്രങ്ങൾ ചെയ്തു. പലപ്പോഴും മഞ്ജു വാര്യരുടെ പേരും ഈ താരതമ്യ ചർച്ചകളിലേക്ക് വരാറുണ്ട്. അതേസമയം താൻ ഉർവശിയുടെയും ശോഭനയുടെയും ആരാധികയാണെന്ന് മഞ്ജു വാര്യർ പറഞ്ഞിട്ടുണ്ട്. ഈയടുത്താണ് ശോഭന പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങിയത്. ഉർവശിക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.


Click it and Unblock the Notifications











