എന്തോളം വിവാഹ മോചനം നടക്കുന്നു, പിന്നെയാണോ സൗഹൃദം, എന്നാലും ഞെട്ടിച്ച മലയാളത്തിലെ അടിപിടികള്‍
അങ്ങനെ സാന്ദ്ര തോമസും വിജയ് ബാബുവും തെറ്റിപ്പിരിഞ്ഞ്, 2017 ലെ ആദ്യ വേര്‍പിരിയലിന് 'ഐശ്വര്യമായി' തുടക്കം കുറിച്ചു. കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷമായി മലയാള സിനിമയില്‍ തുടര്‍ച്ചയായി വിവാഹ മോചനങ്ങള്‍ നടന്നുകൊണ്ടിരിയ്ക്കുകയല്ലേ. അതിനിടയില്‍ ഒരു സൗഹൃദം പൊട്ടിപ്പൊളിഞ്ഞത് അത്രയ്‌ക്കൊന്നും വലിയ കാര്യമല്ല എന്ന് അഭിപ്രായപ്പെടുന്നവരുണ്ടാവാം.
സാന്ദ്രയ്ക്ക് ചവിട്ടേറ്റത് അടിവയറ്റില്‍, വിജയ് ബാബു ഒളിവില്‍; യഥാര്‍ത്ഥ പ്രശ്‌നം ഇതാണ്
എന്നിരുന്നാലും പ്രണയവും സൗഹൃദവും രണ്ടും രണ്ടല്ലേ. മലയാള സിനിമയെ ഞെട്ടിച്ച ആദ്യത്തെ സൗഹൃത തകര്‍ച്ചയല്ല വിജയ് ബാബുവിന്റെയും സാന്ദ്ര തോമസിന്റെയും. ഇവിടെയിതാ ഒരു കുഞ്ഞ് ലിസ്റ്റ്. ഈ താരങ്ങളുടെ അടിപിടി പലപ്പോഴും ഒരു രഹസ്യ സ്വഭാവം സൂക്ഷിച്ചു പോന്നവയായിരുന്നു. നോക്കാം

സാന്ദ്ര തോമസ് - വിജയ് ബാബു
സ്വത്ത് തര്‍ക്കമാണ് അഭിനേതാക്കളും നിര്‍മാതാക്കളുമായ വിജയ് ബാബുവിന്റെയും സാന്ദ്ര തോമസിന്റെയും വഴക്കിന് കാരണമായത്. ഇരുവരും പങ്കാളികളായ ഫ്രൈഡെ ഫിലിം ഹൗസിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയാണ് പ്രശ്‌നങ്ങള്‍ നടന്നുകൊണ്ടിരിയ്ക്കുന്നത്.

മമ്മൂട്ടി - മുരളി
മുരളിയുടെ മരണ ശേഷമാണ് ആ ശത്രുതയെ കുറിച്ച് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ മമ്മൂട്ടി വെളിപ്പെടുത്തിയത്. അമരം, ഇന്‍സ്‌പെക്ടര്‍ ബല്‍റാം തുടങ്ങിയ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച മുരളിയും മമ്മൂട്ടിയും തമ്മില്‍ നല്ലൊരു ആത്മബന്ധമുണ്ടായിരുന്നു. എന്നാല്‍ പെട്ടന്നൊരു സുപ്രഭാതത്തില്‍ മുരളി തന്നെ ശത്രുവിനെ പോലെ കണ്ടു എന്നാണ് മമ്മൂട്ടി പറഞ്ഞത്. മരണം വരെ പിന്നെ മുരളി മമ്മൂട്ടിയോട് മിണ്ടിയിട്ടില്ല

രാജസേനന്‍ - ജയറാം
തൊണ്ണൂറുകളിലെ ഹിറ്റ് സംവിധായകന്‍ - നായകന്‍ കൂട്ടുകെട്ടായിരുന്നു രാജസേനനും ജയറാമും. ഇരുവരും ഒന്നിച്ച കുടുംബ ചിത്രങ്ങളെല്ലാം മികച്ച വിജയം നേടി. രാജസേനന്‍ എന്ന സംവിധായകന്റെ വളര്‍ച്ചയ്ക്ക് കാരണം ജയറാമാണെന്നും, ജയറാം എന്ന നായകന്റെ വളര്‍ച്ചയ്ക്ക് കാരണം രാജസേനന്‍ എന്ന സംവിധായകനാണെന്നും പറയാം. എന്നാല്‍ രാജസേനന്റെ ഒന്ന് രണ്ട് ചിത്രങ്ങള്‍ പരാജയപ്പെട്ടതോടെ ജയറാം സംവിധായകന് ഡേറ്റ് നല്‍കിയില്ല. ഇതേ തുടര്‍ന്നാണ് ഇരുവരും ശത്രുക്കളായത്. 2006 ല്‍ റിലീസ് ചെയ്ത കനക സിംഹാസനത്തിന് വേണ്ടിയാണ് ഇരുവരും ഏറ്റവും ഒടുവില്‍ ഒന്നിച്ചത്.

കുഞ്ചാക്കോ ബോബന്‍ - ദിലീപ്
ദിലീപ് - കുഞ്ചാക്കോ ബോബന്‍ പിണക്കം രഹസ്യമായ പരസ്യമാണ്. തുടക്കകാലത്ത് ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. ദോസ്ത്, കല്യാണരാമന്‍, സ്പാനിഷ് മസാല എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ഒന്നിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇരുവരും മുഖത്ത് നോക്കിയാല്‍ പോലും മിണ്ടാത്ത ശത്രുക്കളാണത്രെ. മടങ്ങിവരവില്‍ കുഞ്ചാക്കോ ബോബന്‍ മഞ്ജു വാര്യരുടെ നായകനായതും ശത്രുത ഇരട്ടിപ്പിച്ചു എന്നാണ് കേട്ടത്

മുരളി ഗോപി - ഫഹദ് ഫാസില്‍
പൊതുവെ സിനിമാ ലോകത്ത് ഫഹദ് ഫാസിലിന് ശത്രുക്കളാരും ഉണ്ടായിരുന്നില്ല. എന്നാല്‍ വണ്‍ ബൈ ടു എന്ന ചിത്രത്തിലൂടെ മുരളി ഗോപി ഫഹദിന്റെ ശത്രുവായി. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ പുറത്താണ് മുരളി ഗോപി തിരക്കഥ എഴുതിയ വണ്‍ ബൈ ടു എന്ന ചിത്രത്തില്‍ ഫഹദ് അഭിനയിച്ചത്. എന്നാല്‍ സിനിമ ഫഹദിന്റെ കരിയറിലെ ഏറ്റവും വലിയ തിരിച്ചടിയായി. ഒരു ചാനല്‍ അഭിമുഖത്തില്‍ ഫഹദ് ആ നീരസം പ്രകടിപ്പിയ്ക്കുകയും ചെയ്തു. പിന്നീട് ദിലീപുമൊന്നിച്ചുള്ള ഒരു സിനിമ വന്നപ്പോള്‍, മുരളി ഗോപി തിരക്കഥ എഴുതുന്ന സിനിമയായതിനാല്‍ ഫഹദ് ചിത്രം ഉപേക്ഷിക്കുകയായിരുന്നു.

മമ്മൂട്ടി - സുരേഷ് ഗോപി
മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള പിണക്കം മലയാള സിനിമയില്‍ പരസ്യമാണ്. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ആ പിണക്കത്തിന് കാരണമായ സംഭവം ഉണ്ടായത്. പിണക്കത്തിലാണെന്ന് പലപ്പോഴും സുരേഷ് ഗോപിയും മമ്മൂട്ടിയും പറഞ്ഞിട്ടുമുണ്ട്. പിണങ്ങിയിരിക്കുമ്പോള്‍ തന്നെയാണ് ഇരുവരും ഒന്നിച്ച് ട്വന്റി ട്വന്റി, കിങ് ആന്റ് കമ്മീഷന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചത്. ലൊക്കേഷനില്‍ ഇരുവരുടെയും ഈഗോ കാരണം പണികിട്ടിയത് നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കുമാണ്.

സിദ്ധിഖ് - ലാല്‍
മലയാളികള്‍ നെഞ്ചേറ്റിയ ഗോഡ് ഫാദര്‍, റാംജി റാവു സ്പീക്കിങ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകരും എഴുത്തുകാരുമായ സിദ്ധിഖ് - ലാല്‍ കൂട്ടുകെട്ട് ഇടക്കാലത്ത് തെറ്റിപ്പിരിഞ്ഞിരുന്നു. 22 വര്‍ഷത്തോളം ഇരുവരും ആ പിണക്കം തുടര്‍ന്നു. ഒടുവില്‍ പോയ വര്‍ഷം കിങ് ലയര്‍ എന്ന ചിത്രം ഒരുക്കിക്കൊണ്ട് പിണക്കം മാറ്റി. അതുപോലെ എല്ലാവരുടെയും ശത്രുത മഞ്ഞുപോലെ ഉരുകിപ്പോകും എന്ന് പ്രതീക്ഷിക്കാം


Click it and Unblock the Notifications