അമ്മയുടെ ജീവിതം നൽകിയ പാഠം, താരപുത്രിയുടെ ആഢംബരങ്ങളില്ല, ശ്രുതി റഫ് ആന്റ് ടഫ് ആയതിന് കാരണം കമലും!
മുപ്പത്തിയൊമ്പതുകാരിയായ ശ്രുതി ഹാസൻ തെന്നിന്ത്യയിലെ മൾട്ടി ടാലന്റഡായ നായിക നടിമാരിൽ ഒരാളാണ്. ശ്രുതിയിലെ നായികയെക്കാൾ പ്രേക്ഷകർക്ക് ഇഷ്ടം ഗായികയേയാണ്. പിതാവ് കമൽഹാസനെപ്പോലെ തന്നെ തുറന്ന് പുസ്തകമാണ് ശ്രുതിയും. വ്യക്തി ജീവിതത്തിൽ സംഭവിച്ചിട്ടുള്ള തെറ്റുകളും അബദ്ധങ്ങളും എല്ലാം നടി തുറന്ന് പറയാറുണ്ട്. ഡിപ്ലോമാറ്റിക്കായി സംസാരിക്കുന്ന നായികമാരെ മാത്രം കണ്ടിട്ടുള്ള തെന്നിന്ത്യൻ സിനിമയ്ക്ക് തുടക്കത്തിൽ ശ്രുതിയുടെ തുറന്ന് അടിച്ചുള്ള സംസാരം ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരുന്നു.
എന്നാൽ ഇന്ന് നടിക്ക് ഇത്രയേറെ ആരാധകർ ഉണ്ടാകാൻ കാരണം ശ്രുതിയുടെ മറയില്ലാത്ത സംസാരവും താരജാഡകളില്ലാത്ത പെരുമാറ്റവുമാണ്. സഹോദരിക്കൊപ്പം മുംബൈയിലാണ് ശ്രുതിയുടെ താമസം. മാതാപിതാക്കളെക്കാൾ ശ്രുതിക്ക് മാനസീക അടുപ്പമുള്ളതും അക്ഷരയുമായിട്ടാണ്. ആരെയും ആശ്രയിക്കാതെ ഇന്റിപെന്റന്റായി ജീവിക്കുന്നതിനോട് ശ്രുതിക്ക് എന്നും താൽപര്യം.

അമ്മയുടെ ജീവിതമാണ് സാമ്പത്തികമായി അടക്കം സ്വതന്ത്ര്യയാവണം എന്ന ചിന്തയിലേക്ക് നടിയെ എത്തിച്ചത്. കമൽഹാസന്റെ രണ്ടാം വിവാഹത്തിലുള്ള മകളാണ് ശ്രുതി ഹാസൻ. 1978ൽ ആയിരുന്നു നടന്റെ ആദ്യ വിവാഹം. ക്ലാസിക്കൽ ഡാൻസറായ വാണി ഗണപതിയെയാണ് വിവാഹം ചെയ്തത്. പത്ത് വർഷത്തോളം നീണ്ട ദാമ്പത്യത്തിനുശേഷം 1988ൽ ഇരുവരും വിവാഹമോചനം നേടി.
അതിനുശേഷമാണ് കമൽ ഹാസന്റെ ജീവിതത്തിലേക്ക് നടി സരിക കടന്നുവരുന്നത്. ഇരുവരും സൗഹൃദത്തിലാവുകയും അത് പിന്നീട് പ്രണയമായി മാറുകയുമായിരുന്നു. വളരെക്കാലം ഇരുവരും ലിവ്-ഇൻ റിലേഷൻഷിപ്പിലായിരുന്നു. പിന്നീടാണ് താരങ്ങൾ നിയമപ്രകാരം വിവാഹം കഴിച്ചത്. സരികയിൽ കമൽഹാസന് പിറന്ന രണ്ട് പെൺമക്കളും സംഗീതവും അഭിനയവും എല്ലാമായി സിനിമയിൽ സജീവമാണ്.
ദമ്പതികളായിരുന്ന സമയത്ത് കമൽഹാസന്റെ സിനിമകളുടെ പേഴ്‌സണൽ കോസ്റ്റ്യൂം ഡിസൈനറായി സരിക ഏറെക്കാലം പ്രവർത്തിച്ചിരുന്നു. പതിനേഴ് വർഷത്തോളം നീണ്ടതായിരുന്നു കമൽഹാസനുമായുള്ള സരികയുടെ ദാമ്പത്യം. 2004ൽ ആണ് ഇരുവരും വിവാഹമോചിതരാകുന്നത്. അന്ന് മുതൽ മുംബൈയിൽ സ്ഥിര താമസമാണ് സരിക. വേർപിരിഞ്ഞുവെങ്കിലും മക്കളുടെ വിളിപ്പുറത്തുണ്ട് സരികയും കമലും.
2022ൽ പുറത്തിറങ്ങിയ മോഡേൺ ലവ് മുംബൈ എന്ന വെബ് സീരിസിൽ സരിക അഭിനയിച്ചിരുന്നു. അഞ്ച് വയസിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് സരിക സിനിമയിലേക്ക് എത്തുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ അച്ഛൻ സരികയേയും കുടുംബത്തേയും ഉപേക്ഷിച്ച് പോയിരുന്നു. അന്ന് മുതൽ കുടുംബത്തിന്റെ വരുമാന മാർഗം സരികയായിരുന്നു. ചെറിയ പ്രായം മുതൽ ജോലി ചെയ്ത് തുടങ്ങിയതുകൊണ്ട് തന്നെ കൃത്യമായി സ്കൂൾ വിദ്യാഭ്യാസം നേടാൻ പോലും സരികയ്ക്ക് സാധിച്ചിട്ടില്ല.

മാതാപിതാക്കളുടെ വിവാഹമോചനം ശ്രുതിയെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. ഇപ്പോഴിതാ അച്ഛനും അമ്മയും വേർപിരിഞ്ഞശേഷമുള്ള ജീവിതത്തെ കുറിച്ച് ശ്രുതി ഹാസൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു പെൺകുട്ടി സാമ്പത്തികമായും വൈകാരികമായും സ്വതന്ത്രയാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിലപ്പെട്ട ഒരു പാഠം മാതാപിതാക്കളുടെ വിവാഹമോചനത്തിലൂടെ താൻ പഠിപ്പിച്ചുവെന്ന് ശ്രുതി പറയുന്നു.
രണ്ട് പേർക്ക് ഒരുമിച്ച് ജീവിക്കുമ്പോൾ സന്തോഷിക്കാൻ കഴിയുന്നില്ലെങ്കിൽ അവരെ ഒരുമിച്ച് ജീവിക്കാൻ നിർബന്ധിക്കുന്നതിൽ അർത്ഥമില്ല. വിവാഹമോചനത്തിനുശേഷം അമ്മ സരിക ജീവിതം വീണ്ടും തിരികെ പിടിച്ച രീതി എനിക്ക് വലിയ പ്രചോദനമായിരുന്നു. ഒരു സ്ത്രീ വൈകാരികമായി മാത്രമല്ല സാമ്പത്തികമായും സ്വതന്ത്രയായിരിക്കേണ്ടത് എത്ര പ്രധാനമാണെന്ന് അമ്മയുടെ ജീവിതം എനിക്ക് മനസിലാക്കി തന്നു. അത് ഞാൻ ഇന്നും തുടർന്ന് കൊണ്ട് പോകുന്നുണ്ടെന്നും ശ്രുതി പറഞ്ഞു.
മാതാപിതാക്കൾ വേർപിരിഞ്ഞുവെങ്കിലും രണ്ടുപേരുമായും നല്ലൊരു ആത്മബന്ധം ഇന്നും ശ്രുതി നിലനിർത്തുന്നുണ്ട്. ആഢംബരങ്ങളോടോ ലക്ഷ്വറി ബ്രാന്റുകളോടോ ഭ്രമമില്ലാത്ത താരപുത്രി കൂടിയാണ് ശ്രുതി.


Click it and Unblock the Notifications











