ആ കമന്റുകൾ അച്ഛനെ വിഷമിപ്പിച്ചു, പ്ലസ് വണ്ണിൽ തോറ്റിരുന്നു എന്നിട്ടും പിറ്റേദിവസം ഒരുങ്ങിയാണ് പോയത്; ശ്രുതി
ചക്കപ്പഴത്തിലെ പൈങ്കിളിയാണ് മിനിസ്ക്രീൻ പ്രേക്ഷകർക്ക് ശ്രുതി രജനികാന്ത്. സോഷ്യൽമീഡിയയിലും സജീവമായ ശ്രുതി അഭിനയത്തിന് പുറമെ സംരംഭകയുടെ റോളിലും തിളങ്ങുകയാണിപ്പോൾ. നിരവധി ഓഡീഷനുകൾ അറ്റന്റ് ചെയ്തശേഷമാണ് മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ശ്രുതിക്ക് അവസരങ്ങൾ ലഭിച്ച് തുടങ്ങിയത്. അഭിനയമെന്ന ആഗ്രഹത്തിന് പിറകെ സഞ്ചരിച്ചതിന്റെ പേരിൽ കേട്ട വിമർശനങ്ങൾ താങ്ങാനാവുന്നതിനും അപ്പുറമായിരുന്നുവെന്ന് പറയുകയാണിപ്പോൾ ശ്രുതി.
ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ഇരുപത്തിയൊമ്പത് വർഷത്തിനിടെ തനിക്ക് ഏറ്റവും കൂടുതൽ ഉണ്ടായിട്ടുള്ളത് തോൽവിയാണെന്നും ശ്രുതി പറയുന്നു. ലൈഫ് എനിക്ക് ഈസിയായിരുന്നില്ല. എനിക്ക് ഇപ്പോൾ 29 വയസുണ്ട്.

ഈ വർഷങ്ങൾ അത്രയും എനിക്ക് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ചിന്തിക്കുന്നതിനും അപ്പുറമാണത്. വളരെ മോശമായിരുന്നു. എന്ന് കരുതി നല്ലതൊന്നും സംഭവിച്ചിട്ടില്ലെന്ന് അർത്ഥമില്ല. എന്റെ അച്ഛന്റെ ആഗ്രഹത്തിന്റെ പുറത്താണ് ഞാൻ അഭിനയത്തിലേക്ക് വന്നത്. പക്ഷെ നമ്മുടെ സ്വപ്നത്തെ കുറിച്ച് വെളിയിൽ പറഞ്ഞ് നടക്കാൻ പറ്റില്ല. ഈ സമയത്തൊക്കെ കേൾക്കേണ്ടി വന്നത് വളരെ മോശം കമന്റുകളാണ്.
അച്ഛൻ എന്നെ കൂട്ടി കൊടുക്കാൻ കൊണ്ടുപോവുകയായിരിക്കും എന്നുവരെ കേട്ടു. ഇതൊക്കെ ഭയങ്കര ട്രോമയാണ്. ഇപ്പോൾ ആലോചിക്കുമ്പോൾ നമ്മൾ ഇത്രയൊക്കെയായില്ലേ പ്രൂവ് ചെയ്തിട്ടല്ലേ നിൽക്കുന്നത് ഇനി ഇവന്മാർ എന്തും പറഞ്ഞോട്ടെയെന്ന് തോന്നും. പക്ഷെ അന്ന് നമ്മൾ ഒന്നും ആയിട്ടില്ല. കളിയാക്കുന്നവർ മാത്രമെ ചുറ്റിലുമുള്ളു.
അതുകൊണ്ട് തന്നെ കാര്യങ്ങൾ അറിയാതെ അവർ വാക്കുകൾ പ്രയോഗിക്കുമ്പോൾ നമുക്കുണ്ടാകുന്ന വേദന വളരെ വലുതും മോശവുമായിരുന്നു. മാത്രമല്ല ചെറുപ്പം മുതൽ ഒരുപാട് ട്രോമകളുള്ളയാളാണ് ഞാൻ. അതിന്റെ കൂടെ പുതിയ കാര്യങ്ങൾ കൂടി ഇത്തരം കമന്റുകളിലൂടെ വന്ന് ചേർന്നു. കാര്യങ്ങൾ ഇത്രയൊക്കെയായിട്ടും ഞാൻ ഒന്നും പുറത്ത് കാണിച്ചിരുന്നില്ല.
അച്ഛനും പല സാഹചര്യങ്ങളിലും ഒരുപാട് വിഷമമായി. പക്ഷെ പുറത്ത് കാണിച്ചില്ലെന്ന് ശ്രുതി പറഞ്ഞു. രണ്ടാം ക്ലാസിൽ തോറ്റത് മുതൽ അങ്ങോട്ട് മുഴുവൻ തനിക്ക് തോൽവിയായിരുന്നു കൂടുതലുമെന്നും ശ്രുതി പറയുന്നു. പ്ലസ് വണ്ണിൽ തോറ്റതിന് സ്കൂളിൽ നിന്നും പുറത്താക്കിയ സംഭവവും ശ്രുതി വിവരിച്ചു. തോൽക്കാൻ റെഡിയാണെങ്കിൽ ജീവിതത്തിൽ എന്തും ചെയ്യാൻ നമുക്ക് കഴിയും.

ഇരുപത്തിയൊമ്പത് വർഷത്തിനിടെ എനിക്ക് ജീവിതത്തിൽ തോൽവി മാത്രമെ ഉണ്ടായിട്ടുള്ളു. രണ്ടാം ക്ലാസിൽ തോറ്റത് മുതൽ അങ്ങോട്ട് മുഴുവൻ തോൽവിയായിരുന്നു. എല്ലാം കൊണ്ടും ജീവിതത്തിൽ തോറ്റ അവസ്ഥയുണ്ടായിട്ടുണ്ട്. ഞാൻ പ്ലസ് വണ്ണിൽ തോറ്റിരുന്നു. സ്കൂളിൽ നിന്നും പുറത്താക്കി.
പിന്നീട് മാതാപിതാക്കൾ വന്ന് ഇനിയും തോറ്റാൽ സ്കൂളിൽ നിന്നും മാറിക്കൊള്ളാം സ്കൂളിനെ പഴിചാരില്ലെന്ന് എഴുതി കൊടുത്തശേഷമാണ് എനിക്ക് അവിടെ തുടർന്ന് പഠിക്കാനായത്. ഇങ്ങനെ എഴുതി എല്ലാം കൊടുത്തശേഷം പ്ലസ് ടു ക്ലാസിന് ആദ്യ ദിവസം ഞാൻ സ്കൂളിൽ പോയത് തല നിറച്ച് മുല്ലപ്പൂവൊക്കെ വെച്ച് ഒരുങ്ങിയാണ്. തോറ്റതിന്റെ ഒരു കുഴപ്പവും എനിക്ക് ഇല്ലായിരുന്നു. എന്ന് കരുതി എനിക്ക് വീട്ടിൽ നിന്നും വഴക്ക് കേട്ടിട്ടില്ലെന്ന് അർത്ഥമില്ല.
ഏവിയേഷന് പോയപ്പോഴും തോറ്റു. അന്നും വീട്ടുകാരുടെ വഴക്ക് കേട്ടു എന്നും ശ്രുതി പറയുന്നു. അമ്പലപ്പുഴയിൽ നിന്നുമാണ് മോഡലും ആർ.ജെയും കൂടിയായ ശ്രുതി മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് വന്നത്. സീരിയൽ വഴി ശ്രുതി സിനിമയിലുമെത്തി. യുട്യൂബ് വ്ലോഗിങ്ങുമായും താരം സജീവമാണ്. ക്വീൻ എലിസബത്താണ് അവസാനമായി ശ്രുതി അഭിനയിച്ച് പ്രേക്ഷകരിലേക്ക് എത്തിയ സിനിമ.


Click it and Unblock the Notifications