വിട്ട് പോവാമെന്ന് ഞാനിടയ്ക്ക് പറയും; വഴക്കുണ്ടായിട്ടുണ്ട്; വിവാഹ ജീവിതത്തെക്കുറിച്ച് ശ്രുതി
മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ സ്ഥാനമുറപ്പിച്ച് കൊണ്ടിരിക്കുന്ന നടിയാണ് ശ്രുതി രാമചന്ദ്രൻ. ഞാൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശ്രുതി ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് സൺഡേ ഹോളിഡേ, മധുരം, കാണെക്കാണെ തുടങ്ങി ഒരുപിടി സിനിമകൾ ശ്രുതിയെ തേടി വന്നു. മധുരം എന്ന സിനിമയാണ് ശ്രുതിയുടെ കരിയർ ഗ്രാഫിൽ വഴിത്തിരിവാകുന്നത്.
ചിത്ര എന്ന കഥാപാത്രത്തെയാണ് സിനിമയിൽ ശ്രുതി അവതരിപ്പിച്ചത്. നീരജയാണ് ശ്രുതി രാമചന്ദ്രന്റെ പുതിയ സിനിമ. ടൈറ്റിൽ റോളിലാണ് നടി ഈ സിനിമയിൽ എത്തുന്നത്. ഗുരു സോമസുന്ദരം., ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രിന്ദ തുടങ്ങിയവർ സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നു. ആർക്കിടെക്ടായി ജോലി ചെയ്തിരുന്ന ശ്രുതി പിന്നീട് സിനിമാ രംഗത്തേക്ക് കടക്കുകയായിരുന്നു.

ഫ്രാൻസിസ് തോമസെന്നാണ് ശ്രുതിയുടെ ഭർത്താവിന്റെ പേര്. 2016 ലാണ് ശ്രുതി വിവാഹിതയാവുന്നത്. ഏറെനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഫ്രാൻസിസിന്റെയും ശ്രുതിയുടെയും വിവാഹം. പരസ്പരം കരിയറിൽ പിന്തുണ നൽകുന്നവരാണ് താനും ഭർത്താവുമെന്ന് നേരത്തെ ശ്രുതി വ്യക്തമാക്കിയിട്ടുണ്ട്. ഫ്രാൻസിസിനെക്കുറിച്ച് ശ്രുതി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
ജോലി സംബന്ധമായ കാരണങ്ങളാൽ ഇടയ്ക്ക് പരസ്പരം കാണാൻ കഴിയാതിരുന്ന ഒരു ഘട്ടവും തങ്ങളുടെ പ്രണയകാലത്തുണ്ടായിരുന്നെന്ന് ശ്രുതി രാമചന്ദ്രൻ പറയുന്നു. 'ആ സമയത്ത് പ്രശ്നങ്ങളും ഉണ്ടായിരുന്നു. പരസ്പരം മിസ് ചെയ്യുമ്പോഴാണ് അടിയുണ്ടാവുന്നത്. നല്ല അടിയുണ്ടായിട്ടുണ്ട്. ഇപ്പോൾ അങ്ങനെ ഉണ്ടാവാറില്ല'
'പക്ഷെ അടിയുണ്ടാവുമ്പോൾ ശരിക്കും വിട്ടിട്ട് പോവാമെന്ന് ഇടയ്ക്ക് ഞാൻ പറയും. ഇടയ്ക്ക് ഫ്രാൻസിസും. പക്ഷെ ഒരാൾ ശക്തമായി പിടിച്ച് നിൽക്കും. രണ്ട് പേരും ഇതുവരേക്കും ഒരുമിച്ച് പറഞ്ഞിട്ടില്ല,' ശ്രുതി രാമചന്ദ്രൻ പറയുന്നു.

തന്റെ സിനിമാ കരിയറിനെക്കുറിച്ചും നടി അഭിമുഖത്തിൽ സംസാരിക്കുണ്ട്. നീരജ എന്ന സിനിമ തനിക്ക് വ്യക്തിപരമായി കണക്ട് ചെയ്യാൻ പറ്റിയ സിനിമയാണെന്ന് നടി പറയുന്നു. എനിക്കറിയാവുന്ന ചില സുഹൃത്തുക്കൾക്ക് പങ്കാളികളെ നഷ്ടപ്പെടുകയോ മരിച്ച് പോവുകയോ ചെയ്തിട്ടുണ്ട്.
പങ്കാളി മരിക്കുമ്പോൾ നമ്മുടെ ആഗ്രഹങ്ങൾ മരിക്കുന്നില്ല എന്നാണ് നീരജ എന്ന സിനിമയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്. ശാരീരിക ആഗ്രഹങ്ങളെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. ഒരു വിധവയ്ക്ക് ശാരീരിക ആഗ്രഹങ്ങളുണ്ടെന്ന് പറയുന്നതിനെ സമൂഹം തെറ്റായാണ് കാണുന്നതെന്നും ശ്രുതി അഭിപ്രായപ്പെട്ടു.
നേരത്തെ ഭർത്താവ് നൽകുന്ന പിന്തുണയെക്കുറിച്ച് ശ്രുതി സംസാരിച്ചിട്ടുണ്ട്. എന്തും തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്യം പര്സപരമുണ്ട്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഇങ്ങനത്തെ സിനിമകൾ ചെയ്യുമ്പോൾ ഭർത്താവിന് പ്രശ്നമുണ്ടോയെന്ന ചോദ്യം വന്നു. എന്നാൽ ഇത് തന്റെ കരിയറാണ്. ഫ്രാൻസിന്റെ കരിയറിൽ താനും ഇടപെടാറില്ല.
ഫ്രാൻസിസിനോട് ഈ ചോദ്യത്തെക്കുറിച്ച് പറഞ്ഞപ്പോൾ കുഴപ്പമില്ല, നിന്റെ പ്രൊഫഷനാണല്ലോ എന്നാണ് ലഭിച്ച മറുപടിയെന്നും ശ്രുതി തുറന്ന് പറഞ്ഞു. പതിനാറാം വയസ്സിലാണ് ഫ്രാൻസിസിനെ കണ്ടുമുട്ടുന്നത്. ഒന്നിച്ചാണ് വളർന്നതെന്ന് പറയാം. ഞങ്ങൾക്കൊപ്പം പ്രണയവും വളരുകയായിരുന്നു. വിവാഹത്തിന് ശേഷമാണ് ഒരുമിച്ച് ജീവിക്കുന്നത്. പ്രശ്നങ്ങളൊക്കെയുണ്ടായിട്ടുണ്ട്. പതിയെ പരസ്പരം മനസ്സിലാക്കും ബഹുമാനിക്കാനും പഠിച്ചു.
തന്റെ പ്രണയത്തിന് വീട്ടുകാരുടെ എതിർപ്പില്ലായിരുന്നു. പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ സമ്മതിച്ചു. സമ്മതിക്കില്ലെന്ന പേടിയോടെയാണ് പറഞ്ഞത്. എന്നാൽ കേട്ടപ്പോൾ തന്നെ വീട്ടുകാർ സമ്മതിക്കുകയായിരുന്നെന്നും അന്ന് ശ്രുതി രാമചന്ദ്രൻ വ്യക്തമാക്കി. നീരജയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് ശ്രുതി രാമചന്ദ്രൻ.


Click it and Unblock the Notifications











