"ഞാനെപ്പോഴും കവർ ചെയ്തിട്ടുണ്ട്, ഇന്റിമേറ്റ് രംഗങ്ങളിൽ ആളുകൾ മറക്കുന്ന കാര്യം"; ശ്വേത മേനോന്റെ വാക്കുകൾ
സാമ്പത്തിക ലാഭത്തിന് വേണ്ടി അശ്ലീല സിനിമകളിൽ അഭിനയിച്ചെന്ന് ആരോപിച്ച് ശ്വേത മേനോനെതിരെ കേസ് നൽകിയ സംഭവം വിവാദമായിരിക്കുകയാണ്. മാർട്ടിൻ മെനാച്ചേരി എന്നയാളാണ് പരാതി നൽകിയത്. എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അനാശ്വാസ്യ നിയമപ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് കേസ്. ശ്വേത അഭിനയിച്ച ഗർഭ നിരോധന ഉറയുടെ പരസ്യവും രതിനിർവേദം, പാലേരി മാണിക്യം, കളിമണ്ണ് തുടങ്ങിയ സിനിമകളുമാണ് പരാതിക്കാരൻ അശ്ലീല രംഗങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.
ഇറോട്ടിക് രംഗങ്ങളിൽ അഭിനയിച്ചതിനെക്കുറിച്ച് ശ്വേത ഈയടുത്ത് നൽകിയ അഭിമുഖത്തിൽ തുറന്ന് സംസാരിച്ചിരുന്നു. കാമസൂത്രയുടെ പരസ്യത്തിൽ അഭിനയിച്ചപ്പോൾ വന്ന എതിർപ്പുകളെക്കുറിച്ചും ശ്വേത സംസാരിച്ചിരുന്നു. "ഒരു ജേർണലിസ്റ്റ് വീട്ടിൽ കയറി സംസാരിച്ചപ്പോൾ അവൾ അവളുടെ ജോലി ചെയ്യുകയല്ലേ, സേഫ് സെക്സ് അല്ലേ പറയുന്നത് എന്നാണ് അച്ഛൻ പറഞ്ഞത്"

"ഇനിയും ഇത് ചെയ്യുമോ എന്ന് ചോദിച്ചാൽ എന്തുകൊണ്ടില്ല എന്നായിരിക്കും എന്റെ മറുപടി. ഇതെന്റെ ജോലിയാണ്. ഇതെന്റെ ജോലിയാണ്. ജോലിയായി ഞാൻ എന്തും ചെയ്യും. ഒരാളുടെ ക്രിയേറ്റീവ് വിഷനെ ധിക്കരിക്കാൻ പാടില്ല. സംവിധായകൻ പറഞ്ഞതാണ് ഇറോട്ടിക് രംഗങ്ങളിൽ ചെയ്തത്, ഷൂട്ടിംഗിൽ അത് ജോലിയാണ്. ഇറോട്ടിസത്തിന്റെ ഇ പോലും വരില്ല" ശ്വേത മേനോൻ അന്ന് വ്യക്തമാക്കി.
"ആക്ഷനും കട്ടിനും ഇടയിലാണ് എല്ലാം. ഒരു ആർട്ടിസ്റ്റും അതിനപ്പുറത്തേക്ക് ആലോചിക്കില്ല. എനിക്ക് ഇൻഡസ്ട്രിയിൽ നിന്നുള്ള ആളെ വിവാഹം ചെയ്യേണ്ടെന്ന് തനിക്ക് വ്യക്തതയുണ്ടായിരുന്നെന്നും ശ്വേത പറഞ്ഞു. ഞാനിന്ന് വരെ ശരീരം കാണിച്ചിട്ടില്ലെന്ന് ആൾക്കാർ ഓർക്കുന്നില്ല. എപ്പോഴും ഞാൻ എന്നെ കവർ ചെയ്തിട്ടുണ്ട്. റിയൽ ലെെഫിൽ ഞാൻ സ്ലീവ് ലെസ് ഇടാത്ത ആളാണ്. ഇപ്പോൾ ഇടില്ല. പക്ഷെ ക്യാരക്ടറിന് വേണ്ടി ഇടുമൊന്നും" ശ്വേത മേനോൻ വ്യക്തമാക്കി.

മൂവി വേൾഡ് മീഡിയയിൽ സംസാരിക്കുകയായിരുന്നു ശ്വേത. 1991 ൽ അനശ്വരം എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയ ശ്വേത പിന്നീട് മോഡലിംഗിലേക്ക് ശ്രദ്ധ തിരിച്ചു. ഇതിനിടെ ചില ബോളിവുഡ് സിനിമകളിൽ അഭിനയിച്ചു. മലയാള സിനിമാ രംഗത്തേക്ക് കുറച്ച് വർഷങ്ങൾക്ക് ശേഷം ശ്വേത തിരിച്ചെത്തി. രണ്ടാം വരവിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ ശ്വേതയ്ക്ക് ലഭിച്ചു. പാലേരി മാണിക്യം, ഒഴിമുറി, സോൾട്ട് ആന്റ് പെപ്പർ, രതിനിർവേദം തുടങ്ങിയ സിനിമകളിലൂടെ ശ്വേത പ്രേക്ഷകരുടെ കയ്യടി നേടി.
ശ്വേതയ്ക്കെതിരെയുള്ള കേസ്
സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് ശ്വേത മേനോൻ നഗ്നത കാണിച്ച് അഭിനയിച്ചെന്നും ഈ ദൃശ്യങ്ങൾ അശ്ലീല സെെറ്റുകളിൽ പ്രചരിപ്പിച്ചെന്നുമാണ് മാർട്ടിൻ മെനാച്ചേരി നൽകിയ പരാതിയിൽ പറയുന്നത്. കേസിൽ ശ്വേതയെ പിന്തുണച്ച് സിനിമാ രംഗത്ത് നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്. ശ്വേത അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് തടയാനുള്ള നീക്കമാണിതെന്ന് വാദമുണ്ട്. ഭാഗ്യലക്ഷ്മി, മാല പാർവതി തുടങ്ങിയവരാണ് ഈ വാദം ഉന്നയിച്ചത്. "ആദ്യം കുക്കു പരമേശ്വരനും ഇപ്പോൾ ശ്വേത മേനോനും ആക്രമണം നേരിടുന്നു.ഇത് ഒരു സംഘടനാ പ്രശ്നമായി കാണാതെ, പൊതു സമൂഹം കൂടെ നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കാരണം, ഈ അധികാര വടം വലിയിൽ ബലിയാടാകുന്നത് രണ്ട് സ്ത്രീകളാണ്. ശ്വേതയും കുക്കുവും ഈ ഗൂഢാലോചനയ്ക്കെതിരെ കേസ് കൊടുക്കണം.ബാലിശ്ശമായ ഇലക്ഷൻ വടം വലിയ മാത്രമായാണ് ഞാനിത് ആദ്യം കണ്ടിരുന്നത്. പ്രബലരായ ശത്രുക്കളുടെ ഉദ്ദേശം അതിലുമപ്പുറമാണ്," മാല പാർവതിയുടെ പ്രസ്താവനയിലെ പ്രസക്ത ഭാഗമിങ്ങനെ.


Click it and Unblock the Notifications