നന്നായി വഴക്കിടും, മകൾ എതിർത്താൽ ഇതാണ് ജീവിതമെന്ന് പറയും; വിവാഹ ജീവിതത്തെക്കുറിച്ച് ശ്വേത മേനോൻ
കരിയറും കുടുംബ ജീവിതവും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുകയാണ് നടി ശ്വേത മേനോൻ. ശ്രീവത്സൻ മേനോൻ എന്നാണ് ശ്വേതയുടെ ഭർത്താവിന്റെ പേര്. സബെെന എന്ന മകളും ഇവർക്കുണ്ട്. ശ്വേതയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. 2011 ലായിരുന്നു വിവാഹം. വിവാഹ ശേഷവും ശ്രദ്ധേയ റോളുകൾ ശ്വേതയെ തേടി വന്നു. വിവാഹ ജീവിതത്തെക്കുറിച്ച് പുതിയ അഭിമുഖത്തിൽ ശ്വേത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. താനും ഭർത്താവും തമ്മിൽ വഴക്കുകളുണ്ടാകാറുണ്ടെന്ന് ശ്വേത പറയുന്നു. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
ഞങ്ങൾ പരസ്പരം ബഹുമാനിക്കുന്നതിന് കാരണം ഞങ്ങൾ തമ്മിൽ നല്ല വഴക്കുണ്ടാകും എന്നതാണ്. ഞങ്ങൾ ഫെെറ്റ് ചെയ്യുന്നത് നിങ്ങൾ കണ്ടാൽ ഇത് തീർന്നു, അവർ വക്കീലിനെ കാണും എന്ന് തോന്നും. എന്തിനാണ് ഉള്ളിൽ വെക്കുന്നതെന്നാണ് എനിക്ക് തോന്നാറ്. അത്യന്തികമായി അദ്ദേഹം എന്റെ ഭർത്താവും ഞാൻ അദ്ദേഹത്തിന്റെ ഭാര്യയുമാണ്. ഞങ്ങൾക്കൊരു കുട്ടിയുണ്ട്. മകളുടെ മുന്നിൽ വെച്ച് ഞങ്ങൾ ഫെെറ്റ് ചെയ്യാറില്ല. ഞങ്ങളുടെ മുറിയിൽ വെച്ചാണ് വഴക്കിടാറ്.

ഇതിനിടെ മകൾ വന്നാൽ കുറച്ച് സമയം ഞങ്ങൾക്ക് തരൂ എന്ന് പറയും. നിങ്ങൾ വഴക്കിടുന്നത് എനിക്കിഷ്ടമല്ലെന്ന് ചിലപ്പോൾ അവൾ പറയും. ഇത് ഡീൽ ചെയ്യ്, ഇതാണ് ജീവിതമെന്ന് ഞാൻ മറുപടി നൽകും. ഞങ്ങൾ എക്സ്പ്രസ് ചെയ്യുന്നത് നിർത്തില്ല. പക്ഷെ അഞ്ച് സെക്കന്റ് കഴിഞ്ഞാൽ കാപ്പി വേണോ ചായ വേണോ എന്ന് ചോദിച്ച് ഞാൻ പോകും. മനസിൽ വെക്കുമ്പോഴാണ് പ്രശ്നം. സമൂഹത്തിന്റെയോ മാതാപിതാക്കളുടെയോ സുഹൃത്തുക്കളുടെയോ പ്രഷർ കാരണം വിവാഹം ചെയ്യരുത്. എന്റെ എല്ലാ ഫ്രണ്ട്സും പ്രസവിച്ച് അമ്മമാരായി, ഞാനാണെങ്കിൽ കല്യാണം കഴിച്ചിട്ടില്ല, എപ്പോൾ ഞാൻ അമ്മയാകും എന്ന് പറയുന്നത് കേൾക്കാം. അത് ആകണമെങ്കിൽ അത് ആകും. തിടുക്കപ്പെടേണ്ടതില്ലെന്നും ശ്വേത മേനോൻ പറഞ്ഞു.
ജീവിതത്തിൽ ഞാൻ ഭാഗ്യവതിയാണ്. എത്ര പേർക്ക് രണ്ടാമതൊരു അവസരം ലഭിക്കും. എനിക്ക് രണ്ടാമത് അവസരം ലഭിച്ചു. അത് ഞാൻ സെലിബ്രേറ്റ് ചെയ്യുന്നു. ഞങ്ങൾ കല്യാണം കഴിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ബന്ധുക്കളും മറ്റും വിളിച്ചു. ഒരു നടിയെ ആണ് വിവാഹം ചെയ്യുന്നത്, ഇനി അഭിനയിക്കുമോ എന്താണ് പ്ലാൻ എന്നെല്ലാം ചോദിച്ചു. ഭർത്താവ് പറഞ്ഞത് അവളെ ഞാൻ ഒരു നടിയായാണ് പരിചയപ്പെടുന്നത്, എങ്ങനെയാണ് ഞാൻ വീട്ടിലിരിക്കാൻ പറയുക? എന്നാണ്.

അവളെ എനിക്കിഷ്ടമാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. അവളെന്ന വ്യക്തിയെ ബഹുമാനിക്കുന്നു, ബാക്കിയെല്ലാം അതിനൊപ്പം വരുന്നതാണ് എന്നാണ് പറഞ്ഞതെന്നും ശ്വേത മേനോൻ പറയുന്നു. ശ്രീവത്സൻ ആണ് തന്നെ പ്രൊപ്പോസ് ചെയ്തതെന്നും ശ്വേത പറയുന്നുണ്ട്. പ്രൊപ്പോസ് ചെയ്തപ്പോൾ ഞാൻ കരഞ്ഞു. ഒരാൾക്കങ്ങനെ ചെയ്യാൻ പറ്റുമെന്ന് എനിക്ക് വിശ്വസിക്കാനായില്ലെന്നും ശ്വേത മേനോൻ പറഞ്ഞു.
താര സംഘടനയായ അമ്മയുടെ പ്രസിഡന്റാണ് ശ്വേത മേനോൻ ഇന്ന്. ഈയടുത്താണ് തെരഞ്ഞെടുപ്പ് നടന്നത്. ഈ സ്ഥാനത്തേക്ക് വരുന്ന ആദ്യ സ്ത്രീയാണ് ശ്വേത മേനോൻ. ശ്വേതയുടെ തെരഞ്ഞെടുപ്പ് വിജയം വലിയ വാർത്തയായിരുന്നു. ചില വിവാദങ്ങളുമുണ്ടായി. ശ്വേത സംഘടനയെ എങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്ന് ഉറ്റ് നോക്കുകയാണ് ഇന്ന് സിനിമാ ലോകവും മാധ്യമങ്ങളും.


Click it and Unblock the Notifications