മുൻ ഭർത്താവിന്റെ വീട്ടിലെ ആചാരങ്ങളും സംസ്കാരങ്ങളും; ശ്വേതയ്ക്ക് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല: ആലപ്പി അഷ്റഫ്
മലയാള സിനിമാ രംഗത്ത് വലിയ വാർത്താ പ്രാധാന്യം നേടാറുള്ള നടിമാരിൽ ഒരാളാണ് ശ്വേത മേനോൻ. ഒന്നിലേറെ വിവാദങ്ങൾ ശ്വേതയുടെ കരിയറിലുണ്ടായിട്ടുണ്ട്. വലിയ പ്രശ്നങ്ങൾ വന്നപ്പോഴും ഇത് അതിജീവിച്ച് മുന്നോട്ട് പോകാൻ ശ്വേത മേനോന് കഴിഞ്ഞു. ശ്വേതയുടെ വ്യക്തി ജീവിതവും വലിയ ചർച്ചയായതാണ്. ഭർത്താവ് ശ്രീവത്സൻ മേനോനും മകൾക്കുമൊപ്പം മുംബെെയിലാണ് ശ്വേത ഇന്ന് കഴിയുന്നത്. ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് ശ്രീവത്സൻ മേനോൻ ശ്വേതയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്.
നടൻ ബോബി ബോൻസ്ലെയാണ് ശ്വേതയുടെ ആദ്യ ഭർത്താവ്. 2004 ൽ വിവാഹിതരായ ഇരുവരും 2007 ൽ പിരിഞ്ഞു. മുൻ ഭർത്താവുമായി സൗഹൃദമുണ്ടെന്നും ഇടയ്ക്ക് തന്നെ വിളിച്ച് സംസാരിക്കാറുണ്ടെന്നും ശ്വേത നേരത്തെ പറഞ്ഞതാണ്. ശ്വേത മേനോന്റെ ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും സംവിധായകൻ ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുന്നുണ്ട്. നടിയുടെ ആദ്യ വിവാഹ ബന്ധം തകർന്നതിനെക്കുറിച്ചും ഇതിൽ പരാമർശിക്കുന്നു.

ബോയ്ഫ്രണ്ടിന്റെ ഫ്രണ്ടായിരുന്ന ബോബി ഭോൻസ്ലെയുമായി ശ്വേത പ്രണയത്തിലായി. അത് വിവാഹത്തിൽ കലാശിച്ചു. ബോബിയുടെ വീട്ടിലെ ചില ആചാരങ്ങളോടും സംസ്കാരങ്ങളോടും ഒട്ടും പൊരുത്തപ്പെടാൻ ആകാത്തത് കൊണ്ട് ബോബിയുടെ സ്വഭാവ വെെകല്യങ്ങൾ കൊണ്ടുംമുന്നോട്ട് പോകാൻ സാധിക്കാത്തത് കാരണം ആ ബന്ധം മാന്യമായി അവസാനിപ്പിക്കുകയാണുണ്ടായത്. വീണ്ടും കേരളത്തിലക്ക് തിരിച്ചെത്തിയ ശ്വേതയെ മലയാള സിനിമ രണ്ട് കെെയും നീട്ടി സ്വീകരിച്ചു.
ഒരേ സമയം കൊമേഴ്ഷ്യൽ സിനിമയിലും സമാന്തര സിനിമയിലും അവർക്കിടം നൽകി. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമുള്ള നടിമാർക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട് കഥാപാത്രത്തിന് വേണ്ട ഏത് വേഷം ധരിക്കാനും ഇഴുകി ചേർന്ന് അഭിനയിക്കാനും അവർക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല.

രതിനിർവേദമെന്ന സിനിമ രണ്ടാമത് നിർമ്മിച്ചപ്പോൾ അതിൽ രതിച്ചേച്ചിയായി കാണാൻ പറ്റിയ ഒരേയൊരു നടിയേ മലയാളത്തിലുണ്ടായിരുന്നുള്ളൂ. അത് ശ്വേത മേനോനായിരുന്നു. ആ ചിത്രം ഹിറ്റായതോടെ ചെറുപ്പക്കാരുടെ ഇടയിൽ ശ്വേത അവരുടെ സ്വന്തം രതിച്ചേച്ചിയായി മാറി. ശ്വേത അഭിനയ മികവ് കാഴ്ച വെച്ച ഒരുപിടി നല്ല ചിത്രങ്ങളുമുണ്ട്. പരദേശി, പാലേരി മാണിക്യം, സോൾട്ട് ആന്റ് പെപ്പർ തുടങ്ങിയ സിനിമകൾ ഇതിനുദാഹരണമാണെന്നും ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി. പ്രസവ രംഗം ചിത്രീകരിച്ച സിനിമ വിവാദമായെന്നും ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി.
നേരത്തെ നൽകിയ അഭിമുഖത്തിൽ ബോബിയുമായുള്ള വിവാഹത്തെക്കുറിച്ചും വേർപിരിയലിനെക്കുറിച്ചും ശ്വേത മേനോൻ തുറന്ന് സംസാരിച്ചിരുന്നു. വിവാഹത്തെ അച്ഛൻ എതിർത്തിരുന്നില്ല. അച്ഛൻ ഓക്കെ പറഞ്ഞതാണെന്ന് കരുതി ഞാൻ സെലിബ്രേഷനിൽ ആയിരുന്നു. അച്ഛൻ നെഗറ്റീവായി പറയാൻ ഉദ്ദേശിക്കുകയാണെന്ന് ഞാൻ മനസിലാക്കിയില്ല. എൻഗേജ്മെന്റിന്റെ സമയത്ത് നിനക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് അച്ഛൻ റൂമിൽ വന്ന് ചോദിച്ചിരുന്നെന്നും ശ്വേത മേനോൻ ഓർത്തു.
ഒരുമിച്ചായിരിക്കുമ്പോൾ ഞാനും ബോബിയു നല്ല വ്യക്തികൾ ആയിരുന്നില്ല. മൂപ്പർക്ക് എന്റെ പങ്കാളിയാകാനുള്ള പക്വതയുണ്ടോയെന്ന് എനിക്ക് മനസിലായില്ല. റൊമാൻസിൽ നമ്മൾ ഒഴുകിപ്പോകും. ബോയ്ഫ്രണ്ടും ഭർത്താവും തമ്മിൽ വ്യത്യാസമുണ്ട്. സ്നേഹമെല്ലാം ഓക്കെ. പക്ഷെ കല്യാണം കഴിഞ്ഞുള്ള ജീവിതം വേറെയാണെന്നും ശ്വേത മേനോൻ പറഞ്ഞു. സിനിമകളിൽ പഴയത് പോലെ ശ്വേത മേനോനെ ഇന്ന് കാണാറില്ല.


Click it and Unblock the Notifications