മൂപ്പര് മെമ്പറാണോ! ആദ്യം അപേക്ഷ തരട്ടെ! ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുമോ? ശ്വേത മേനോന്റെ മറുപടി
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനായിരിക്കുകയാണ് ദിലീപ്. മനസാവാചാ അറിയാത്ത കാര്യമാണെന്ന് തുടക്കം മുതലേ അദ്ദേഹം പറയുന്നുണ്ടായിരുന്നു. തന്റെ നിരപരാധിത്വം പുറത്തുവരുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് ഞാന്‍ എന്നും അദ്ദേഹം പറഞ്ഞിരുന്നു. എട്ട് വര്‍ഷത്തിന് ശേഷമായിരുന്നു ദിലീപിനെ കുറ്റവിമുക്തനാക്കിയുള്ള വിധി വന്നത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെയായിരുന്നു താരസംഘടനയായ അമ്മയില്‍ നിന്നും ദിലീപ് പുറത്തായത്. യുവതാരനിരയായിരുന്നു അന്ന് ജനപ്രിയ നായകന്റെ രാജിക്കായി മുറവിളി കൂട്ടിയത്. പ്രസിഡന്റ് എന്ന നിലയില്‍ മോഹന്‍ലാലിന് കടുത്ത വെല്ലുവിളിയായിരുന്നു അന്ന് നേരിടേണ്ടി വന്നത്. ചോദ്യങ്ങളില്‍ നിന്നും പലപ്പോഴും ഒഴിഞ്ഞ് മാറിയെങ്കിലും അവസാനമായിരുന്നു ദിലീപിനെ പുറത്താക്കിയെന്ന തീരുമാനം വന്നത്.
ഇങ്ങനെയൊരു സാഹചര്യത്തില്‍ മാറി നില്‍ക്കാനാണ് ആഗ്രഹമെന്ന് ദിലീപും വ്യക്തമാക്കിയിരുന്നു. കോടതിവിധി വന്നതിന് ശേഷമായി അമ്മയിലേക്കുള്ള ദിലീപിന്റെ തിരിച്ചുവരവും ചര്‍ച്ചയായിരുന്നു. അമ്മയുടെ യോഗത്തിലെല്ലാം ഇതേ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു പ്രസിഡന്റ് ശ്വേത മേനോന്‍ ഇതേക്കുറിച്ച് സംസാരിച്ചത്. മോഹന്‍ലാലിന് ശേഷമായി അമ്മയെ നയിക്കുന്നത് ശ്വേതയാണ്. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മൂപ്പര് മെമ്പറാണോ എന്നായിരുന്നു ശ്വേത മേനോന്റെ ചോദ്യം. അമ്മയുടെ മെമ്പറല്ല. മെമ്പര്‍ഷിപ്പിന് അപേക്ഷിക്കട്ടെ, അപ്പോള്‍ നമ്മള്‍ ആലോചിക്കാം എന്നായിരുന്നു ജോയ് മാത്യുവിന്റെ മറുപടി. അമ്മയുടെ മെമ്പറാവണമെങ്കില്‍ ആദ്യം കത്ത് തരണം എന്നും ശ്വേത വ്യക്തമാക്കിയിരുന്നു.

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതുവരെ നടന്നിട്ടില്ല. നിലവില്‍ അദ്ദേഹം അമ്മയിലെ അംഗമല്ല. ഇനി തിരികെ എത്തുമോ എന്ന കാര്യം തനിക്കറിയില്ലെന്നുമായിരുന്നു നേരത്തെ ശ്വേത മാധ്യമങ്ങളോട് പറഞ്ഞത്. നടിയെ ആക്രമിച്ച കേസില്‍ എന്നും അതിജീവിതക്കൊപ്പമാണ് അമ്മ. പ്രതികള്‍ക്കുള്ള ശിക്ഷ കുറഞ്ഞുപോയി. അപ്പീല്‍ പോകണമെന്നാണ് വ്യക്തിപരമായി തനിക്ക് പറയാനുള്ളതെന്നും വിധി അറിഞ്ഞ ശേഷമുള്ള പ്രതികരണത്തില്‍ അവര്‍ വ്യക്തമാക്കിയിരുന്നു. സംഘടനയുടേതായ കാര്യങ്ങള്‍ കൂടി നോക്കിയതിന് ശേഷം മാത്രമേ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുള്ളൂ. നിയമവിദഗ്ദ്ധരുമായൊക്കെ കൂടിക്കാഴ്ച നടത്താനൊക്കെയുണ്ടായിരുന്നു. അമ്മയുടെ പ്രതികരണം വൈകിയെന്ന ആരോപണത്തെക്കുറിച്ചും അന്ന് ശ്വേത പ്രതികരിച്ചിരുന്നു.
ഇലക്ഷന്‍ സമയത്ത് വന്‍വിവാദമായി മാറിയ മെമ്മറി കാര്‍ഡിനെക്കുറിച്ചും ശ്വേത മേനോന്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ആരോപണ വിധേയ ആയ കുക്കു പരമേശ്വരന് അനുകൂലമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിട്ടുള്ളത്. ആ മെമ്മറി കാര്‍ഡ് തന്റെ കൈവശമില്ലെന്നും, കെപിഎസി ലളിതയുടെ കൈയ്യിലാണെന്നുമായിരുന്നു കുക്കു മൊഴി നല്‍കിയത്. അന്വേഷണത്തിലും അങ്ങനെയൊരു കാര്യമാണ് മനസിലാക്കിയത്. അമ്മയുടെ പുതിയ ഭരണസമിതി തന്നെ ഏല്‍പ്പിച്ച വലിയ ദൗത്യങ്ങളിലൊന്നായിരുന്നു ഇതെന്നും ശ്വേത മേനോന്‍ വ്യക്തമാക്കിയിരുന്നു.
11 പേരുടെ മൊഴികളാണ് ഞങ്ങള്‍ രേഖപ്പെടുത്തിയത്. അതെന്താണെന്ന് ഇപ്പോള്‍ പറയാന്‍ നിര്‍വാഹമില്ല. മൊഴി പകര്‍പ്പുകളെല്ലാം അമ്മയുടെ സ്വത്തായി ലോക്കറില്‍ സൂക്ഷിക്കാനാണ് തീരുമാനം. പരാതി നല്‍കിയവര്‍ക്ക് മാത്രം റിപ്പോര്‍ട്ടിന്റെ കോപ്പി നല്‍കും. സംഘടനയെ സംബന്ധിച്ച് ഈ വിഷയം ഇവിടെ അവസാനിപ്പിക്കുകയാണ്. ലളിത ചേച്ചി നമ്മളോടൊപ്പമില്ലാത്തതിനാല്‍ ആ കാര്‍ഡിന് എന്ത് സംഭവിച്ചുവെന്ന കാര്യത്തില്‍ ഒന്നും പറയാനാവില്ല. മൊഴി നല്‍കിയവരില്‍ മിക്കവരും പറഞ്ഞത് അത് ലളിത ചേച്ചിയുടെ കൈവശം തന്നെയാണെന്നായിരുന്നു. ഒരാള്‍ ഇത് ഉറപ്പിച്ച് പറഞ്ഞിരുന്നു. അതിനാല്‍ ഈ അന്വേഷണം കെപിഎസി ലളിതയില്‍ അവസാനിപ്പിക്കുകയാണെന്നായിരുന്നു റിപ്പോര്‍ട്ടിലുള്ളത്.


Click it and Unblock the Notifications











