ആ കഥാപാത്രം മമ്മൂട്ടി ചെയ്തത് തൃപ്തി നൽകി; ലാൽ ആയിരുന്നെങ്കിൽ അങ്ങനെ ആയിരിക്കില്ല; സിബി മലയിൽ
മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത രണ്ട് താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. ഒട്ടനവധി സിനിമകളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും കരിയറിലെ വളർച്ചയും ഏകദേശം ഒരേ കാലഘട്ടത്തിലായിരുന്നു.
മോഹൻലാൽ വെെവിധ്യമാർന്ന റോളുകളിലൂടെ ജനശ്രദ്ധ നേടിയപ്പോൾ മമ്മൂട്ടി മലയാള സിനിമയിലെ പൗരുഷത്തിന്റെ പ്രതീകമായ നായക നടനായി. രണ്ട് പേരുടെയും ആരാധകർ തമ്മിൽ മത്സരം ആണെങ്കിലും വ്യക്തി ജീവിതത്തിൽ മമ്മൂട്ടിയും മോഹൻലാലും അടുത്ത സുഹൃത്തുക്കൾ ആണ്.
തുടക്ക കാലത്ത് ഇരുവരും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. താരങ്ങളായി മാറിയ ശേഷം ഹരികൃഷ്ണൻസ്, ട്വന്റി ട്വന്റി എന്നീ സിനിമകളിൽ ആണ് മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ മമ്മൂട്ടിയെയും മോഹൻലാലിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംവിധായകൻ. രണ്ട് പേരും അഭിനയത്തിൽ പുലർത്തുന്ന വ്യത്യസ്തതയെ പറ്റി സിബി മലയിൽ സംസാരിച്ചു. പോപ്പർ സ്റ്റോപ്പ് മലയാളത്തോടാണ് പ്രതികരണം.

ലാൽ ഒരു പരിശീലനം നേടിയ ആക്ടർ അല്ല. അത് കൊണ്ട് തയ്യാറെടുപ്പ് നടത്തി അഭിനയിക്കാൻ ലാലിന് പറ്റില്ല. ഞാൻ കണ്ടിട്ടില്ല അങ്ങനെ ഒരു തയ്യാറെടുപ്പ് നടത്തുന്നത്. ഷോട്ടിന് മുമ്പും ഷോട്ടിന് ശേഷവും ലാൽ വളരെ സാധാരണക്കാരനായ ആളാണ്. ഇമോഷണലായ സീൻ എടുക്കുന്നതിന് തൊട്ട് മുമ്പ് പോലും ലാൽ വളരെ പ്ലസന്റ് ആയിരിക്കും. കഥാപാത്രത്തിന്റെ ഭാരം ഉള്ളിൽ കയറ്റില്ല. അങ്ങനെ തയ്യാറെടുപ്പ് നടത്തുന്നവരും ഉണ്ട്.
മമ്മൂട്ടി കുറച്ച് കൂടെ സ്റ്റെെലസ്ഡ് ആക്ടർ ആണ്. ലാൽ കുറച്ച് കൂടി ഇൻബോൺ ആക്ടർ ആണ്. വടക്കൻ വീരഗാഥയിലെ ക്യാരക്ടറിനെ മമ്മൂട്ടി അവതരിപ്പിച്ചതിന്റെ ഗാംഭീര്യം ഉണ്ട്. ലാൽ അങ്ങനെ ആയിരിക്കില്ല ചെയ്യുന്നത്. പക്ഷെ എനിക്ക് ലാൽ ചെയ്യുന്നതിനേക്കാളും മമ്മൂട്ടി ചെയ്തതാണ് തൃപ്തി ആയിയത്. ലാൽ എങ്ങനെ ചെയ്യുമെന്ന് നമ്മൾ കണ്ടിട്ടുമില്ല.

ഹെവി ക്യാരക്ടർ ആണെങ്കിലും ലാൽ ചെയ്യുമ്പോൾ സ്ട്രെയ്ൻ എടുക്കുന്നതായി തോന്നാറില്ല. ദശരഥത്തിലെ അവസാന സീനിൽ ഇയാളുടെ കൈകൾ വിറയ്ക്കുന്നതായി ആളുകൾ പറയുന്നുണ്ട്. അത് ഇയാൾ ബോധപൂർവം കൈ വിറപ്പിക്കുന്നത് അല്ലല്ലോ. അത്ര മാത്രം ക്യാരക്ടറിലിലേക്ക് ഇറങ്ങി ചെല്ലുമ്പോഴാണ് അത് സംഭവിക്കുന്നത്, സിബി മലയിൽ പറഞ്ഞു. മമ്മൂട്ടിയെയും മോഹൻലാലിനെയും വെച്ച് ഒരുപിടി മികച്ച സിനിമകൾ സംവിധാനം ചെയ്ത വ്യക്തിയാണ് സിബി മലയിൽ.
കൊത്ത് ആണ് സിബി മലയിലിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ആസിഫ് അലി, റോഷൻ മാത്യു, നിഖില വിമൽ എന്നിവർ ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. കണ്ണൂർ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമ ആയിരുന്നു ഇത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് സിബി മലയിൽ സംവിധാന രംഗത്തേക്ക് തിരിച്ചു വന്നത്.
കിരീടം, സമ്മർ ഇൻ ബത്ലഹേം, സദയം തുടങ്ങി അനശ്വരമായ നിരവധി കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് ഇദ്ദേഹം. അന്തരിച്ച ലോഹിതാദാസിന്റെ രചനിൽ സിബി മലയിൽ നിരവധി മികച്ച സിനിമകൾ ബിഗ് സ്ക്രീനിലെത്തിച്ചു. സംവിധായകന്റെ വരും സിനിമകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.


Click it and Unblock the Notifications