'കുഞ്ഞിനുള്ളതുപോലെ പതുപതുത്ത മുഖമൊക്കെയായിരുന്നു ലാലിന്, എന്തോ സംഭവം വരാൻ പോകുന്നുവെന്ന് ആളുകൾക്ക് തോന്നി'
മലയാളത്തിന് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിൽ സംവിധാന സഹായിയായിട്ടായിരുന്നു സിബി മലയിന്റെ അരങ്ങേറ്റം. 1985ലാണ് സ്വതന്ത്ര സംവിധായകനായി മാറി ആദ്യ സിനിമ തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. സിനിമ മുത്താരംകുന്ന് പി.ഒ. പിന്നീട് 37 വര്‍ഷത്തിനിടയില്‍ എന്നും ഓര്‍ത്തിരിക്കുന്ന നിരവധി സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തു.
മുപ്പത്തിയൊമ്പത് വർഷത്തെ സിനിമാ ജീവിതത്തിനിടെ സിബി സംവിധാനം ചെയ്തതിൽ ഏറ്റവും ജനപ്രീതിയുള്ളതും ഇന്നും പ്രേക്ഷകർ ആവർത്തിച്ച് കാണാൻ ഇഷ്ടപ്പെടുന്നതുമായ സിനിമയാണ് 1998ൽ പുറത്തിറങ്ങിയ എക്കാലത്തേയും സൂപ്പർ ഹിറ്റ് മൾട്ടി സ്റ്റാർ സിനിമ സമ്മർ ഇൻ ബെത്ലഹേം.

സുരേഷ് ഗോപി, ജയറാം, മഞ്‍ജു വാര്യർ, കലാഭവൻ മണി തുടങ്ങി വൻതാര നിര അണിനിരന്ന സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് മോഹൻലാൽ കാമിയോയായി എത്തി അവതരിപ്പിച്ച നിരഞ്ജൻ എന്ന കഥാപാത്രമായിരുന്നു. മലയാളത്തിൽ പിറന്നിട്ടുള്ള ഏറ്റവും മികച്ച ഗസ്റ്റ് റോളുകളിൽ ഒന്നായാണ് സമ്മർ ഇൻ ബെത്ലഹേമിലെ മോഹൻലാലിന്റെ നിരഞ്ജനെ പ്രേക്ഷകർ വിലയിരുത്തുന്നത്.
ഇപ്പോഴിതാ കുറച്ച് മാസങ്ങൾക്ക് മുമ്പ് സമ്മർ ഇൻ ബെത്ലഹേമിലെ മോഹൻലാലിന്റെ നിരഞ്ജൻ എന്ന കഥാപാത്രത്തെ കുറിച്ച് സിബി മലയിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ലാൽ ആരാധകർക്കിടയിൽ വൈറലാകുന്നത്. ജയിലിലേക്ക് മഞ്ജു വാര്യരും സുരേഷ് ഗോപിയും വരുന്ന രംഗങ്ങൾ കണ്ടപ്പോൾ തന്നെ വലിയൊരു സർപ്രൈസ് വരുന്നുണ്ടെന്ന തോന്നൽ ആളുകൾക്ക് വന്നിരുന്നുവെന്നാണ് സിബി മലയിൽ പറയുന്നത്.
സംവിധായകന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ജയിലിലേക്ക് മഞ്ജുവും സുരേഷും വരുന്ന രംഗങ്ങൾ കണ്ടപ്പോൾ തന്നെ ആളുകൾക്ക് ചെറുതായി എന്തൊക്കയോ സ്മെൽ ചെയ്യാൻ തുടങ്ങിയെന്നാണ് സിയാദ് പറയുന്നത്. കാരണം ആ സമയത്ത് ഒരു മ്യൂസിക്കുണ്ട്. അത് കേട്ടപ്പോൾ ഇവിടെ എന്തോ സംഭവം വരാൻ പോകുന്നുവെന്ന് ആളുകൾക്ക് തോന്നി തുടങ്ങി. അതുകൊണ്ട് തന്നെ തിയേറ്ററിൽ ഒരു അനക്കം തുടങ്ങി.
ലാലിന്റെ ഷോട്ട് വരുന്നതോടെ ആളുകൾ ബഹളം വെച്ച് തിയേറ്റർ പൊളിഞ്ഞുപോകുമെന്നാണ് സിയാദ് വിചാരിച്ചത്. ലാൽ സീനിലേക്ക് വരും മുമ്പ് നെറ്റിൽ ഫോക്കസായാണ് ക്യാമറ വെച്ചിരുന്നത്. ശേഷം ലാൽ എന്ററാകുമ്പോൾ ഫോക്കസ് ഷിഫ്റ്റാകും. ഷിഫ്റ്റാകുന്ന അതേ സമയത്ത് വിദ്യാസാഗർ കൊടുത്ത ഒരു മ്യൂസിക്കുണ്ട്. ക്യാമറയുടെ ഷിഫ്റ്റും മ്യൂസിക്കും ലാലിന്റെ മുഖവും കൂടി ഒരുമിച്ച് സ്ക്രീനിൽ വരുമ്പോൾ രോമാഞ്ചം വരും.

എനിക്ക് അത് എപ്പോൾ കാണുമ്പോഴും രോമാഞ്ചം വരാറുണ്ട്. ഞാൻ ചെയ്തതാണെങ്കിലും പലവട്ടം കണ്ടതാണെങ്കിലും ഇപ്പോഴും രോമാഞ്ചം വരും. പിന്നെ ലാലിന്റെ അപ്പിയറൻസ്... താടിയൊക്കെ വെച്ച് ഭയങ്കര സാത്വികനായിട്ടുള്ള ഒരാളുടെ ലുക്കാണ് സീനിൽ. പുള്ളി ഒരു ട്രീറ്റ്മെന്റ് കഴിഞ്ഞ് നിൽക്കുന്ന സമയമായിരുന്നു.
ദേവദൂതന് തൊട്ടും മുമ്പും ഒരു ട്രീറ്റ്മെന്റ് കഴിഞ്ഞാണ് ലാൽ വന്നത്. അതേപോലെ ബാംഗ്ലൂരിൽ നിന്നും ഒരു ട്രീറ്റ്മെന്റൊക്കെ കഴിഞ്ഞ് താടിയൊന്നും കളയാതെ അതേ ലുക്കിൽ വന്നാണ് സമ്മർ ഇൻ ബത്ലഹേമിൽ അഭിനയിച്ചത്. ഒരു ഒന്നൊന്നര മാസമായി പുള്ളി ബാംഗ്ലൂരിൽ ട്രീറ്റ്മെന്റിലായിരുന്നു. അന്ന് വന്നപ്പോൾ ഒരു കുഞ്ഞിനെപ്പോലെ പതുപതുപ്പ മുഖമൊക്കെയായിരുന്നു ലാലിന്. പഞ്ഞിപോലുള്ള മുഖമായിരുന്നു.
സെറീനായിട്ടുള്ള ലുക്കായിരുന്നു എന്നാണ് സമ്മർ ഇൻ ബെത്ലഹേമിലെ നിരഞ്ജനെ കുറിച്ച് മിർച്ചി മലയാളത്തിന് മുമ്പ് നൽകിയ അഭിമുഖത്തിൽ സിബി മലയിൽ പറഞ്ഞത്. ഒരൊറ്റ സീൻ കൊണ്ട് ഒരു സിനിമ തൻ്റെ പേരിലാക്കിയ കഥാപാത്രമാണ് നിരജ്ഞൻ എന്നാണ് സിനിമ പ്രേമികൾ ഈ മോഹൻലാൽ കഥാപാത്രത്തെ കുറിച്ച് പറയാറുള്ളത്.


Click it and Unblock the Notifications











