'ലോഹിയുടെ മരണ വാർത്ത കേട്ടശേഷം എന്ത് സംഭവിച്ചുവെന്ന് എനിക്ക് അറിയില്ല, ബോഡി കണ്ടില്ല അപ്പേഴേക്കും തലകറങ്ങി'

35 ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ എ.കെ ലോഹിതദാസ് തിരക്കഥാകൃത്ത് എന്ന നിലയിൽ ഒരു പക്ഷെ എം.ടിക്ക് മാത്രമെ പിന്നിലാവൂ. തനിയാവർത്തനം എന്ന സിനിമയിൽ തുടങ്ങിയ ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ട് മലയാള സിനിമയിലെ ഏറ്റവും വിജയിച്ച തിരക്കഥാകൃത്ത്-സംവിധായകൻ കൂട്ടുകെട്ടായാണ് സിനിമാപ്രേമികൾ വിശേഷിപ്പിക്കാറുള്ളത്. കിരീടം,ചെങ്കോൽ, കനൽക്കാറ്റ്, ദശരഥം, ധനം, ഭരതം, അമരം, കമലദളം, പാഥേയം, ആധാരം, ചക്രം അങ്ങനെ തനിയാവർത്തനത്തിൽ തുടങ്ങി നിവേദ്യത്തിൽ അവസാനിക്കുന്ന 46 തിരക്കഥകൾ വിടപറയും മുമ്പ് ലോഹിതദാസ് മലയാളിക്ക് സമ്മാനിച്ചു.

സേതുമാധവൻ, രാജീവ് മേനോൻ, കലൂർ ഗോപിനാഥൻ, വിഷ്ണുനാരായണൻ, ചന്ദ്രഹാസൻ, മേലേടത്ത് രാഘവൻ നായർ, ആന്റണി, അനന്തൻ നമ്പൂതിരി, അച്ചൂട്ടി, നന്ദഗോപൻ, ഭാനു, രാധിക, മാളവിക, സുമംഗല അങ്ങനെ എത്രയോ അവിസ്മരണീയമായ കഥാപാത്രങ്ങൾ.

Sibi Malayil  Lohithadas

കണ്ണ് നിറയിച്ച കഥാസന്ദർഭങ്ങൾ... കാലമെത്ര കഴിഞ്ഞാലും മലയാളി ലോഹിതദാസിനെ മറക്കില്ല. ഓർക്കാൻ ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച് മടങ്ങിയ പ്രിയ സുഹൃത്തിനെ കുറിച്ച് സംവിധായകൻ സിബി മലയിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ലോഹിതദാസിനെ കുറിച്ച് വിതുമ്പലുകളോടെ സിബി മലയിൽ സംസാരിച്ചത്. ജൂൺ 28നാണ് ലോ​ഹിതദാസ് മരിക്കുന്നത്.

ലോഹിതദാസിന്റെ വിയോ​ഗത്തിന് മുമ്പ് ജൂൺ ഏഴിന് ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ ഒരു സിനിമയുടെ ഫൈനൽ ഡിസ്കഷനുമായി ബന്ധപ്പെട്ട് പോയിരുന്നു. മോഹൻലാൽ‌ കൂടി ഭാ​ഗമായുള്ള സിനിമയായിരുന്നു. അന്ന് പകൽ ലോഹിക്കൊപ്പം അവിടെയായിരുന്നു. മാത്രമല്ല ഇതുവരെ സംസാരിച്ചിട്ടില്ലാത്ത തരത്തിൽ മനസ് തുറന്ന് അദ്ദേഹം എന്നോട് സംസാരിച്ചു.

ഇടക്കാലത്ത് ഞാനും ലോഹിയും തമ്മിൽ പിണങ്ങിയെന്നൊക്കെ വാർത്തകൾ വന്നിരുന്നു. അതിലൊന്നും സത്യമില്ല. ബാഹ്യമായ ചില ഇടപെടലുകൾ മൂലം തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെന്ന് മാത്രം.

അത് തെറ്റിദ്ധാരണ മാത്രമായിരുന്നുവെന്ന് തിരിച്ചറിഞ്ഞ് ലോഹിതദാസ് പിന്നീട് എന്നോട് പറയുകയും ചെയ്തിരുന്നു. കാരണക്കാരുടെ പേരുകളും എന്നോട് പറഞ്ഞു. കൂടാതെ മുപ്പതിന് കഥ പറയാമെന്ന് പറയുകയും ചെയ്തിരുന്നു. പിന്നീട് 28ന് മാക്ടയുടെ മീറ്റിങ് കഴിഞ്ഞ് ഞാൻ തിരികെ വരുമ്പോൾ ബി.ഉണ്ണികൃഷ്ണനാണ് എന്നെ ഫോൺ വിളിച്ച് ലോഹിയുടെ മരണവാർത്ത പറഞ്ഞത്.

അത് കേട്ടശേഷം എന്ത് സംഭവിച്ചുവെന്നത് എനിക്ക് ഓർമയില്ല. എങ്ങനെയാണ് വണ്ടി ഓടിച്ച് വന്നതെന്നും അറിയില്ല. ആശുപത്രിയിൽ‌ ചെന്നപ്പോൾ ആരോ വിളിച്ച് ബോഡി കാണിക്കാൻ ഒരു മുറിയിലേക്ക് കൊണ്ടുപോയി. ഞാൻ പക്ഷെ ബോഡി കണ്ടിട്ടില്ല.

കർട്ടന് അപ്പുറമായിരുന്നു ബോഡി. എനിക്ക് അപ്പോഴേക്കും ചെറുതായി തലകറക്കമുണ്ടായി. ആരോ എന്നെ പിടിച്ച് കൊണ്ടുപോയി. അതുകൊണ്ട് തന്നെ ലോഹി എന്തോ പറയാൻ ബാക്കിവെച്ചിട്ടാണ് പോയത്. അന്ന് പറയാമെന്ന് ലോഹി പറഞ്ഞ കഥ എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ലെന്ന് സിബി മലയിൽ പറയുന്നു.

Sibi Malayil  Lohithadas

മാത്രമല്ല സദയം കണ്ടശേഷം ഒരു പോലീസുകാരൻ തന്നെ കാണാൻ വന്ന അനുഭവവും സിബി മലയിൽ പങ്കുവെച്ചു. കുറച്ചുനാൾ മുമ്പ് എന്റെ വീട്ടിൽ ഒരു സർക്കിൾ ഇൻസ്പെക്ടർ വന്നു. അയാൾ കുറേ ദിവസമായി എന്നെ വിളിക്കുന്നു. എന്തിനാണെന്ന് ചോദിച്ചപ്പോൾ കയ്യിൽ ഒരു കഥയുണ്ട് അത് തരാനാണെന്ന് പറഞ്ഞു. എപ്പോഴെങ്കിലും എറണാകുളത്ത് വരുമ്പോൾ വരാൻ പറഞ്ഞു.

പിന്നെ ഒരു ദിവസം നോക്കുമ്പോൾ എന്റെ വീട്ടിന് മുമ്പിൽ‌ ഒരു പോലീസ് ജീപ്പ്. നോക്കിയപ്പോൾ ഇയാളാണ്. നേരെ വന്ന് അയാൾ എന്റെ കാലിലേക്ക് വീണു. നിങ്ങൾ ഒരു പോലീസ് ഓഫീസറല്ലേ... എന്താണീ കാണിക്കുന്നതെന്ന് ഞാൻ ചോദിച്ചു.

ഞാൻ ആരുടെ കാലിലാണ് തൊടുന്നതെന്ന് എനിക്ക് അറിയാം സാറെയെന്ന് ഉടൻ മറുപടി വന്നു. സാറിനെ പറ്റി എംടി സാർ പറഞ്ഞതിന് അപ്പുറം ഇനി എന്താണ് കിട്ടാനുള്ളതെന്ന് അയാൾ ചോദിച്ചു. അപ്പോൾ ഞാൻ ചോദിച്ചു.

എം.ടി സാർ എന്താണ് പറഞ്ഞതെന്ന്... എന്റെ തിരക്കഥയ്ക്ക് മുകളിൽ പോയ ഒറ്റ സിനിമയേയുള്ളു അത് സദയമാണെന്നാണ് എം.ടി സാർ പറഞ്ഞതെന്ന് അയാൾ എന്നോട് പറഞ്ഞു. എം.ടി സാർ അങ്ങനെ പറഞ്ഞുവെങ്കിൽ ഇനി ഓസ്കാറൊന്നും ഞാൻ മോഹിക്കുന്നില്ല. എം.ടി സാർ സദയത്തെ പറ്റി പറഞ്ഞ അഭിപ്രായം കേൾക്കാൾ ‍ഞാൻ നെറ്റിൽ സെർച്ച് ചെയ്യാറുണ്ടായിരുന്നുവെന്നാണ് സിബി മലയിൽ പറഞ്ഞത്.

More from Filmibeat

Read more about: sibi malayil lohithadas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X