'മനസില്ലാ മനസോടെയും കണ്ണീരോടെയുമാണ് ദിവസം തുടങ്ങുന്നത്'; അദിതി രാവിലെ എഴുന്നേറ്റാൽ ഉടൻ ചെയ്യുന്നത് ഇതാണ്!
അടുത്തിടെ നടന്നതിൽ ഏറ്റവും ലളിതവും സുന്ദരവുമായ സെലിബ്രിറ്റി വെഡ്ഡിങ്ങായിരുന്നു സിദ്ധാർത്ഥിന്റെയും അദിതി റാവു ഹൈദരിയുടേയും. വർഷങ്ങൾ നീണ്ട പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 16ന് വളരെ സ്വകാര്യമായി നടന്ന ചടങ്ങിൽ വെച്ചാണ് താരങ്ങൾ എന്നേക്കുമായി ഒന്നായത്. ചടങ്ങിനായി തെരഞ്ഞെടുത്ത സ്ഥലം കൊണ്ട് അടക്കം വളരെ വ്യത്യസ്തമായിരുന്നു ഈ താര വിവാഹം.
തെലങ്കാനയിലെ വാനപർത്തി ജില്ലയിലുള്ള 400 വർഷം പഴക്കമുള്ള പുരാതനമായ ക്ഷേത്രമായിരുന്നു വിവാഹ വേദിയായി ഇരുവരും തെരഞ്ഞെടുത്തത്. സൗത്ത് ഇന്ത്യൻ സ്റ്റൈലിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവരുടെയും വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത് ബോളിവുഡിലെ പ്രമുഖ ബ്രാന്റായ സബ്യസാചിയാണ്.

കുറച്ച് മാസങ്ങൾക്ക് മുമ്പ് താരജോഡിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ എപ്പോഴാണ് വിവാഹിതരാകാൻ പോകുന്നതെന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ വിവാഹ വാർത്ത ആരാധകർക്കും ഒരു സർപ്രൈസായിരുന്നു. മെഹന്ദിയിൽ പോലും വധു അദിതി മിനിമലായിരുന്നു. ആഭരണങ്ങൾ വാരിവലിച്ച് ധരിച്ചതുമില്ല. രണ്ടുപേരുടെയും രണ്ടാമത്തെ വിവാഹമായിരുന്നു.
പ്രണയത്തിലായശേഷം ലിവിങ് ടുഗെതറായിരുന്നു ഇരുവരും. അടുത്തിടെയായി പൊതുവേദികളിലും യാത്രകളിലുമെല്ലാം ഇരുവരും ഒരുമിച്ചായിരുന്നു പങ്കെടുത്തിരുന്നത്. വിവാഹത്തിന് തൊട്ടുമുമ്പ് സിദ്ധാർത്ഥും അദിതിയും പ്രമുഖ മാഗസിനായ വോഗിന് ഒരു അഭിമുഖം നൽകിയിരുന്നു. പ്രണയകഥയടക്കം ഇരുവരെയും കുറിച്ച് അറിയാത്ത പല രഹസ്യങ്ങളും ഈ അഭിമുഖത്തിലൂടെ ആരാധകർക്ക് മനസിലാക്കാൻ സാധിച്ചു.
പരസ്പരം ആഴത്തിൽ മനസിലാക്കിയശേഷമാണ് താരങ്ങൾ വിവാഹത്തിലേക്ക് കടന്നതെന്നത് അഭിമുഖത്തിലെ മറുപടികളിൽ വ്യക്തമാണ്. ഒരിക്കൽ പോലും സിദ്ധാർത്ഥ് തന്നോട് കള്ളം പറഞ്ഞിട്ടില്ലെന്നും പലപ്പോഴും ഒരു നുണയെങ്കിലും പറയുവെന്ന് യാചിക്കാറുണ്ടെന്നും വെളിപ്പെടുത്തി കൊണ്ടാണ് അദിതി സംസാരിച്ച് തുടങ്ങുന്നത്.
അദിതി ഉറക്കം എഴുന്നേറ്റാൽ ഉടൻ ചെയ്യുന്ന പ്രവൃത്തിയെന്താണെന്ന ചോദ്യത്തിന് തന്നെ അറിവോ സമ്മതമോ ഇല്ലാതെ തന്നെ വിളിച്ചെഴുന്നേൽപ്പിക്കുമെന്നും മനസില്ലാ മനസോടെയും കണ്ണീരോടെയും താൻ ദിവസം തുടങ്ങുന്നത് നോക്കി ആസ്വദിക്കുമെന്നുമായിരുന്നു സിദ്ധാർത്ഥിന്റെ മറുപടി. സൂര്യ ഉദിച്ചാൽ എഴുന്നേൽക്കണമെന്നായിരുന്നു അദിതി ഇതിന് നൽകിയ കൗണ്ടർ.
സിദ്ധാർത്ഥ് വേഷ്ടി അണിഞ്ഞ് കാണാനാണ് താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതെന്നും അദിതി പറയുന്നു. ആരാണ് ആദ്യം സോറി പറയുന്നതെന്ന ചോദ്യത്തിന് അദിതി സ്വന്തം പോരാണ് പറഞ്ഞത്.

എന്നാൽ അത് ഒരു നുണ മാത്രമാണെന്നും അദിതിയോട് സംസാരിക്കുമ്പോൾ താൻ ഉപയോഗിക്കുന്നതിൽ തൊണ്ണൂറ് ശതമാനവും സോറിയെന്ന പദമാണെന്നും സിദ്ധാർത്ഥ് പറഞ്ഞു. അവശേഷിക്കുന്ന പത്ത് ശതമാനം താങ്ക്യുവാണെന്നും നടൻ കൂട്ടിച്ചേർത്തു. ആരാണ് ഏറ്റവും നല്ല ഡ്രൈവറെന്ന ചോദ്യത്തിന് അദിതിയെ ഒരു ഡ്രൈവറെന്ന് വിശേഷിപ്പിക്കാൻ പോലും കഴിയില്ലെന്ന് സിദ്ധാർത്ഥ് പറഞ്ഞു.
താൻ മോശം ഡ്രൈവറൊന്നും അല്ലെങ്കിലും സിദ്ധാർത്ഥാണ് ബെസ്റ്റെന്ന് സമ്മതിക്കുകയും ചെയ്തു. ഏറ്റവും റൊമാന്റിക്ക് ആരാണെന്ന ചോദ്യത്തിന് സംശയം ഏതുമില്ലാതെ സിദ്ധാർത്ഥിന് നേരെ അദിതി വിരൽ ചൂണ്ടി. സിദ്ധാർത്ഥും അത് സന്തോഷത്തോടെ സമ്മതിച്ചു.
ആരാണ് ആദ്യം പ്രപ്പോസ് ചെയ്തതെന്ന ചോദ്യത്തിന് സിദ്ധാർത്ഥ് എന്നായിരുന്നു മറുപടി. 2021ൽ മഹാസമുദ്രം എന്ന തെലുങ്ക് ചിത്രത്തിൽ അദിതിയും സിദ്ധാർത്ഥും ഒന്നിച്ച് അഭിനയിച്ചിരുന്നു. അന്ന് മുതലാണ് ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകൾ വന്ന് തുടങ്ങിയത്.
തങ്ങളുടെ പ്രണയം തുറന്ന് പറയാതിരുന്ന സമയത്തും ഇരുവരും പാര്‍ട്ണേഴ്സ് എന്നായിരുന്നു പരസ്പരം വിളിച്ചിരുന്നത്. സൂഫിയും സുജാതയും ആയിരുന്നു അദിതിയുടെ ഒടുവിലത്തെ മലയാള സിനിമ. അഭിനയത്തിന് പുറമേ തിരക്കഥാകൃത്ത്, നിർമ്മാതാവ്, പിന്നണി ഗായകൻ എന്നീ നിലകളിലും അറിയപ്പെടുന്ന സിദ്ധാർത്ഥ് നിലപാടുകൾ തുറന്ന് പറഞ്ഞ് പലപ്പോഴും വാർത്തകൾ ഇടം നേടാറുണ്ട്.


Click it and Unblock the Notifications











