വിജയം നേടിയെന്ന് പ്രൊഡ്യൂസർ കരുതിക്കാണും, പക്ഷെ ഇവിടെ ആരും കാണാൻ പോകുന്നില്ല; സിനിമയെക്കുറിച്ച് സിദ്ധാർത്ഥ്
2024 ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചർച്ചയായ സിനിമകളിൽ ഒന്നാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. മലയാളി നടിമാരായ ദിവ്യ പ്രഭ, കനി കുസൃതി എന്നിവർ പ്രധാന വേഷം ചെയ്ത സിനിമ സംവിധാനം ചെയ്തത് പായൽ കപാഡിയ ആണ്. കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം ഗോൾഡൻ ഗ്ലോബ് നോമിനേഷൻ തുടങ്ങിയ നേട്ടങ്ങൾ കൈവരിച്ച ഓൾ വി ഇമാജിൻ വിദേശത്ത് ഏറെ ചർച്ചയായി. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ 2024 ലെ പ്രിയപ്പെട്ട സിനിമകളിലൊന്നാണിത്.
ഇപ്പോഴിതാ ഓൾ വി ഇമാജിൻ ആസ് ലൈറ്റിനെക്കുറിച്ച് നടൻ സിദ്ധാർത്ഥ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിദേശത്ത് ശ്രദ്ധ ലഭിച്ചെങ്കിലും ഇന്ത്യയിൽ ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തില്ലെന്ന് സിദ്ധാർത്ഥ് അഭിപ്രായപ്പെട്ടു. അവരുടെ പ്രൊഡ്യൂസേർസ് കരുതുന്നത് ഒരു സിനിമയുടെ ഏറ്റവും മികച്ച വിജയമുണ്ടാക്കി എന്നായിരിക്കും. പക്ഷെ അവരുടെ സിനിമ നല്ലതാണെന്ന് പറയുന്ന പ്രേക്ഷകർ ഒരിക്കലും ആ സിനിമ കാണാൻ പോകുന്നില്ല.

ഓൾ വി ഇമാജിൻ തിയറ്ററിൽ റിലീസ് ചെയ്ത സമയത്ത് ആരും കണ്ടില്ലെന്ന് പായൽ കപാഡിയ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടെന്നും സിദ്ധാർത്ഥ് വ്യക്തമാക്കി. ക്രിട്ടിക്കൽ സക്സസും അവാർഡുകളും നേടുന്ന സിനിമകൾ സിനിമാ വ്യവസായത്തിന്റെ രീതി മാറ്റണമെന്നില്ലെന്നും സിദ്ധാർത്ഥ് അഭിപ്രായപ്പെട്ടു. ഒടിടി റിലീസിന് ഒരുങ്ങുകയാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്.

ജനുവരി മൂന്നിന് ചിത്രം ഡിസ്നി പ്ലസ് ഹോട് സ്റ്റാറിൽ സ്ട്രീം ചെയ്യും. ഏറെ പ്രതീക്ഷയോടെയാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ് കാണാത്തവർ ചിത്രത്തെ കാത്തിരിക്കുന്നത്. തിയറ്റർ റിലീസിലൂടെ സിനിമ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിയിരുന്നില്ല.
സിനിമയെക്കുറിച്ച് അടുത്തിടെ വലിയ ചർച്ച സോഷ്യൽ മീഡിയയിൽ നടന്നു. ഓസ്കാർ അവാർഡിന് ഇന്ത്യയുടെ ഔദ്യോഗിക സിനിമയായി ഓൾ വിജ ഇമാജിൻ ആസ് ലൈറ്റ് തെരഞ്ഞെടുക്കേണ്ടതായിരുന്നു എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ ഓസ്കാറിന് അയച്ച സിനിമ ലാപതാ ലേഡീസ് ആണ്. ചിത്രം സെലക്ഷൻ ഘട്ടത്തിൽ ഓസ്കാർ പട്ടികയിൽ നിന്നും പുറത്തായി. ചിത്തയാണ് സിദ്ധാർത്ഥിന്റെ കരിയറിൽ അടുത്ത കാലത്ത് ഏറ്റവും ശ്രദ്ധ നേടിയ സിനിമ. എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിത്തയിൽ നിമിഷ സജയൻ, അഞ്ജലി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ ചെയ്തത്.


Click it and Unblock the Notifications











