ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ മിടുക്കനായിരുന്നില്ല! നല്ലൊരു മകനായി കാണാനാണ് അമ്മ ആഗ്രഹിച്ചതെന്ന് സിദ്ധാര്‍ഥ്
നടി കെപിഎസി ലളിതയുടെയും സംവിധായകന്‍ ഭരതന്റെയും മകന്‍ എന്ന ലേബലിലാണ് സിദ്ധാര്‍ഥ് ഭരതന്‍ ശ്രദ്ധേയനാവുന്നത്. എന്നാല്‍ സിനിമയില്‍ അഭിനയിച്ചും സംവിധാനം ചെയ്തും തന്റെ കഴിവുകള്‍ താരം തെളിയിച്ച് കഴിഞ്ഞു. ഏറ്റവുമൊടുവില്‍ മമ്മൂട്ടി നായകനായ ഭ്രമയുഗം എന്ന സിനിമയിലാണ് സിദ്ധാര്‍ഥും അഭിനയിച്ചത്.
ആകെ മൂന്ന് കഥാപാത്രങ്ങള്‍ ഉള്ള സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളില്‍ ഒരാള്‍ സിദ്ധാര്‍ഥായിരുന്നു. ഇതിന് പിന്നാലെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് താരമിപ്പോള്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു സിദ്ധാര്‍ഥ്.

ആദ്യമായി അഭിനയിച്ച നമ്മള്‍ എന്ന സിനിമയ്ക്ക് ശേഷം നല്ല അവസരങ്ങള്‍ വന്നില്ല എന്നതാണ് സത്യം. പിന്നെ വന്ന റോളുകള്‍ അത്ര എക്സൈറ്റിങായി തോന്നിയതുമില്ല. ആകെക്കൂടി ആശയക്കുഴപ്പം നിറഞ്ഞ കാലമായിരുന്നു അത്. നടനെന്ന നിലയില്‍ വളരാന്‍, അഭിനയിച്ചാല്‍ മാത്രം പോരാ. നല്ല പിആര്‍ വര്‍ക്ക് വേണം. ആളുകളെ കാണുക, സംസാരിക്കുക, നമ്മുടെ ടാലന്റ് അവരെ ബോധ്യപ്പെടുത്തുക, ബന്ധങ്ങള്‍ നിലനിര്‍ത്തുക. ഇതിലൊന്നും തീരെ മിടുക്കുളള ഒരാളായിരുന്നില്ല ഞാന്‍.
എനിക്ക് തുടര്‍ന്ന് അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് പോലും പലര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ പിന്നെ തുടങ്ങി വച്ച മേഖലയില്‍ വീണ്ടും പയറ്റി നോക്കാമെന്ന് തീരുമാനിച്ചു. ചോരത്തിളപ്പുളള പ്രായമായിരുന്നു അത്. ക്രിയാത്മമായി എന്തെങ്കിലും ചെയ്യാനുളള ഫയര്‍ ഉളളിലുണ്ട്. അങ്ങനെ സിനിമയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ പ്രിയന്‍ സാറിനൊപ്പം അസിസ്റ്റന്റായി ചേര്‍ന്നുവെന്ന് സിദ്ധാര്‍ഥ് പറയുന്നു.
സെലിബ്രിറ്റികളുടെ മകനായത് കൊണ്ട് അവരുമായി താരതമ്യം ചെയ്യുന്ന ശീലമാണ് മലയാളികള്‍ക്കുള്ളത്. അച്ഛനും അമ്മയും ലെജന്‍ഡുകള്‍ ആയത് കൊണ്ടും അവരുടെ രണ്ട് മേഖലയിലും താന്‍ കൈവച്ച സ്ഥിതിയ്ക്കും ഇരട്ട അറ്റാക്ക് നേരിടേണ്ടി വന്നിട്ടുണ്ടോ? എന്ന ചോദ്യത്തിന് സിദ്ധാര്‍ഥ് പറയുന്നതിങ്ങനെയാണ്...
ഈ ചോദ്യത്തില്‍ തന്നെ അതിനുളള ഉത്തരമുണ്ട്. അപ്പോള്‍ എന്തുമാത്രം കഷ്ടപ്പെട്ടാണ് ഞാന്‍ ഇവിടെ വരെ എത്തിയതെന്ന് ഊഹിക്കാമല്ലോ? ഈ അഭിമുഖത്തില്‍ പോലും എന്നെ സംബന്ധിച്ചുളളതിനേക്കാള്‍ കൂടുതല്‍ ഞാന്‍ നേരിടേണ്ടി വരുന്ന ചോദ്യങ്ങള്‍ അച്ഛനും അമ്മയുമായി ബന്ധപ്പെട്ടുളളതാണ്.
അഭിനയിക്കുമ്പോള്‍ അമ്മയുമായും സംവിധാനം ചെയ്യുമ്പോള്‍ അച്ഛനുമായും താരതമ്യം ചെയ്യപ്പെടും. അതിനെ നമ്മളുടേതായ തലത്തില്‍ മറികടക്കുക എന്ന് മാത്രമേ വഴിയുളളു. എന്നെ ഞാനായി കണ്ട് വിലയിരുത്തുക എന്നാണ് താരതമ്യം ചെയ്യുന്നവരോട് പറയാനുളളത്. പിന്നെ ഇതൊന്നും കാര്യമാക്കാതെ മുന്നോട്ട് പോയേ തീരൂ സിദ്ധാര്‍ഥ് പറയുന്നു.

നല്ലൊരു നടനോ ചലച്ചിത്രകാരനോ ആയിട്ടല്ല, നല്ലൊരു മകനായി എന്നെ കാണാനായിരുന്നു അമ്മ ആഗ്രഹിച്ചിരുന്നതെന്നും താരം സൂചിപ്പിക്കുന്നു.
മരണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട അപകടത്തെ കുറിച്ചും നടന്‍ മനസ് തുറന്നു. '2015 ലാണ് ആ അപകടം ഉണ്ടാവുന്നത്. അതിന്റെ ഭീകരത ഞാനറിയുന്നത് അതില്‍ നിന്ന് പുറത്തു വന്നപ്പോഴാണ്. അതോടെ തീര്‍ന്നു പോയിരുന്നെങ്കില്‍ ഇതൊന്നും ചിന്തിക്കാന്‍ നമ്മള്‍ ഉണ്ടാവുമായിരുന്നില്ല. ജീവിതത്തിന്റെ വില നമ്മളെ ബോധ്യപ്പെടുത്തുന്നത് ഇത്തരം വീഴ്ചകളാണ്.
അപകടത്തിന് ശേഷം അബോധാവസ്ഥയിലായത് കൊണ്ട് വേദന ഉള്‍പ്പെടെ ഒന്നും ഞാനറിഞ്ഞില്ല. എന്തോ സംഭവിച്ചുവെന്ന് മാത്രം ഓര്‍മയുണ്ട്. വണ്ടിയിടിച്ചുവെന്ന് വ്യക്തമായി അറിയാം. പിന്നെ ഫുളളി കംഫര്‍ട്ടബിളായിരുന്നു. കാരണം ഫ്രാക്ഷന്‍ ഓഫ് സെക്കന്‍ഡ്സിനുളളില്‍ അബോധാവസ്ഥയിലേക്ക് പോവുകയായിരുന്നു. പിന്നീട് ബോധം തിരികെ വന്ന് പുറത്തുളളവരുമായി ആശയവിനിമയം ചെയ്യുമ്പോഴാണ് സംഭവിച്ച കാര്യങ്ങളുടെ വലിപ്പം ഞാന്‍ മനസിലാക്കുന്നത്.
അന്ന് എനിക്കു വേണ്ടി പ്രാര്‍ഥിച്ച സകലരെയും ഇന്നും നന്ദിയോടെയേ ഓര്‍ക്കാനേ കഴിയു. പിന്നെ ആ അപകടത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ മനസില്‍ വരുന്ന ഒരു വാക്കുണ്ട്. താങ്ക് ഗോഡ്... സിദ്ധാര്‍ഥ് പറയുന്നു.


Click it and Unblock the Notifications











