ഇത് കാണുന്ന വീട്ടുകാരുടെ അവസ്ഥ, ഇങ്ങനെ ഉപദ്രവിക്കണോ? സിദ്ധാർത്ഥിനെ പിന്തുണച്ച് സോഷ്യൽ മീഡിയ
നടൻ സിദ്ധാർത്ഥ് പ്രഭുവിന്റെ കാറിടിച്ച് ഒരാൾക്ക് പരിക്ക് പറ്റിയ സംഭവത്തിൽ പ്രതികരിച്ച് നടൻ ജിഷിൻ മോഹൻ. സിദ്ധാർത്ഥിനെ നാട്ടുകാർ ആക്രമിച്ചത് ശരിയായില്ലെന്ന് ജിഷിൻ മോഹൻ പറയുന്നു. നിയമം കയ്യിലെടുക്കുകയാണ് ചുറ്റും കൂടിയവർ ചെയ്തതെന്നും സിദ്ധാർത്ഥിനെ ചവിട്ടിക്കൂട്ടിയെന്നും ജിഷിൻ മോഹൻ തുറന്നടിച്ചു. സിദ്ധാർത്ഥിനെ ആളുകൾ കെട്ടിയിടാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് ജിഷിന്റെ പ്രതികരണം.
സഹപ്രവർത്തകനായ സിദ്ധാർത്ഥ് മദ്യപിച്ച് വണ്ടിയോടിച്ച് ഒരാളെ തട്ടി. അതിനെ ഞാൻ ലഘൂകരിക്കുന്നില്ല. ഇവിടെ നാട്ടുകാർ ചെയ്ത പ്രവൃത്തിയാണ് എനിക്ക് ഭീകരമായി തോന്നുന്നത്. ഒരാളെ വണ്ടി തട്ടിയാൽ അയാളെ പിടിച്ച് പൊലീസിൽ ഏൽപ്പിക്കുക. ഇവന്റെ കഴുത്ത് പിടിച്ച് ഞെരിച്ച് റോഡിലിട്ട് ചവിട്ടുന്നു. ഇതാണോ പ്രബുദ്ധമായ കേരളം. പണ്ട് മധുവിനെ തല്ലിക്കൊന്ന് എന്ന് പറഞ്ഞ് കുറേപ്പേർ പരിതപിച്ചിരുന്നു. ഇപ്പോൾ ആർക്കും പരിതാപമില്ലേ. അവനൊരു ആർട്ടിസ്റ്റാണ്. അവനൊരു സെലിബ്രിറ്റിയാണ്. അപ്പോൾ ചവിട്ടിത്താഴ്ത്തണം. അവനങ്ങനെ ചെയ്തത് കൊണ്ടല്ലേ എന്ന് കുറേപ്പേർ പറയുമായിരിക്കും.

ഇവിടെ പൊലീസും കേസും കോടതിയുമൊന്നുമില്ലേ. ലോകത്തിലാദ്യമായി മദ്യപിച്ച് വണ്ടിയോടിച്ച ആളൊന്നുമല്ല സിദ്ധാർത്ഥ്. ക്രിസ്മസ്, ന്യൂ ഇയർ സമയത്ത് മിക്കവാറും എല്ലാവരും മദ്യപിച്ചായിരിക്കും വണ്ടിയോടിക്കുന്നത്. അത് നല്ലതെന്നല്ല ഞാൻ പറയുന്നത്. പക്ഷെ പ്രതികരിക്കേണ്ടത് ഇങ്ങനെയല്ല. ഒരാളെ ചവിട്ടിക്കൂട്ടിയല്ല പ്രതികരിക്കേണ്ടത്. നാണമില്ലേ കേരളത്തിലെ ജനങ്ങളേ. ഇതിനൊന്നും പ്രതികരിക്കാൻ ആളില്ല. കാരണം അവൻ ആർട്ടിസ്റ്റാണ്. ലജ്ജ തോന്നുന്നു എന്നാണ് ജിഷിൻ മോഹൻ പറഞ്ഞത്. പുറത്ത് വന്ന വീഡിയോയിൽ ഒരാൾ സിദ്ധാർത്ഥിന്റെ കഴുത്തിൽ പിടിച്ച് മുറുക്കുന്നത് കാണാം. വീഡിയോ ആര് കണ്ടാലും പ്രശ്നമില്ലെന്ന് ഇയാൾ പറയുന്നുമുണ്ട്.
പലരും വിഷയത്തിൽ സമാന അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സിദ്ധാർത്ഥിനെ ജനം ആക്രമിച്ചത് ശരിയായില്ലെന്ന് കമന്റുകൾ വരുന്നുണ്ട്. അവനെ അങ്ങനെ തല്ലണ്ടായിരുന്നു പാവം, കഴുത്തിൽ മുറുകെ പിടിച്ചവൻ എന്തായാലും കുറേനാൾ അകത്ത് കിടക്കും, ഇതു കാണുന്ന വീട്ടുകാരുടെ അവസ്ഥ. ചെറിയ ചെക്കൻ ആണ്. അവനെ ഇങ്ങനെ ദ്രോഹിക്കണോ. ഒറ്റപ്പെട്ടു പോയി, അവൻ കുടിച്ചു ബോധമില്ലാതെ അല്ലെ, നിങ്ങൾ ബോധമുള്ളവർ ഇങ്ങനെ ചെയ്യണോ,
കേരളത്തിൽ മാധ്യമ വിചാരണ കൂടുന്നു, നിയമത്തെയും, പോലീസ്നെയും നോക്കുകുത്തി ആക്കി ജനം നിയമം കയിലെടുക്കുന്നു. സിദ്ധാർഥ് മദ്യപിച്ച് വണ്ടി ഓടിച്ച കേരളത്തിലെ ആദ്യത്തെ പുരുഷൻ ആണോ?അയാൾ അവിടെ ഉണ്ടല്ലോ? ഇടിച്ചിട്ടിട്ട് ഇറങ്ങി ഓടിയില്ലല്ലോ? അപ്പോ അവന്റെ വീഡിയോസ് എടുത്ത് പ്രചരിപ്പിച്ചവർക്കെതിരെയും, ആ കഴുത്തിൽ കയറിട്ട് മുറുക്കിയവനെതിരെയും കേസ് എടുക്കേണ്ടതാണ് എന്നിങ്ങനെ നിരവധി കമന്റുകൾ വരുന്നുണ്ട്.
കോട്ടയം എംസി റോഡിൽ വെച്ച് ബുധനാഴ്ച രാത്രി8.30 ഓടോയൊണ് സംഭവം. അപകടം കണ്ട് ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ സിദ്ധാർത്ഥ് ദേഷ്യപ്പെട്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഫ്ലവേഴ്സ് ടിവിയിലെ ഉപ്പും മുളകും എന്ന സിറ്റ്കോമിലാണ് സിദ്ധാർത്ഥ് ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications