'ആ പ്രവൃത്തി ചെയ്തിട്ടുള്ളത് ജയറാമിന് വേണ്ടി..., അസൂയ മാത്രമെയുണ്ടാകൂ, മോള് കാരണം കള്ളം പറയാൻ മടിയാണ്'
കഴിഞ്ഞ മുപ്പത്തഞ്ച് വർഷത്തിൽ ഏറെയായി മലയാള സിനിമയിൽ സജീവമായുള്ള നടനാണ് ഏവർക്കും പ്രിയപ്പെട്ട സിദ്ദിഖ്. മലയാള സിനിമയിൽ സ്വന്തമായൊരു മേൽവിലാസമുണ്ടാക്കിയ നടനുമാണ് താരം. സ്വഭാവ നടനായും വില്ലനായും ഹാസ്യ നടനായും അദ്ദേഹം മലയാള പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഏതോരു കഥാപാത്രവും അനായാസം അവതരിപ്പിക്കാൻ കഴിവുള്ള ചുരുക്കം ചില നടന്മാരുടെ പട്ടിക തയ്യാറാക്കിയാൽ അതിൽ സിദ്ദിഖ് മുന്നിലുണ്ടാകും.
തുടക്ക കാലങ്ങളിൽ ചെറിയ വേഷങ്ങളും പിന്നീട് ഹാസ്യ കഥാപാത്രങ്ങളും ചെയ്തുകൊണ്ടിരുന്ന സിദ്ദിഖ് ഒരിടവേളയ്ക്ക് ശേഷം വില്ലൻ വേഷങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്നു. 2000തിന്റെ തുടക്ക കാലത്ത് അദ്ദേഹം സ്വഭാവ നടനായും ഹാസ്യ നടനായും നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഈ കാലയളവിൽ കലാമൂല്യമുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അതൊക്കെ എത്രത്തോളം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്നത് സംശയമാണ്.

അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിൽ വെച്ച് എന്നെ ഏറെ വിസ്മയിപിച്ചതും ചിരിപ്പിച്ചതും ചോട്ടാ മുംബൈയിലെ ചന്ദ്രപ്പൻ എന്ന കഥാപാത്രമാണ്. സിദ്ദിഖിനെ കൊണ്ട് അങ്ങനെയൊരു കഥാപാത്രം ചെയ്യാൻ കഴിയുമെന്ന് അന്ന് വരെ ആരും കരുതിയിട്ടുണ്ടാവില്ല. അതുപോലെ തന്നെ മലയാളികൾക്ക് മറക്കാൻ കഴിയാത്തൊരു കഥാപാത്രമാണ് സിദ്ദിഖ് ദൃശ്യത്തിൽ അവതരിപ്പിച്ച ഡോ.പ്രഭാകർ.
ചെയ്യുന്ന വേഷം എത്ര ചെറുതായാൽ പോലും സിദ്ദിഖ് എന്ന നടൻ അത് അവിസ്മരണീയമാക്കുന്നതാണ് പതിവ്. അതുകൊണ്ട് ഇന്ന് മലയാളത്തിൽ ഏറ്റവും തിരക്കുള്ള സ്വഭാവ നടനും സിദ്ദിഖ് തന്നെയാണെന്ന് പറയേണ്ടി വരും. നേരിന്റെ വിജയത്തിനുശേഷം ഖൽബാണ് റിലീസിന് തയ്യാറെടുക്കുന്ന സിദ്ദിഖ് സിനിമ.
പ്രണയം വിഷയമായ സിനിമയിൽ അച്ഛൻ കഥാപാത്രമാണ് സിദ്ദിഖിന്. ഇപ്പോഴിതാ ഖൽബിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് വീണ മുകുന്ദന് നൽകിയ അഭിമുഖത്തിൽ പ്രണയത്തെ കുറിച്ച് സിദ്ദിഖ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. 'പ്രേമിക്കാൻ പോയാലുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് എനിക്ക് വലിയ അറിവില്ല കാരണം ഞാൻ അങ്ങനെ പോയിട്ടില്ല. അതുപോലെ സീരിയസായിട്ടുള്ള പ്രണയത്തിൽ ഞാൻ പെട്ടിട്ടില്ല.'
'മാത്രമല്ല സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുള്ള കഥപാത്രങ്ങളും പ്രണയിക്കുന്ന കഥാപാത്രങ്ങളല്ല. ഒരുതരം പൂവാലൻ റോളുകളൊക്കയെ ഞാൻ ചെയ്തിട്ടുള്ളു. പിന്നെ പ്രണയിക്കാൻ പോയാലുണ്ടാകുന്ന ഒരു പ്രശ്നം എനിക്ക് തോന്നിയിട്ടുള്ളത് അസൂയയാണ്. മറ്റുള്ളവർക്കെല്ലാം ആ ജോഡിയോട് അസൂയയായിരിക്കും.'

'ആ പ്രണയം പുറത്തുനിന്ന് കാണുന്നവർക്കെല്ലാം അസൂയയായിരിക്കും. ഇവൾക്ക് ഇവനെ മാത്രമെ കിട്ടിയുള്ളൂ... ഇവന് ഇവളെ മാത്രമെ കിട്ടിയുള്ളൂ എന്നൊക്കെയായിരിക്കും ആളുകൾ തമ്മിലുള്ള ചർച്ച. ഞാൻ ഹംസമായി പ്രവർത്തിച്ചിട്ടുള്ളത് ജയറാമിന് വേണ്ടി മാത്രമാണ്. ജയറാമിന് വേണ്ടി കുറേക്കാലം ഹംസമായിരുന്നു. കാരണം രണ്ടുപേരെയും എനിക്ക് അറിയാം. ജയറാമിനെ പരിചയപ്പെടും മുമ്പ് തന്നെ ഞാൻ പാർവതിയെ പരിചയപ്പെട്ടിട്ടുണ്ട്.'
'പിന്നെ രണ്ടുപേരും വളരെ അടുത്ത സുഹൃത്തുക്കളുമായിരുന്നു', എന്നാണ് സിദ്ദിഖ് പറഞ്ഞത്. പിന്നീട് മക്കളെ കുറിച്ചാണ് സിദ്ദിഖ് സംസാരിച്ചത്. തന്നെ നിയന്ത്രിക്കാറുള്ളത് മകൾ മാത്രമാണെന്നാണ് സിദ്ദിഖ് പറയുന്നത്. 'ആൺ മക്കൾ എന്നെ അങ്ങനെ നിയന്ത്രിക്കാറില്ല. പക്ഷെ മകൾ എന്നോട് ചിലത് ചെയ്യണം ചെയ്യണ്ട എന്നൊക്കെ പറയാറുണ്ട്.'
'ചിലർ വിളിക്കുമ്പോൾ നോ പറയാനുള്ള മടികൊണ്ട് ഞാൻ കള്ളം പറഞ്ഞ് ഒഴിവാക്കാറുണ്ട്. അത് കാണുമ്പോൾ മകൾ വിലക്കും. സത്യം പറഞ്ഞാൽ പോരെ കള്ളം പറയുന്നത് എന്തിനാണെന്ന് ചോദിക്കും. ബാപ്പ കള്ളം പറഞ്ഞാൽ ഭാവിയിൽ ഞങ്ങളും ഇങ്ങനെ കള്ളം പറഞ്ഞ് തുടങ്ങും എന്നൊക്കെ മകൾ പറയാറുണ്ട്. അതുകൊണ്ട് തന്നെ കള്ളം പറയാൻ മടിയാണ് ഇപ്പോഴെന്നും', സിദ്ദിഖ് പറയുന്നു.


Click it and Unblock the Notifications











