വീണ്ടും അവിടെ പോകണമെന്ന് മഞ്ജു വാര്യര്‍ക്ക് ആഗ്രഹമുണ്ടായി! 26 വര്‍ഷം പിറകോട്ട് സഞ്ചരിക്കാനായിട്ടുണ്ടാവും
മഞ്ജു വാര്യരുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു കന്മദത്തിലെ ഭാനു. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍ തകര്‍ത്ത് അഭിനയിച്ച സിനിമ വലിയ വിജയവുമായിരുന്നു. പിന്നീട് ഇങ്ങോട്ടുള്ള കരിയര്‍ ഗ്രാഫില്‍ മഞ്ജുവിന് വളര്‍ച്ചയെ ഒരുക്കി കൊടുത്തതും ഈ കഥാപാത്രമായിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം കന്മദത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് മഞ്ജുവിപ്പോള്‍. ആ സിനിമ ഷൂട്ട് ചെയ്ത ലൊക്കേഷനിലേക്ക് വീണ്ടും പോയ നടിയുടെ ചിത്രങ്ങള്‍ പ്രചരിക്കുകയാണിപ്പോള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ സിദ്ധു പനക്കല്‍ ആണ് മഞ്ജു വാര്യര്‍ക്കൊപ്പം ഉള്ള ചിത്രങ്ങളുമായി എത്തിയത്.

കന്മദത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്ന സിദ്ധു അടുത്തിടെ ഈ ലൊക്കേഷനിലേക്ക് പോയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ട കാഴ്ചകള്‍ വീണ്ടും അവിടെ കണ്ടതിനെ പറ്റി അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ തനിക്കും അവിടെ പോകണമെന്ന് ആവശ്യവുമായി മഞ്ജു വരികയായിരുന്നു എന്നാണ് സിദ്ധു വ്യക്തമാക്കുന്നത്.
'പാലക്കാട് 'എമ്പുരാന്‍' സിനിമയുടെ ഷൂട്ടിഗിന് വന്ന ഞാന്‍ ആറു ദിവസം മുന്‍പ് കന്മദം ഷൂട്ട് ചെയ്ത കവ എന്ന ലൊക്കേഷനില്‍ പോയ അനുഭവം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. എന്റെ എഫ് ബി പോസ്റ്റ് മഞ്ജു കണ്ടിട്ടുണ്ടായിരുന്നില്ല. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ദിനേഷ് മേനോന്‍ അത് മഞ്ജുവിന് അയച്ചു കൊടുത്തു. മഞ്ജു അത് എനിക്ക് അയച്ചു തന്ന് ആ ലൊക്കേഷന്‍ വീണ്ടും കാണണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചു.
മഞ്ജു ആദ്യം നായികയായി അഭിനയിച്ച സല്ലാപം എന്ന പടത്തിന്റെ കണ്‍ട്രോളര്‍ ഞാനായിരുന്നു. അന്നു മുതല്‍ ഇന്നുവരെ മുറിഞ്ഞു പോകാത്ത ബന്ധമാണ് മഞ്ജുവും കുടുംബവുമായി. ഇന്ന് ഷൂട്ടിങ്ങിന് വരുന്ന വഴിക്ക് ഞാനും മഞ്ജുവും കൂടി ആ ലൊക്കേഷനില്‍ പോയി.
തന്റെ കരിയറിലെ ഒന്നാംന്തരം വേഷങ്ങളില്‍ ഒന്നായ കന്മദത്തിലെ ഭാനുവിനെയും ലോഹി സാറിനെയും ലാലേട്ടനെയും കന്മദത്തിന്റെ നിര്‍മ്മാതാവ് സുചിത്രചേച്ചിയെ പറ്റിയൊക്കെ ഓര്‍ക്കാനും ആ ഓര്‍മ്മകളില്‍ 26 വര്‍ഷം പിറകോട്ട് സഞ്ചരിക്കാനുമൊക്കെ മഞ്ജുവിന് കഴിഞ്ഞിരിക്കും. ആ ലൊക്കേഷനിലെ കുറച്ച് നിമിഷങ്ങളാണ് ഈ ഫോട്ടോകളില്‍...' എന്നും പറഞ്ഞാണ് മഞ്ജു വാര്യര്‍ക്കൊപ്പമുള്ള ഫോട്ടോ സിദ്ധു പനയ്ക്ക്ല്‍ പങ്കുവെച്ചത്.
സിദ്ധു ആദ്യം പങ്കുവെച്ച കുറിപ്പിങ്ങനെയാണ്...
ഭാനു: പോവുകയാണെന്ന് അറിഞ്ഞു, വിശ്വനാഥന്‍: അതെ വന്ന കാര്യങ്ങളൊക്കെ കഴിഞ്ഞു. ഇനി എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ അറിയിക്കാം ഞാന്‍ വരും. വീട്ടിലെ അഡ്രസ്സ് അവിടെ ചെന്നിട്ട് ഞാന്‍ അറിയിക്കാം.
ഭാനു : അതിന്റെ ആവശ്യമില്ല ഇനി ഞങ്ങള്‍ക്ക് വേണ്ടി ബുദ്ധിമുട്ടണ്ട. ഇപ്പോള്‍ തന്നെ നിങ്ങടെ പേരില് ഞങ്ങള്‍ വേണ്ടാത്തതൊക്കെ കേള്‍ക്കുന്നുണ്ട് ദയവുചെയ്ത് ഇനി ഇങ്ങോട്ട് വരരുത്. ഞങ്ങള്‍ എങ്ങനെയെങ്കിലും ജീവിച്ചു പൊയ്‌ക്കോട്ടെ. പിന്നെ എന്റെ ഏട്ടന്റെ പാസ്‌പോര്‍ട്ടും സാധനങ്ങളും എനിക്ക് വേണം ഇനി അതല്ലേ ബാക്കിയുള്ളൂ.
വിശ്വ : ഞാനിപ്പോ എടുത്തു തരാം.
ഭാനു : ഇപ്പോ വേണ്ട ഇപ്പോള്‍ അതു കണ്ടാല്‍ ഞാന്‍ പൊട്ടിപ്പോകും. ഞാന്‍ ആരെയും അറിയിച്ചിട്ടില്ല.
വിശ്വ : പോണേനു മുമ്പ് ഞാന്‍ പറയാം മുത്തച്ഛനോട്.
ഭാനു : വേണ്ട ഏട്ടന്‍ വരുമെന്നും ഒരു നല്ല കാലം ഉണ്ടാകുമെന്നും വിചാരിച്ചിരിക്കുന്നവരാ എല്ലാവരും, അത് അങ്ങനെ തന്നെ ഇരുന്നോട്ടെ.
വിശ്വ : ഭാനു മാത്രം എല്ലാം മനസ്സില്‍ അടക്കി പിടിച്ചു ജീവിക്കണ്ടേ.
ഭാനു : അത് സാരമില്ല അങ്ങനെ ജീവിച്ചു ജീവിച്ച് അത് ശീലായി വേലുമാമന്റെ വീട്ടിലെ തെക്കേ മുറിയില് ഒരു ഓട്ടുകലവും ഉരുളിയും ഇരിക്കുന്നുണ്ട് അതിനുള്ളില്‍ പൊതിഞ്ഞു വെച്ചാല്‍ മതി കുറച്ചു ദിവസം കഴിഞ്ഞിട്ട് മനസൊന്നു തണുക്കുമ്പോള്‍ ഞാന്‍ എടുത്തോണ്ട് വന്നോളാം.
വിശ്വ : പോകുമ്പോള്‍ യാത്ര പറയാന്‍ എനിക്കവിടെ വരെയൊന്ന് വരാലോ ല്ലേ.
ഭാനു : മുത്തശ്ശിയോടും രാജിയോടുമൊക്കെ വരില്ല എന്ന് പറയേണ്ട നിങ്ങള്‍ പോണത് അവര്‍ക്കൊക്കെ വലിയ സങ്കടാണ് വെറുതെ വിചാരിച്ചോട്ടെ ഇനിയും വരുമെന്ന്.

കന്മദം എന്ന സിനിമയിലെ ഈ സീന്‍ ചിത്രീകരിക്കാന്‍ ലോഹി സര്‍ തിരഞ്ഞെടുത്തത് കവയിലെ മഞ്ജുവിന്റെ വീടായി ഷൂട്ട് ചെയ്ത വീടിന്റെ തൊട്ടടുത്ത് ചെറിയൊരു തോടുണ്ട്. ആ തോടിനു കുറുകെ ചാഞ്ഞു കിടക്കുന്ന ഒരു തെങ്ങും. 26 വര്‍ഷത്തിനുശേഷം ഞാന്‍ അവിടെ വീണ്ടും പോയി ഇന്നലെ. കന്മദത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്നു ഞാന്‍.
മഞ്ജുവിന്റെ വീടായി ഷൂട്ട് ചെയ്ത വീടും, മാള ചേട്ടന്റെ വീടായി ഷൂട്ട് ചെയ്ത വീടും അവിടെയില്ല. മഞ്ജുവിന്റെ വീട്ടില്‍ നിന്ന് നോക്കിയാല്‍ കാണുന്ന ലാലേട്ടന്‍ നില്‍ക്കുന്ന ചെറിയ കുന്ന് ഇപ്പോള്‍ മഞ്ജുവിന്റെ വീട് നിന്നിരുന്ന സ്ഥലത്തു നോക്കിയാല്‍ കാണാനില്ല. കവുങ്ങും തെങ്ങും വളര്‍ന്ന് കാഴ്ച മറിച്ചിരിക്കുന്നു.
പക്ഷേ ഒന്ന് അവിടെ ബാക്കിയുണ്ട്. ഈ സീന്‍ എടുത്ത ആ തെങ്ങും ചെറിയ തോടും. അന്ന് അത് ജീവനുള്ള തെങ്ങായിരുന്നു. ഇന്നത് തല തെറിച്ച് ജീവനില്ലാതെ നില്‍ക്കുന്നു. ഭാനുവിന്റെയും വിശ്വനാഥന്റെയും കരസ്പര്‍ശമേറ്റ ആ തെങ്ങ്, ലോഹി സാറിന്റെ സ്റ്റാര്‍ട്ടും കട്ടും കേട്ട ആ തെങ്ങ്. ആ തെങ്ങിന്റെ ജീവനറ്റ് പോയിരിക്കുന്നു. ലോഹി സാറിനെപ്പോലെ, മാള ചേട്ടനെ പോലെ, രാമചന്ദ്ര ബാബുവേട്ടനെ പോലെ, രവീന്ദ്രന്‍ മാഷിനെ പോലെ, ഉഷാറാണി ചേച്ചിയെ പോലെ ഭാനുവിന്റെ മുത്തശ്ശിയെപ്പോലെ മുത്തച്ഛനെ പോലെ.....


Click it and Unblock the Notifications